ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി.
അദ്ദേഹത്തിന് കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടെന്നും ജെയിനിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ സത്യേന്ദ്ര ജെയിനിന്‍ കഴിഞ്ഞ 14 ദിവസമായി എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിന്റെ കസ്റ്റഡിയിലായിരുന്നു.
അറസ്റ്റിന് പിന്നാലെ ഇദ്ദേഹത്തിന്റെയും ഭാര്യ പൂനം ജെയിനിന്റെയും ബന്ധുക്കളുടേയും വസതികളിലും ഓഫീസുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കണക്കില്‍പ്പെടാത്ത 1.8 കിലോ സ്വര്‍ണവും 2.85 കോടി രൂപയുടെ രേഖകളും പിടിച്ചെടുത്തതായാണ് ഇ.ഡി നല്‍കുന്ന വിവരം.
കഴിഞ്ഞ മെയ് 30 തിനാണ് കള്ളക്കടത്ത് കേസില്‍ അരവിന്ദ് കെജ്രിവാള്‍ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ അറസ്റ്റിലായത്. 2015-16 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രി ഡൽഹിയില്‍ ഭൂമി വാങ്ങിയെന്നും ഇ.ഡി പറയുന്നു. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.