സത്യം വിളിച്ചു പറയുന്ന മാധ്യമങ്ങള്‍ക്ക് എന്നും പ്രസക്തിയുണ്ട്: മാര്‍ ജോര്‍ജ് ആലഞ്ചേരി; സീന്യൂസിന്റെ വളര്‍ച്ച സഭയുടെ സൗഭാഗ്യം: മാര്‍ ജോസഫ് പാംപ്ലാനി

സത്യം വിളിച്ചു പറയുന്ന മാധ്യമങ്ങള്‍ക്ക് എന്നും പ്രസക്തിയുണ്ട്: മാര്‍ ജോര്‍ജ് ആലഞ്ചേരി; സീന്യൂസിന്റെ വളര്‍ച്ച സഭയുടെ സൗഭാഗ്യം: മാര്‍ ജോസഫ് പാംപ്ലാനി

സീന്യൂസ് ലൈവ് വാര്‍ത്താ പോര്‍ട്ടലിന്റെ ഒന്നാം വാര്‍ഷികാഘോഷം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.

സീന്യൂസ് ലൈവ് വാര്‍ത്താ പോര്‍ട്ടലിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു.

കൊച്ചി: മതസൗഹാര്‍ദ്ദം തകര്‍ക്കപ്പെടുന്ന സംഭവങ്ങള്‍ സമൂഹത്തില്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ പേരുപോലെ തന്നെ ജീവനുള്ള പ്രസ്ഥാനമായ സീന്യൂസ് ലൈവ് സമൂഹത്തിന് വലിയ പ്രതീക്ഷ നല്‍കുന്നുവെന്ന് സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീന്യൂസ് ലൈവ് വാര്‍ത്താ പോര്‍ട്ടലിന്റെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യം അവഗണിക്കപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് സീന്യൂസിന്റെ കാലിക പ്രസക്തി ഏറെയാണ്. ഒട്ടേറെ വാര്‍ത്താ ചാനലുകളും ന്യൂസ് പോര്‍ട്ടലുകളും ഇന്ന് ധാരാളമുണ്ട്. ഇത് പ്രോത്സാഹിക്കപ്പെടേണ്ടതാണെങ്കിലും നിക്ഷിപ്ത താല്‍പര്യത്തോടെയുള്ള ചുരുക്കം ചില മാധ്യമങ്ങളുടെ പ്രവര്‍ത്തികള്‍ സമൂഹത്തിന്റെ സന്തുലിതാവസ്ഥ തകര്‍പ്പെടുന്ന സാഹചര്യങ്ങളിലേക്ക് തള്ളി വിടുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.

നിഷിപ്ത താല്‍പര്യത്തോടെയുള്ള വാര്‍ത്തകള്‍ സമൂഹത്തെ വേര്‍തിരിക്കുകയും കൂട്ടായ്മയെ ശിഥിലമാക്കുകയും അതുവഴി സംഘര്‍ഷ സാഹചര്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ മനുഷ്യന്റെ നന്മ കാണുന്ന, സത്യം വിളിച്ചു പറയുന്ന മാധ്യമങ്ങള്‍ക്ക് എന്നും പ്രസക്തിയുണ്ട്. അതുകൊണ്ടു തന്നെ സത്യത്തിന് സാക്ഷ്യം വഹിക്കുന്ന സീന്യൂസിന്റെ സാന്നിധ്യം സമൂഹം തിരിച്ചറിയുന്നു.

മാനവീകതയ്ക്ക് വില നല്‍കുന്ന മാധ്യമം എന്ന നിലയില്‍ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് 10 വര്‍ഷത്തെ നേട്ടം ഒരു വര്‍ഷം കൊണ്ടു നേടാന്‍ സീന്യൂസിനെ സഹായിച്ചത്. മതസൗഹാര്‍ദ്ദം നിലനില്‍ക്കാനും മാനവീകത സംരക്ഷിക്കപ്പെടാനും സത്യത്തിനുവേണ്ടി സീന്യൂസ് സധൈര്യം മുന്നോട്ട് പോകണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു.

