ഭൂമിയില്‍ കല്ലിടാന്‍ നടന്നവര്‍ ആകാശത്തുകൂടി സര്‍വെ നടത്തിയാലും എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ്

ഭൂമിയില്‍ കല്ലിടാന്‍ നടന്നവര്‍ ആകാശത്തുകൂടി സര്‍വെ നടത്തിയാലും എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ജിപിഎസ് സര്‍വെയെയും യുഡിഎഫ് എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.

സർക്കാരിന്റെ ധാർഷ്ട്യത്തിന്റെ അടയാളമായി മഞ്ഞക്കുറ്റി മ്യൂസിയത്തിൽ സൂക്ഷിക്കണം. ഭൂമിയിൽ കല്ലിടാൻ നടന്നവർ ആകാശത്തിൽ കൂടി സർവെ നടത്താൻ പോവുകയാണെന്നു പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

കെ റെയിലിന് വേണ്ടി മഞ്ഞകല്ല് ഇടില്ലെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എന്നാൽ ഈ ഉത്തരവിന് വിരുധമായി വേണ്ടിടത്ത് കല്ലിടുമെന്നാണ് മന്ത്രിമാർ പറയുന്നത്. കല്ലിടേണ്ടതില്ലെന്നതാണ് യു.ഡി.എഫ് നിലപാട്. കൗശലപൂർവം ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ കല്ലിടുന്നത്. നിയമപരമായ വഴികളിലൂടെ അല്ലാതെ വളഞ്ഞ വഴികളിലൂടെ സ്ഥലം ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. കല്ലിടുന്ന ഭൂമിയിൽ സർക്കാർ പറഞ്ഞാലും ഒരു ബാങ്കും ലോൺ കൊടുക്കില്ല. അതോടെ സാധാരണക്കാരുടെ ജീവിതം ദുസഹമാകും.

അതുകൊണ്ടാണ് കല്ലിടരുതെന്ന് യു.ഡി.എഫ് പറഞ്ഞത്. എന്നാൽ എന്ത് എതിർപ്പുണ്ടായാലും കല്ലിടുമെന്ന ധിക്കാരം നിറഞ്ഞ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കല്ലിടുന്നതിന്റെ പേരിൽ എത്ര പേരെയാണ് പൊലീസ് തല്ലിച്ചതച്ചത്? വയോധികന്റെ നാഭിയിൽ ചവിട്ടുകയും സ്ത്രീയെ റോഡിൽ വലിച്ചിഴയ്ക്കുകയും ചെയ്തു. നിരപരാധികളെ ജയിലിൽ അടച്ചു. സമരക്കാർക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സതീശൻ വ്യക്തമാക്കി

കല്ലിടേണ്ടെന്ന സർക്കാർ തീരുമാനം കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഒന്നാം ഘട്ട വിജയമാണ്. ഈ പദ്ധതിയിൽ നിന്നും പിൻമാറുകയാണെന്ന് മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടി വരും. അന്ന് മാത്രമേ ഈ സമരം പൂർണ വിജയത്തിലെത്തൂ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭൂമിയിൽ ഇറങ്ങാൻ പറ്റാത്തത് കൊണ്ടാണ് ജിപിഎസ് സർവേ എന്ന് പറയുന്നത്. ഇതും യുഡിഎഫ് തടയുമെന്ന് വി.ഡി സതീശൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.