ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോ വാഹന വകുപ്പ്; നോട്ടീസ് ലഭിച്ചിട്ടും നടന്‍ ഹാജരായില്ല

ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോ വാഹന വകുപ്പ്; നോട്ടീസ് ലഭിച്ചിട്ടും നടന്‍ ഹാജരായില്ല

തൊടുപുഴ: തേയിലക്കാടുകള്‍ക്കിടിയിലൂടെ ഓഫ് റോഡ് റേസിങ്ങ് നടത്തിയ കേസില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ ശക്തമായ നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്. നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നാല്‍ പിന്നെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി ആര്‍ടിഒ ആര്‍. രമണന്‍ വ്യക്തമാക്കി.

വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആര്‍ടിഒ നടന്‍ ജോജു ജോര്‍ജിന് നോട്ടീസ് അയച്ചത്. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് ചൊവ്വാഴ്ച ആര്‍ടിഒ ഓഫീസില്‍ എത്തുമെന്ന് ഫോണില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ച ഹാജരായില്ല. എത്തുകയില്ലെന്ന കാര്യം അറിയിക്കാനും തയാറായില്ല.

ഒരാളുടെ ലൈസന്‍സ് റദ്ദാക്കും മുന്‍പ് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നാണ് നിയമം. പരിപാടി സംഘടിപ്പിച്ച നടന്‍ ബിനു പപ്പുവിനും ആര്‍ടിഒ നോട്ടീസ് നല്‍കിയിരുന്നു. ബിനു പപ്പുവും ഹാജരാകാത്തതിനെ തുടര്‍ന്നാണ് ആര്‍ടിഒ തുടര്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങുന്നത്.

ലൈസന്‍സ് ആറ് മാസം വരെ റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ല കലക്ടറും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വാഗമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് പേര്‍ സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.