സീന്യൂസിന്റെ ഡിജിറ്റല്‍ സുവനീര്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. പാര്‍ശ്വവത്കരിക്കപ്പെടുന്നവരെ സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൊണ്ടുവരാന്‍ സീന്യൂസിന്റെ അണിയ പ്രവര്‍ത്തകര്‍ കാണിക്കുന്ന മനസിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

സഭയുടെ പ്രതിസന്ധി കാലഘട്ടങ്ങളിലും സഭയെ സംശയ മുനയില്‍ നിര്‍ത്തിയ അവസരങ്ങളിലും സീന്യൂസ് കൃത്യമായ വാര്‍ത്തകളോടെ രംഗത്തു വരികയും സഭയെ സംരക്ഷിക്കുകയും ചെയ്തതായി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പും സീറോ മലബാര്‍ സഭ സിനഡ് സെക്രട്ടറിയുമായ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. വാര്‍ഷികാഘോഷ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

സീന്യൂസിന്റെ ഏറ്റവും വലിയ സംഭാവന സഭയോടുള്ള കറ കളഞ്ഞ വിശ്വസ്തതയും പ്രതിബദ്ധതയുമാണ്. അല്‍മായരുടെ കൂട്ടായ്മയ്ക്ക് എത്ര വലിയ ശുശ്രൂഷ ചെയ്യാമെന്നതിന്റെ തെളിവാണ് ഈ പോര്‍ട്ടലിന്റെ വളര്‍ച്ച.

തിരുസഭയെ സംരക്ഷിക്കാന്‍ കഴിയുമെന്ന് ഈ കൂട്ടായ്മ തെളിയിച്ചു. സഭയ്ക്കെതിരേ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടാന്‍ ആരും ഇപ്പോള്‍ ധൈര്യപ്പെടുന്നില്ല. കാരണം അത് വ്യാജമാണെന്ന് തെളിയിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ സീന്യൂസിനുണ്ട്.

വിശുദ്ധ ഗ്രന്ഥത്തിലെ വിധവയുടെ ചില്ലിക്കാശു പോലെ ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികളുടെ ലഘു സമ്പാദ്യം കൊണ്ടാണ് സീന്യൂസിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. സത്യാനന്തര കാലഘട്ടത്തില്‍ സീന്യൂസിന്റെ വളര്‍ച്ച സഭയുടെ സൗഭാഗ്യമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

സീന്യൂസ് ലൈവ് സാമൂഹിക സംരംഭത്തിന്റെ ഭാഗമായിട്ടുള്ള അവാര്‍ഡുകള്‍ മാര്‍ ജോസഫ് പാംപ്ലാനി പ്രഖ്യാപിച്ചു. ഏയ്ഞ്ചല്‍ ഓഫ് മേഴ്സി അവാര്‍ഡിന് ചങ്ങനാശേരി കുന്നന്താനം ലിറ്റില്‍ സെര്‍വന്റ്സ് ഓഫ് ഡിവൈന്‍ പ്രോവിന്‍സ് സന്യാസിനീ സമൂഹം (എല്‍എസ്ഡിപി) അര്‍ഹരായി. സീന്യൂസിന്റെ മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് സംഗീത സംവിധായകന്‍ ബേണി അര്‍ഹനായി.

ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത

ഒരു വര്‍ഷം തികയുന്ന സീന്യൂസ് ലൈവ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ശരിയായ വാര്‍ത്തകള്‍ നല്‍കുന്നു എന്നറിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. സീന്യൂസിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം ജീവിക്കുന്നത് സത്യാനന്തര കാലഘട്ടത്തിലാണ്. ഈ കാലഘട്ടത്തില്‍ ശരിയായ വാര്‍ത്ത ലഭിക്കേണ്ടത് ഏറെ അനിവാര്യമാണ്. അതിന് സീന്യൂസ് ലൈവിന് കഴിയുമാറാകട്ടെ. ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും മാതൃ ഭാഷയില്‍ വാര്‍ത്തയും വാര്‍ത്തയുടെ വിശകലനവും നല്‍കുവാന്‍ സീന്യൂസിന് കഴിയുമെന്നും അദ്ദേഹം ആശംസിച്ചു.

