തൃക്കാക്കരയില്‍ രാവിലെ കനത്ത പോളിംഗ്: മിക്കയിടത്തും വോട്ടര്‍മാരുടെ നീണ്ട നിര; ചങ്കിടിപ്പോടെ മുന്നണികള്‍

തൃക്കാക്കരയില്‍ രാവിലെ കനത്ത പോളിംഗ്: മിക്കയിടത്തും വോട്ടര്‍മാരുടെ നീണ്ട നിര; ചങ്കിടിപ്പോടെ മുന്നണികള്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആവേശത്തോടെ വോട്ട് ചെയ്ത വോട്ടര്‍മാര്‍. രാവിലെ തന്നെ പോളിംഗ് ബൂത്തുകളില്‍ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്. ഉച്ചയ്ക്കുശേഷം കനത്ത മഴ ഉണ്ടായേക്കുമെന്ന കാലാവസ്ഥ പ്രവചനവും രാവിലെ പോളിംഗ് ശതമാനം ഉയരാന്‍ കാരണമായി.

രാവിലെ 9.30 വരെ 17.9 ശതമാനം പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 2021 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1.65 ശതമാനം കൂടുതലാണിത്. കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണ് രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തുന്നത്. വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ മുന്നണികള്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വൈകിട്ട് ആറിന് സമാപിക്കും. 1,96,805 വോട്ടര്‍മാരാണ് തൃക്കാക്കരയില്‍ ഇന്ന് വിധിയെഴുതുക. 239 ബൂത്തുകളില്‍ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഉണ്ട്. ഇവിടെ സുരക്ഷയ്ക്കുള്‍പ്പെടെ മുഴുവന്‍ ഉദ്യോഗസ്ഥരും വനിതകളാണ്. 956 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്.

കള്ളവോട്ട് തടയാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. പ്രശ്നബാധിത ബൂത്തുകളൊന്നും ഇല്ലെങ്കിലും മണ്ഡലത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാജാസ് കോളജിലാണ് സ്‌ട്രോങ് റൂം ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ ബൂത്തുകള്‍ വരുന്ന ഇടങ്ങളില്‍ മൈക്രോ ഒബ്സര്‍വര്‍മാരേയും പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തേയും നിയോഗിച്ചു. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഉണ്ട്.

എല്‍ഡിഎഫിന് 100 സീറ്റെന്ന മുദ്രാവാക്യം ഉയര്‍ത്തി മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും മണ്ഡലത്തില്‍ സജീവമായതോടെയാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പാവേശം ചൂട് പിടിക്കുന്നത്. മറുവശത്ത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും യുവ നേതാക്കളും എകെ ആന്റണിയും വരെ തൃക്കാക്കരയിലേക്ക് എത്തി. അശ്ലീല വീഡിയോ പ്രചരിപ്പിച്ചതും പിസി ജോര്‍ജിന്റെ അറസ്റ്റും നടിയെ ആക്രമിച്ച കേസുമെല്ലാം തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.