കണ്ണൂര്‍: കൗതുകമായി ഒരു വീട്ടിലെ നാലുപേരുടെയും പിറന്നാള്‍ ദിനം ഒരേ ദിവസം. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പാടിയോട്ടുചാല്‍ അനീഷ് കുമാറിന്റെയും കുടുംബത്തിന്റെയും പിറന്നാള്‍ ദിന വിശേഷം നാട്ടില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. മെയ് 25 ആണ് ഈ കുടുംബത്തിലെ നാല് പേരുടെയും ജന്മദിനം.
ഇത് ഒരു കുടുംബത്തിലെ ഒന്നിലധികം പേരുടെ പിറന്നാള്‍ ദിനം എന്ന് കരുതിയെങ്കില്‍ തെറ്റി. അച്ഛന്റെയും അമ്മയുടെയും രണ്ട് മക്കളുടെയും പിറന്നാള്‍ ദിനമാണ് ഒരേ ദിവസം വരുന്നത് എന്ന അപൂര്‍വ സംഭവമാണ് ഇവര്‍ നാട്ടുകാര്‍ക്കിടയിലും ചര്‍ച്ചയാകാന്‍ കാരണം. 
പ്രവാസിയായിരുന്ന അനീഷ് കഴിഞ്ഞ കുറച്ചു വര്‍ഷമായി നാട്ടില്‍ ഫാം നടത്തുകയാണ്. ഭാര്യ അജിത പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്നു. ചെറുപുഴയാണ് അജിതയുടെ സ്വദേശം. തങ്ങളുടെ വിവാഹ സമയത്ത് തന്നെ ജന്മദിനത്തിലെ സാമ്യത ശ്രദ്ധിച്ചിരുന്നെന്ന് അനീഷ് കുമാര്‍ പറയുന്നു.
2012ലാണ് അനീഷ് കുമാര്‍-അജിത ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടി പിറക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ജന്മദിനം തന്നെയായിരുന്നു മകളുടേതെന്നത് കുടുംബത്തിന് ഇരട്ടി സന്തോഷമേകി. എന്നാല്‍ ഇതുകൊണ്ട് തീര്‍ന്നില്ല അനീഷിന്റെ കുടുംബത്തിലെ പിറന്നാള്‍ വിശേഷം. മകള്‍ ജനിച്ച് ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം 2019ല്‍ ഇവര്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നു. അതും വീട്ടിലെ മറ്റു മൂന്നുപേരെയും പോലെ മെയ് 25ന് തന്നെ. അങ്ങനെ മെയ് 25 ഒരു കുടുംബത്തിലെ നാല് പേരുടെയും ജന്മദിനമായി മാറി.
മൂന്നാം ക്ലാസുകാരിയായ ആരാധ്യ ഞെക്ലി എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മകന്‍ ആഗ്‌നേയ്ക്ക് ഇന്ന് മൂന്ന് വയസ് പൂര്‍ത്തിയായി. 1980 മെയ് 25നാണ് അനീഷ് കുമാര്‍ ജനിച്ചത്. അജിതയുടെ ജനനം 1987 മെയ് 25. മകള്‍ ആരാധ്യ പിറന്നത് 2012 മെയ് 25നും. ഇളയ മകന്‍ ആഗ്‌നേയിന്റെ ജനനം 2019 മെയ് 25.
ഒരു കുടുംബത്തിലെ നാല് പേരും ഒരു ദിവസം പിറന്നാള്‍ ആഘോഷിക്കുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ഇത്തരത്തില്‍ ഒരു സവിശേഷതയുള്ള മറ്റ് കുടുംബത്തെക്കുറിച്ച് തങ്ങള്‍ കേട്ടിട്ടില്ലെന്നാണ് അനീഷ് കുമാറിന്റെ കുടുംബത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നവരെല്ലാം പറയുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.