കൊറിയന്‍ മ്യൂസിക് ബാന്‍ഡ് വീഡിയോയിലൂടെ മൊബൈൽ ഫോണിന് അടിമപ്പെട്ടു; പ്ലസ് വണ്‍ വിദ്യാർത്ഥിനിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി പോലീസ്

കൊറിയന്‍ മ്യൂസിക് ബാന്‍ഡ് വീഡിയോയിലൂടെ മൊബൈൽ ഫോണിന്  അടിമപ്പെട്ടു; പ്ലസ് വണ്‍ വിദ്യാർത്ഥിനിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി പോലീസ്

തിരുവനന്തപുരം: മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിൽ നിന്ന് മോചനം കിട്ടാത്ത നിരാശയിൽ തിരുവനന്തപുരം നവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാർത്ഥിനി ജീവനൊടുക്കി സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്.

മരിച്ച ജീവ മോഹൻ സാമൂഹിക മാധ്യങ്ങളിൽ അധികസമയം ചിലവഴിച്ചിരുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ യൂട്യൂബിൽ പതിവായി കൊറിയൻ ബാൻഡുകളുടെ സംഗീത പരിപാടികൾ കണ്ടിരുന്നു. കൊറിയൻ ബാൻഡുകളുടെ സംഗീത പരിപാടിക്ക് അടിമയായത് മൂലം പഠനത്തിലുള്ള ശ്രദ്ധ കുറയും പരീക്ഷയിൽ പിന്നാക്കം പോവുകയും ചെയ്ത വിഷമമാണ് ജീവയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

കല്ലമ്പലം വെട്ടിയറ സ്വദേശിനി ജീവ മോഹനെ (ഗൗരി–16) ശനിയാഴ്ചയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സബ് റജിസ്ട്രാർ ഓഫിസ് ജീവനക്കാരിയായ അമ്മ ശ്രീജ ജോലി സ്ഥലത്തായിരുന്നു. 
രാവിലെ മുതൽ ജീവ മുറിയിൽ അടച്ചുപൂട്ടി ഇരിക്കുകയായിരുന്നെന്നും പഠിക്കുകയാണെന്നാണു കരുതിയതെന്നും വീട്ടിലുണ്ടായിരുന്ന മുത്തച്ഛനും മുത്തശ്ശിയും അറിയിച്ചു. അനുജത്തി ജിത മോഹൻ ട്യൂഷൻ കഴിഞ്ഞെത്തി വിളിച്ചിട്ടും കേട്ടില്ല. തുടർന്ന് ജനൽ ചില്ലു തകർത്തു നോക്കിയപ്പോഴാണു ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും ജീവയ്ക്ക് എ പ്ലസ് ലഭിച്ചിരുന്നു. എന്നാൽ പ്ലസ് വണ്ണിൽ എത്തിയപ്പോള്‍ പഠനത്തില്‍ പിന്നാക്കം പോയി. അടുത്തിടെ നടന്ന ക്ലാസ് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതും അവളെ അസ്വസ്ഥയാക്കി. അമിതമായ മൊബൈൽ ഫോൺ ഉപയോഗം കാരണം താൻ ജീവനൊടുക്കുന്നതായാണ് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന മൂന്നുപേജുള്ള ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു.

കൊറിയന്‍ മ്യൂസിക് ബാന്‍ഡുകളുടെ യൂട്യൂബ് വീഡിയോകൾ ജീവ സ്ഥിരമായി കാണുമായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.‌ അത്താഴത്തിന് ശേഷം രാത്രി ഉറക്കമൊഴിഞ്ഞ് കൊറിയൻ ബാൻഡ് വീഡിയോകൾ കാണുന്ന ശീലം ജീവയുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിച്ചു. മൊബൈൽ അഡിക്ഷനിൽ നിന്ന് രക്ഷപെടാൻ കഴിയാത്തത് മൂലം കടുത്ത ഡിപ്രഷറിനിലും കൊണ്ടെത്തിച്ചു. എല്ലാവരോടും വളരെ സൗഹാർദ്ദമായി ഇടപെടുന്ന രീതിയായിരുന്നു ജീവയുടേത് എന്ന് വീട്ടുകാർ പറഞ്ഞു.

തനിക്ക് ബന്ധുക്കളോടോ കൂട്ടുകാരോടോ പഴയതു പോലെ ഇടപെടാനോ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയുന്നില്ലെന്നും അതുമൂലം കടുത്ത വിഷാദത്തിലാണെന്നും എല്ലാവരിൽ നിന്നും താൻ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും മരിക്കുന്നതിന് മുൻപ് എഴുതിയ കുറിപ്പിൽ ജീവ സൂചിപ്പിച്ചിരുന്നു. തന്റെ അനിയത്തിക്ക് ഒരു കാരണവശാലും മൊബൈൽ കൊടുക്കരുതെന്നും തന്റെ അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്നും ജീവ മുന്നറിയിപ്പ് നല്കിയിട്ടാണ് ആത്മഹത്യ ചെയ്തത്.

കുട്ടികൾ മൊബൈൽ ദുരുപയോഗം ചെയ്യുന്നത് തടയാൻ മൊബൈല്‍ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും ഉപയോഗത്തില്‍ നിന്നും കുട്ടികളെ നമ്മള്‍ മുമ്പ് മാറ്റി നിറുത്തിയിരുന്നു. എന്നാൽ കോവിഡ് കാലം എല്ലാം മാറ്റി മറിച്ചു. വിദ്യാഭ്യാസം തന്നെ ഓണ്‍ലൈനായതോടെ മാതാപിതാക്കള്‍ക്കും കുട്ടികൾക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയായി.

മൊബൈല്‍ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും അമിത ഉപയോഗം കൂട്ടികളുടെ ആരോഗ്യത്തെ തന്നെ തന്നെ പ്രതികൂലമായി ബാധിക്കുന്നു. ഇതിന് പരിഹാരമായി വീട്ടില്‍ തന്നെ കൂടുതല്‍ ക്രിയേറ്റീവായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യിക്കുകയും വേണം. കൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തില്‍ വീടുകളില്‍ അടച്ചിരിക്കുന്ന അവസ്ഥയുണ്ടാകുമ്പോള്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ കുട്ടികളെ നല്ല രീതിയില്‍ തന്നെ ബാധിക്കുന്നുവെന്നത് വാസ്തവമാണ്. മാതാപിതാക്കളുടെ ശ്രദ്ധ ഈ വിഷയത്തിൽ അനിവാര്യമാണെന്ന് പൊലീസ് നിർദ്ദേശിച്ചു.

പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.