ദുബായ് ഓയാസിസ് ലയൺസ് ക്ലബ്ബിന് പുതിയ നേതൃത്വം

ദുബായ് ഓയാസിസ് ലയൺസ് ക്ലബ്ബിന് പുതിയ നേതൃത്വം

ദുബായ്: ദുബായ് ഒയാസിസ് ലയൺസ് ക്ലബ്ബിന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ദുബായ് J5 ഹോട്ടലിൽ നടന്നു. ലോകമെമ്പാടുമുള്ള ലയൺസ് ക്ലബ്ബുകൾ ജൂലൈ മാസത്തിൽ പുതിയ നേതൃത്വത്തിലേക്ക് മാറുന്ന ആഗോള പാരമ്പര്യത്തിന്റെ ഭാഗമായാണ് ദുബായ് ഒയാസിസ് ലയൺസ് ക്ലബ്ബിലും സ്ഥാനമാറ്റം നടന്നത്.

ചടങ്ങിൽ പ്രസിഡന്റായി സിജു ജോസഫും സെക്രട്ടറിയായി രഞ്ജിത്ത് ശശിധരനും ട്രഷററായി ബേബി വർഗീസും സ്ഥാനമേറ്റെടുത്തു. ഇവർക്കൊപ്പം പുതുതായി നിയമിതരായ ഡയറക്ടർ ബോർഡ് അംഗങ്ങളും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സോൺ ചെയർപേഴ്സൺ ടി.എൻ. കൃഷ്ണകുമാർ ചടങ്ങിന് നേതൃത്വം നൽകി. യുഎഇ ലയൺസ് നേതൃസ്ഥാനീയർ, വിവിധ ലയൺസ് ക്ലബ്ബുകളുടെ ഭാരവാഹികൾ, ക്ലബ് അംഗങ്ങൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സേവന പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ ആഗോള സേവന മേഖലകളായ പ്രമേഹരോഗ നിവാരണം, പരിസ്ഥിതി സംരക്ഷണം, കാഴ്ച സംരക്ഷണം, വിശപ്പ് നിവാരണം, ബാല്യകാല കാൻസർ പ്രതിരോധം തുടങ്ങിയവയ്ക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

യുഎഇ കുടുംബ വർഷം ആചരിക്കുന്ന ഈ വേളയിൽ സാമൂഹ്യ സേവനങ്ങളിൽ കുടുംബാംഗങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും, യുവതലമുറയിൽ കരുണ, ഉത്തരവാദിത്വം, സേവന മനോഭാവം എന്നീ മൂല്യങ്ങൾ വളർത്തി അവരുടെ വ്യക്തിത്വ വികസനത്തിനും നേതൃത്വ ശേഷിക്കും അവസരങ്ങൾ ഒരുക്കുന്നതിനും മുൻതൂക്കം നൽകുമെന്ന് അവർ അറിയിച്ചു.

സ്ഥാനമൊഴിഞ്ഞ മുൻ ഭാരവാഹികളായ വിജയ് മാധവൻ, ശ്രീനാഥ് കടഞ്ചേരി, ബേബി വർഗീസ്, മുൻ പ്രസിഡന്റുമാരായ സന്തോഷ് കേട്ടേത്ത്, ഗിരീഷ് വാരിയർ, രഞ്ജിത് ശശിധരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിനോദ് നായർ, അഖിലേഷ് സത്യവാൻ, അനിത സന്തോഷ്, ദിനേഷ് നായർ, ആനന്ദ് വാര്യർ, ഡോ. ടൈറ്റസ്, സുബാസിസ് കർമാകാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.