ഉഗാണ്ടയിൽ നിന്നുള്ള രണ്ട് വയസുകരന് കോഴിക്കോട് മജ്ജമാറ്റിവയ്ക്കൽ

ഉഗാണ്ടയിൽ നിന്നുള്ള രണ്ട് വയസുകരന് കോഴിക്കോട് മജ്ജമാറ്റിവയ്ക്കൽ

കോഴിക്കോട് : ഉഗാണ്ടയിൽനിന്നുള്ള കുഞ്ഞിന് ആസ്റ്റർ മിംസിൽ മജ്ജമാറ്റിവെക്കൽ (ബോൺമാരോ ട്രാൻസ്പ്ലാന്റ്) നടത്തി. സിക്കിൾസെൽ അനീമിയ എന്ന രോഗമാണ്   രണ്ടുവയസ്സുള്ള ഫിലിപ്പിന് ബാധിച്ചിരുന്നത്. മാതാവ് റോസ് വട്ടാക്കായാക്കൊപ്പമാണ് ഫിലിപ്പ് ചികിത്സതേടി കോഴിക്കോട്ടെത്തിയത്.

തുടർച്ചയായ അണുബാധയും അസഹനീയമായ വേദനയും കൊണ്ട് ബുദ്ധിമുട്ടിയ ഫിലിപ്പിന് ബോൺമാരോ ട്രാൻസ്പ്ലാന്റ് മാത്രമേ പ്രതിവിധിയുണ്ടായിരുന്നുള്ളൂവെന്ന് ആസ്റ്റർ മിംസിലെ പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. കേശവൻ പറഞ്ഞു.  ജ്യേഷ്ഠസഹോദരൻ തോമസിൽ നിന്നുമാണ് ഫിലിപ്പ് മജ്ജ സ്വീകരിച്ചത്. ഹെമറ്റോപോയറ്റിക് സ്റ്റെംസെൽ ട്രാൻസ്പ്ലാന്റ് എന്നരീതിയാണ് ഫിലിപ്പിന് സ്വീകരിച്ചതെന്ന് ഡോക്ടർമാർ പത്രസമ്മേളനത്തിൽപറഞ്ഞു.

കീമോതെറാപ്പി നൽകുകയും പിന്നീട് ഫിലിപ്പിന്റെ ശരീരത്തിലെ മജ്ജ പൂർണമായും നീക്കുകയും ചെയ്തു. മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷം രക്തത്തിലെ കൗണ്ട് ഭേദപ്പെട്ടനിലയിലെത്തിയപ്പോഴാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്. ഇനി മറ്റു കുഞ്ഞുങ്ങളെപ്പോലെ സാധാരണജീവിതം നയിക്കാൻ ഫിലിപ്പിന് സാധിക്കുമെന്ന് ഡോ. കേശവൻ പറഞ്ഞു.

ഇരുപതിനായിരത്തോളം കുട്ടികൾ സിക്കിൾ സെൽ അനീമിയ രോഗബാധയുമായി ഓരോ വർഷവും ഉഗാണ്ടയിൽ ജനിക്കുന്നുണ്ടെന്നാണ് കണക്ക്.

കേരളത്തിൽ വയനാട്ടിലെ ആദിവാസികൾക്കിടയിലാണ് അരിവാൾരോഗം എന്നപേരിൽ ഈ രോഗം കൂടുതൽ കണ്ടുവരുന്നത്. ജനിതകഘടനയിലുണ്ടാവുന്ന തകരാറാണ് തലമുറകളിലൂടെ രോഗം പകരാനിടയാക്കുന്നത്. എല്ലാ രോഗികൾക്കും മജ്ജമാറ്റിവെക്കൽപോലുള്ള സങ്കീർണമായ ചികിത്സാരീതി ആവശ്യമില്ല. 12 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ചികിത്സയാണ് യുഗാൺഡയിലെ കുഞ്ഞിന് വേണ്ടിവന്നത്. കെ.വി. ഗംഗാധരൻ, ഡോ. ഇ.കെ. സുരേഷ്കുമാർ, ഡോ. സുദീപ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.