വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ ദശാബ്ദങ്ങൾ പഴക്കമുള്ള പാരമ്പര്യം പുനസ്ഥാപിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. അപ്പസ്തോലിക് കൊട്ടാരത്തിലെ ഔദ്യോഗിക പേപ്പൽ അപ്പാർട്ട്മെന്റിലേക്ക് പാപ്പ താമസം മാറിയതായി മാർച്ച് 14 ന് ഹോളി സീ പ്രസ് ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് പത്ത് മാസത്തോളം ഹോളി ഓഫീസ് കൊട്ടാരത്തിലെ താൽക്കാലിക അപ്പാർട്ട്മെന്റിലായിരുന്നു പാപ്പ താമസിച്ചിരുന്നത്.
മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ തന്റെ ഭരണകാലയളവിൽ കാസ സാന്താ മാർട്ടയിലായിരുന്നു താമസം ഉറപ്പിച്ചിരുന്നത്. എന്നാൽ ഈ പതിവ് തിരുത്തി മുൻഗാമികൾ താമസിച്ചിരുന്ന പരമ്പരാഗത വസതിയിലേക്ക് മാറാനാണ് ലിയോ പതിനാലാമൻ തീരുമാനിച്ചത്. 2013 ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനമൊഴിഞ്ഞ ശേഷം ദീർഘകാലം ആൾ താമസമില്ലാതെ കിടന്നിരുന്ന ഈ വസതി വിപുലമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ശേഷമാണ് സജ്ജമാക്കിയത്.
അപ്പസ്തോലിക് കൊട്ടാരത്തിനൊപ്പം കാസിൽ ഗാൻഡോൾഫോയിലെ വേനൽക്കാല വസതിയിൽ താമസിക്കുന്ന പാരമ്പര്യവും പാപ്പ പുനരാരംഭിച്ചു. ആഞ്ചലൂസ് പ്രാർഥനയ്ക്കായി മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന ജനാലയോട് കൂടിയ പഠനമുറി, സ്വകാര്യ ചാപ്പൽ, ഡൈനിംഗ് റൂം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഈ വസതി. ലിയോ പതിനാലാമൻ മാർപാപ്പയ്ക്കൊപ്പം സെക്രട്ടറിമാരായ മോൺസിഞ്ഞോർ എഡ്ഗാർഡ് ഇവാൻ റിമായികുന ഇംഗ, ഫാ. മാർക്കോ ബില്ലേരി എന്നിവരും അപ്പസ്തോലിക് കൊട്ടാരത്തിൽ താമസിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.