'ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടന്നു; അത് മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് വേണ്ടി'

'ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടന്നു; അത് മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് വേണ്ടി'

'കോണ്‍സല്‍ ജനറലിന്റെ വീട്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിരിയാണി ചെമ്പുകള്‍ പോയിരുന്നു. സാധാരണത്തേതിലും വലുപ്പുള്ള ഈ ചെമ്പ് ഫോയില്‍ഡ് പേപ്പറില്‍ അടച്ചുകെട്ടിയതിനാല്‍ കൊണ്ടുപോകുന്നവര്‍ക്കും ഇതില്‍ എന്താണ് ഉള്ളതെന്ന് വ്യക്തതയില്ല. നാലുപേര്‍ ചേര്‍ന്നാണ് ചെമ്പ് പിടിച്ചത്'.

കൊച്ചി: ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും അത് മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ് ആവശ്യത്തിനായിരുന്നുവെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തിലാണ് സ്വപ്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്.

പിണറായിയുടെ മകള്‍ വീണയ്ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുമായാണ് ചര്‍ച്ച നടത്തിയത്. 2017 സെപ്തംബറില്‍ ഷാര്‍ജ ഭരണാധികാരി എത്തിയപ്പോള്‍ ക്ലിഫ് ഹൗസിലായിരുന്നു ചര്‍ച്ച. ഷാര്‍ജ ഭരണാധികാരി എത്തുമ്പോള്‍ വേണ്ട നടപടികളും ആശയ വിനിമയും മുