തത്വചിന്തകരുടെ മധ്യസ്ഥനായ വിശുദ്ധ ജസ്റ്റിന്‍

 തത്വചിന്തകരുടെ മധ്യസ്ഥനായ  വിശുദ്ധ ജസ്റ്റിന്‍

അനുദിന വിശുദ്ധര്‍ - ജൂണ്‍ 01

ത്വചിന്തകരുടെ മധ്യസ്ഥനായ വിശുദ്ധ ജസ്റ്റിന്‍ സമുന്നത സുകൃതങ്ങളാലും അഗാധ വിജ്ഞാനത്താലും തിരുസഭയെ ധന്യമാക്കിയ ഒരു രക്തസാക്ഷിയാണ്. 103 ല്‍ സിക്കെം എന്ന പ്രദേശത്ത് ഒരു സമരിറ്റന്‍ കുടുംബത്തില്‍ ജനിച്ച ജസ്റ്റിന് ഉന്നത വിദ്യാഭ്യാസം ലഭിച്ചിരുന്നു. വിദ്യാഭ്യാസ കാലത്ത് തത്വശാസ്ത്ര പഠനത്തിനാണ് അദ്ദേഹം ഊന്നല്‍ കൊടുത്തത്.

എല്ലാത്തിന്റെയും സൃഷ്ടാവായ ദൈവത്തെ അറിയുക എന്നതായിരുന്നു ജസ്റ്റിന്റെ ജീവിത ലക്ഷ്യം. അതിനായി പ്രശസ്തരായ തത്വചിന്തകരുടെ ഗ്രന്ഥങ്ങള്‍ അദ്ദേഹം ശ്രദ്ധാപൂര്‍വ്വം പഠിച്ചു. തത്വശാസ്ത്രപരമായി വിപരീത അഭിപ്രായങ്ങള്‍ പഠിപ്പിച്ചിരുന്ന വിദ്യാലയങ്ങളില്‍ വിദ്യ അഭ്യസിച്ചു. പക്ഷേ അതൊന്നും അദ്ദേഹത്തിന് യഥാര്‍ത്ഥ ദൈവത്തെ കാട്ടിക്കൊടുക്കാന്‍ സഹായകമായില്ല.

ദൈവത്തെ അറിയുവാന്‍ അതിയായി ആഗ്രഹിച്ച ജസ്റ്റിന്‍ ഒരു ദിവസം കടലോരത്തുകൂടി നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു വൃദ്ധനെ കണ്ടുമുട്ടി. ദൈവത്തെക്കുറിച്ച് അദ്ദേഹം വൃദ്ധനുമായി സംസാരിച്ചു. നീണ്ടനേരത്തെ വാദപ്രതിവാദങ്ങള്‍ക്കു ശേഷം ജസ്റ്റിന്‍, താന്‍ സമ്പാദിച്ച ജ്ഞാനത്തിന് ദൈവത്തെ കണ്ടെത്താനാവില്ല എന്ന സത്യം വൃദ്ധനു മുന്നില്‍ സമ്മതിച്ചു.

പിന്നീട് വൃദ്ധന്‍ മിശിഹായെക്കുറിച്ച് ജസ്റ്റിനോട് പറഞ്ഞു. യഥാര്‍ത്ഥ ജ്ഞാനം ലഭിക്കുന്നതിനായി മിശിഹായോട് പ്രാര്‍ത്ഥിക്കുവാനും അദ്ദേഹം ജസ്റ്റിനെ ഉപദേശിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച ജസ്റ്റിന്‍, പ്രാര്‍ത്ഥനയോടെ വിശുദ്ധ ഗ്രന്ഥം വായിക്കുവാന്‍ തുടങ്ങി. സത്യദൈവത്തെ തിരിച്ചറിഞ്ഞ ജസ്റ്റിന്‍ അധികം വൈകാതെ 133 ല്‍ ജ്ഞാനസ്നാനം സ്വീകരിച്ചു.

അക്കാലത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച അനേകായിരങ്ങളുടെ ദൃഢവിശ്വാസം ജസ്റ്റിനെ മാനസാന്തരത്തിലേയ്ക്ക് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. മാനസാന്തരത്തിനു ശേഷം താന്‍ തിരിച്ചറിഞ്ഞ സത്യം മറ്റുള്ളവരെയും അറിയിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഗ്രീസ്, ഇറ്റലി, ഈജിപ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചുറ്റിസഞ്ചരിച്ച് അദ്ദേഹം സത്യ ദൈവത്തെ പ്രസംഗിച്ചു. അനേകരെ അദ്ദേഹം മാനസാന്തരത്തിലേയ്ക്കു നയിച്ചു.

അക്കാലത്ത് ക്രിസ്ത്യാനികളെക്കുറിച്ച് നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ അകറ്റുന്നതിനായി ജസ്റ്റിന്‍ പല ഗ്രന്ഥങ്ങളും രചിച്ചു. അവസാനം രക്തസാക്ഷിത്വ മകുടം അദ്ദേഹത്തെയും തേടിയെത്തി. അന്യദേവന്മാരെ പൂജിക്കുവാന്‍ വിസമ്മതിച്ച വിശുദ്ധനെയും അദ്ദേഹത്തിന്റെ ശിഷ്യരെയും 167 ല്‍ റോമിലെ മുഖ്യ ന്യായാധിപനായിരുന്ന റസ്റ്റിക്കൂസിന്റെ നിര്‍ദേശ പ്രകാരം വധിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഗോളിലെ കപ്രാസിയൂസ്

2. അകിറ്റെയിന്‍ ബിഷപ്പായ ക്ലാരൂസ്

3. ട്രെവെസ് ബിഷപ്പായ കോണ്‍റാഡ്

4. ഓക്കാ-വാല്‍പൂ വേസ്റ്റാ ബിഷപ്പായ അറ്റോ

5. ഇറ്റാലിയന്‍ പടയാളിയായ ക്രെഷന്‍ സിയാന്‍

6. കറ്റലോണിയായിലെ ബര്‍ണാര്‍ഡ്, മേരി, ഗ്രേസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.