ബിഷപ് സെല്‍വെസ്റ്റര്‍ പൊന്നുമുത്തന്‍

മാധ്യമ രംഗത്ത് ശ്രദ്ധേയമായ സംഭവന നല്‍കിക്കൊണ്ട് പുത്തന്‍ പ്രതീക്ഷയാവുകയാണ് സീന്യൂസ് ലൈവ് എന്ന് കെ.സി.ബി.സി എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സെല്‍വെസ്റ്റര്‍ പൊന്നുമുത്തന്‍ അഭിപ്രായപ്പെട്ടു. സംഭവങ്ങളെ വസ്തു നിഷ്ടമായി അവതരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു എന്നത് എടുത്ത് പറയേണ്ട ഒന്നാണ്.

അന്വേഷണാത്മകവും സത്യസന്ധവുമായ വാര്‍ത്തകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതില്‍ സീന്യൂസിന് എന്നും അഭിമാനിക്കാമെന്നും ബിഷപ് സെല്‍വെസ്റ്റര്‍ പൊന്നുമുത്തന്‍ പറഞ്ഞു.

ബിഷപ് സാമുവേല്‍ മോര്‍ ഐറേനിയസ്

ശുദ്ധമായ ഭാഷയില്‍ സംശയ നിവാരണം നടത്തിക്കൊണ്ട് സീന്യൂസ് നടത്തുന്ന മാധ്യമ പ്രവര്‍ത്തനം ശ്ലാഘനീയമാണന്ന് കെ.സി.ബി.സി കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സാമുവേല്‍ മോര്‍ ഐറേനിയസ്.

ദൈവരാജ്യ ശ്രുശ്രൂഷയില്‍ സീന്യൂസ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിന്റെ പ്രവര്‍ത്തനം ലോകം മുഴുവന്‍ വ്യാപിക്കണം. ഓരോ കുടുംബത്തിലും എത്തണം. ഈ ലോകത്തിന്റെ കൂടുതല്‍ സൂക്ഷ്മതയിലേക്ക് കണ്ണുതുറക്കാന്‍, വേദനകള്‍ അവതരിപ്പിക്കുവാന്‍, അനേകരുടെ തെറ്റിദ്ധാരണകള്‍ മാറ്റുവാന്‍, ദൈവത്തിന്റെ കരുണ പ്രഘോഷിക്കാന്‍ ഈ മാധ്യമ ശ്രൂശ്രൂക്ഷയ്ക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

തിയോടെഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത

സമൂഹത്തിലെ എല്ലാ മേഖലകളിലും അറിവും അനുഭവവും പകര്‍ന്നു നല്‍കുവാന്‍ സീന്യൂസിന് കഴിയട്ടെ എന്ന് മാര്‍ത്തോമ സഭയുടെ തലവന്‍ തിയോടെഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ആശംസിച്ചു. മാധ്യമ പ്രവര്‍ത്തനം സമകാലിക ജീവിതത്തില്‍ ഏറെ പ്രസക്തമായ ഒന്നാണ്. അറിവ് നേടാനും നേടിയ അറിവ് പരിപോഷിപ്പിക്കാനും മാധ്യമങ്ങള്‍ സഹായിക്കുന്നു.

വിവരവും സംസ്‌കാരവും പകര്‍ന്നു നല്‍കുക മാത്രമല്ല പുത്തന്‍ കഴ്ചപ്പാട് രൂപപ്പെടുത്തുന്നതിലും മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. നിരന്തരം മാറ്റത്തിന്‍ വിധേയമാകുന്ന സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ മാധ്യമ ധര്‍മ്മം വളരെ പ്രാധാന്യത്തോടെയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം വ്യക്തിക്ക് എന്നതു പോലെ മാധ്യമങ്ങള്‍ക്കും ഉണ്ട്.

