സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തൃശൂര്‍: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചു. തൃശൂരില്‍ പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി (47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ച് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെസ്റ്റ് നൈല്‍ ആണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. പാണഞ്ചേരി പഞ്ചായത്തില്‍ ഇന്ന് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊതുകില്‍ നിന്ന് പകരുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. മരിച്ച ജോബിയില്‍ നിന്ന് മറ്റാരിലേക്കും നിലവില്‍ രോഗം പകര്‍ന്നിട്ടില്ല. കൂടുതല്‍ പേരെ പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് ഇന്നലെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തിയിരുന്നു. ഈ പ്രദേശത്ത് രോഗം പരത്തുന്ന ക്യൂലെക്‌സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി.

കഴിഞ്ഞ മാസം പതിനേഴിനാണ് ജോബിയില്‍ രോഗ ലക്ഷണം കണ്ടെത്തിയത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. രണ്ട് ദിവസം മുമ്പാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെസ്റ്റ് നൈല്‍ പനി

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഇത് പകരുന്നത്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ഈ രോഗം പിടിപെട്ട പക്ഷികളില്‍ നിന്നു കൊതുകിലേക്കും കൊതുകില്‍ നിന്ന് മനുഷ്യരിലേക്കും പകരും.

കൊതുക് കടിയേല്‍ക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. ഈ രോഗത്തിനു പ്രതിരോധ വാക്‌സിനില്ല. കൊതുകു കടിയേല്‍ക്കാതെ നോക്കുക എന്നതു മാത്രമാണു പ്രതിരോധ മാര്‍ഗം. പിടിപെട്ടു കഴിഞ്ഞാല്‍ സാധാരണ വൈറല്‍പ്പനി മാറുന്നതു പോലെ ഭേദമാകും. ചിലരില്‍ രോഗം വിട്ടുപോകാന്‍ മാസങ്ങളോളം വേണ്ടി വരും.

തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ 75% ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. 20 ശതമാനത്തോളം പേര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം.

കൊതുകുള്ള സ്ഥലങ്ങളില്‍ അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്. കഴിഞ്ഞാഴ്ച കോഴിക്കോട് ഒരു പെണ്‍കുട്ടിക്ക് വെസ്റ്റ് നൈല്‍ രോഗം സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ശ്രദ്ധിക്കേണ്ടത്

* രോഗം മൂര്‍ച്ഛിക്കുന്നത് 150ല്‍ ഒരാള്‍ക്ക് മാത്രം

* ഗുരുതരാവസ്ഥയില്‍ എത്തുന്നവരില്‍ 10 ശതമാനം പേര്‍ക്ക് മരണം വരെ സംഭവിക്കാം

* പക്ഷികളാണ് വൈറസ് വാഹകര്‍

* രോഗം പടര്‍ത്തുന്നത് ക്യൂലെക്‌സ് കൊതുകുകള്‍

* മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരില്ല


ലക്ഷണങ്ങള്‍

* തലവേദന, പനി, പേശിവേദന, ദേഹത്ത് തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍, അപസ്മാരം

* ബഹുഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല.

* ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടാവും

* ഒരു ശതമാനം ആളുകളില്‍ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം


ചികിത്സ

* പ്രത്യേക വാക്സിന്‍ ലഭ്യമല്ല

* ഫലപ്രദമായ ചികിത്സയുണ്ട്

* ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.