തുടരന്വേഷണ സമയം കഴിഞ്ഞു; നടിയെ ആക്രമിച്ച കേസ് കോടതി ഇന്ന് പരിഗണിക്കും

തുടരന്വേഷണ സമയം കഴിഞ്ഞു; നടിയെ ആക്രമിച്ച കേസ് കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുവദിച്ച സമയം കഴിഞ്ഞതിനാല്‍ ഇന്ന് വിചാരണക്കോടതി കേസ് പരിഗണിക്കും. മേയ് 30നകം തുടരന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ കുറ്റപത്രം നല്‍കാനാണ് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. കാലാവധി ഇന്നലെ കഴിഞ്ഞെങ്കിലും സമയം നീട്ടിച്ചോദിച്ച് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് പരിഗണിക്കുന്നുണ്ട്.

തുടരന്വേഷണത്തില്‍ കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം നീട്ടാന്‍ മൂന്ന് മാസത്തെ സമയം കൂടിയാണ് പ്രോസിക്യൂഷന്‍ തേടിയിരിക്കുന്നത്. ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ സത്യാവസ്ഥ വ്യക്തമാവാന്‍ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന വാദവും ഹൈക്കോടതി മുമ്പാകെ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.

വിചാരണ കോടതിയില്‍ ഇന്ന് പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ ബോധിപ്പിക്കും. കേസിലെ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയും വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ഇടപെടല്‍ നടത്തിയെന്നതിന് തെളിവായി ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സൂരജ് എന്നിവരുടെ ശബ്ദരേഖകള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ടാണ് വിചാരണ കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.