ലഹരിക്കടത്ത്: നടപടി കടുപ്പിച്ച് പൊലീസ്; കണ്ണൂരില്‍ മൂന്ന് സ്ത്രീകളടക്കം 13 പേര്‍ക്കെതിരെ കാപ്പ ചുമത്തും

ലഹരിക്കടത്ത്: നടപടി കടുപ്പിച്ച് പൊലീസ്; കണ്ണൂരില്‍ മൂന്ന് സ്ത്രീകളടക്കം 13 പേര്‍ക്കെതിരെ കാപ്പ ചുമത്തും

കണ്ണൂര്‍: ലഹരി മാഫിയയ്‌ക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്. മയക്കുമരുന്ന് കടത്ത് കേസില്‍ കണ്ണൂരില്‍ അറസ്റ്റിലായ മൂന്ന് സ്ത്രീകളടക്കം 13 പ്രതികള്‍ക്കെതിരേ 'കാപ്പ' (കേരള ആന്റി-സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷ്യന്‍ ആക്ട്) ചുമത്തും. ഇതില്‍ ഒരാള്‍ നൈജീരിയന്‍ യുവതിയാണ്. മയക്കുമരുന്ന് കടത്തല്‍ തടയുന്നതിനുള്ള 1988ലെ നിയമമായ പിറ്റിന് പുറമേയാണ് കാപ്പയും ചുമത്തുന്നത്.

കണ്ണൂര്‍ തെക്കിബസാറിലെ റാസിയാ നിവാസില്‍ നിസാം അബ്ദുള്‍ ഗഫൂര്‍ (35) ആണ് കേസിലെ പ്രധാന പ്രതി. അന്താരാഷ്ട്ര മയക്കു മരുന്ന് കേസിലെ പ്രധാന കണ്ണിയാണ് ഇയാള്‍. കാപ്പാട് ഡാഫോഡില്‍സ് വില്ലയിലെ അഫ്സല്‍ (37), ഇയാളുടെ ഭാര്യ ബള്‍ക്കീസ് (28), ബള്‍ക്കീസിന്റെ ബന്ധുവും തയ്യില്‍ സ്വദേശിയുമായ ജനീസ് (40), നൈജീരിയന്‍ യുവതി പ്രിയിസ് ഓട്ടോനിയെ (22) തുടങ്ങിയവരാണ് കേസിലെ മുഖ്യ പ്രതികള്‍.

കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെ പ്രതികളുടെ പേരിലാണ് കടുത്ത വകുപ്പുകള്‍ ചുമത്തുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പൊലീസ് അറിയിച്ചു. മാര്‍ച്ച് ഏഴിന് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലെത്തിയ സ്വകാര്യ ബസില്‍ നിന്ന് ഒന്നരക്കോടിയുടെ ലഹരി മരുന്ന് പിടിച്ച കേസിലും ചാലാട്ടെ കേന്ദ്രത്തില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്ത കേസിലുമാണ് പ്രതികള്‍ക്കെതിരേ കാപ്പ ചുമത്തുന്നത്. പ്രതികളെല്ലാം ഇപ്പോള്‍ ജയിലിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.