നേരായുള്ളതിനെ വീറോടെ പറയുക എന്നതാണ് ശരിയായ മാധ്യമ ധര്‍മ്മം. സത്യത്തിനു വേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുവാന്‍ സീന്യൂസിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് കുര്യന്‍ ജോസഫ്

ഒരു വയസ് പൂര്‍ത്തിയായ സീന്യൂസിന്റെ വിജയത്തില്‍ സന്തോഷിക്കുന്നുവെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. അര്‍ത്ഥ സത്യമല്ല പൂര്‍ണ സത്യമാണ് സീന്യൂസ് പ്രചരിപ്പിക്കുന്നത്. സത്യത്തിലെ പ്രധാന ഘടകങ്ങളായ കറക്ട്, ക്ലിയര്‍, ക്ലീന്‍, കംപ്ലീറ്റ്, ഇവ നാലും പൂര്‍ണ സത്യത്തെ അവതരിപ്പിക്കുന്ന സീന്യൂസില്‍ ഉണ്ട്.

സീന്യൂസിന്റെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫോറം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ആദ്യമായാണ് ഒരു ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോം കുട്ടികളുടെ ഒരു അന്തര്‍ദേശീയ കൂട്ടായ്മ രൂപീകരിക്കുന്നതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

റോഷി അഗസ്റ്റിന്‍ - സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി

സത്യം സത്യമായി ലോകത്തെ അറിയിക്കാന്‍ ഒരു വര്‍ഷം മുമ്പ് തുടങ്ങിയ സീന്യൂസ് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളെ വിലയിരുത്തുവാന്‍ സീന്യൂസിലൂടെ കഴിയുന്നു. സീന്യൂസ് ലൈവിന്റെ പ്രവര്‍ത്തനം നിരവധി പേര്‍ ശ്രദ്ധിക്കുന്നുണ്ടന്നും ഭാവിയില്‍ ഈ മാധ്യമ പ്രസ്ഥാനം കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ചടങ്ങില്‍ ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്ക് ചെയര്‍മാന്‍ വര്‍ഗീസ് തോമസ് അധ്യക്ഷ പ്രസംഗം നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ, ബിജെപി നേതാവ് അനൂപ് ആന്റണി, സാന്താ മോണിക്ക എം.ഡി ഡെന്നി തോമസ് വട്ടക്കുന്നേല്‍, ഫാ. ഫ്രാന്‍സിസ് കാരക്കാട്ട്, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സീന്യൂസ് സിഇഒ ലിസി കെ ഫെര്‍ണാണ്ടസ് ആമുഖ സന്ദേശം നല്‍കി.

ജോബി തോമസ് മറ്റത്തില്‍, ബെര്‍ലി ജോണ്‍, ജിജി നൈന, ജേക്കബ് കോച്ചേരി, ജോസഫ് അഗസ്റ്റിന്‍, ജോജസ്റ്റ് മാത്യു, ജിജോ ജോസഫ്, രഞ്ജിത്ത് മാത്യു, ബ്ലെസന്‍ എം ജോസ്, നിര്‍മല സെബാസ്റ്റ്യന്‍, രാരിച്ചന്‍, ഷെര്‍ലി ഷാജി, വിന്‍സെന്റ് പാപ്പച്ചന്‍ തുടങ്ങിയ സീന്യൂസ് ലൈവിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കോഡിനേറ്റേഴ്സ് ആശംസകള്‍ അറിയിച്ചു.

സീന്യൂസിന്റെ വിവിധ ടീം അംഗങ്ങളായ അനിത മേരി ഐപ്പ്, അഭിലാഷ് തോമസ്, ജോബ് ജോസഫ്, മനോജ് തോമസ്, വിനോ പീറ്റേഴ്‌സണ്‍, ജോഷി ടി.ജെ ഡിന്‍സണ്‍ മാത്യു എന്നിവരും ആശംസകള്‍ നേര്‍ന്നു.

സീന്യൂസ് ലൈവ് ചീഫ് എഡിറ്റര്‍ ജോ കാവാലം സ്വാഗതവും അഡൈ്വസറി എഡിറ്റര്‍ പ്രകാശ് ജോസഫ് നന്ദിയും പറഞ്ഞു. ഷേമ അജയ്, സോണി മനോജ് എന്നിവര്‍ ആങ്കറിങ് നിര്‍വ്വഹിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.