കൂളിമാട് പാലത്തിന്റെ ബീം തകര്‍ന്നതിന്റെ കാരണം തേടി പൊതുമരാമത്ത് വകുപ്പ്; വിജിലന്‍സ് വിഭാഗത്തിന്റെ പരിശോധന ഇന്ന്

കൂളിമാട് പാലത്തിന്റെ ബീം തകര്‍ന്നതിന്റെ കാരണം തേടി പൊതുമരാമത്ത് വകുപ്പ്; വിജിലന്‍സ് വിഭാഗത്തിന്റെ പരിശോധന ഇന്ന്

കോഴിക്കോട്: നിര്‍മാണ ഘട്ടത്തില്‍ ബീം തകര്‍ന്നുവീണ കോഴിക്കോട് മാവൂരിലെ കൂളിമാട് പാലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്ന് പരിശോധന നടത്തും. വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം. അന്‍സാറിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന. ബീമുകള്‍ തകര്‍ന്ന് വീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണം എന്നാണ് കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം. ഇക്കാര്യവും വിജിലന്‍സ് പരിശോധിക്കും. നിര്‍മാണത്തില്‍ അപാകതയുണ്ടോ എന്നും പാലത്തിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ ക്ഷമതയും പരിശോധിക്കും.

കേരള റോഡ് ഫണ്ട് ബോര്‍ഡും സംഭവം അന്വേഷിക്കുന്നുണ്ട്. ചാലിയാറിന് കുറുകെ നിര്‍മിക്കുന്ന കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ ബീമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് പുഴയില്‍ വീണത്. യന്ത്രസഹായത്തോടെ പാലത്തിന്റെ തൂണില്‍ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 2019 ലാണ് പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. പിന്നീട് പ്രളയം കാരണം നിര്‍മാണം തടസപ്പെട്ടു. എസ്റ്റിമേറ്റ് പുതുക്കി നല്‍കിയാണ് നിര്‍മാണം ആരംഭിച്ചത്.

അതേസമയം, പാലം തകര്‍ന്നത് സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. നിര്‍മാണത്തില്‍ അഴിമതി നടന്നെന്നും വീഴ്ച്ചയില്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും തുല്യപങ്കുണ്ടെന്നും മുസ്ലീം ലീഗ് നേതാവ് ഡോ. എം.കെ മുനീര്‍ ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.