ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ പരമ്പരയായി ഭീഷണി മുഴക്കിയ ക്വീൻസ്‌ലാൻഡ് സ്വദേശി പിടിയിലായി. ലോങ്‌റീച്ചിലെ ഇയാളുടെ വസതിയിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് നടത്തിയ മിന്നൽ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നിയമവിരുദ്ധമായി സൂക്ഷിച്ച കത്തികളും മാരകായുധങ്ങളും ഇയാളുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷം മുതൽ ടെലിഗ്രാം ഗ്രൂപ്പുകളിൽ ജൂത വിരുദ്ധ പരാമർശങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ് എഎഫ്‌പി രഹസ്യ അന്വേഷണം ആരംഭിച്ചത്. വിദ്വേഷം പടർത്തുന്നതിനൊപ്പം അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഇയാൾ പങ്കുവെച്ചിരുന്നു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ പിന്തുടർന്ന പൊലീസ് സംഘം കൃത്യമായ പ്ലാനിങിലൂടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ പോലീസ് സംഘം അമ്പരന്നു. നിരവധി കത്തികളും ബാറ്റണുകളും പിടിച്ചെടുത്തു. ഭീഷണി മുഴക്കാൻ ഉപയോഗിച്ച ഫോണുകളും ലാപ്ടോപ്പുകളും പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. യഹൂദ സമൂഹത്തെ വ്യക്തിപരമായും സാമൂഹികമായും അധിക്ഷേപിക്കുന്ന നിരവധി രേഖകളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി.
"അഭിപ്രായ സ്വാതന്ത്ര്യത്തെ ഞങ്ങൾ മാനിക്കുന്നു, എന്നാൽ അത് മറ്റൊരാളുടെ ജീവന് ഭീഷണിയാകരുത്. ജൂത സമൂഹത്തിനെതിരെയോ മറ്റേതെങ്കിലും വിഭാഗത്തിനെതിരെയോ ഉള്ള ഒരു വിദ്വേഷ നീക്കവും ഓസ്‌ട്രേലിയൻ മണ്ണിൽ അനുവദിക്കില്ല."ഡിറ്റക്ടീവ് സൂപ്രണ്ട് ബിൽ ഫ്രീമാൻ പറഞ്ഞു.
ഫോൺ വഴി ഭീഷണിപ്പെടുത്തിയതിനും ആയുധങ്ങൾ നിയമ വിരുദ്ധമായി കൈവശം വെച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾക്ക് ഏതെങ്കിലും വിദേശ സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.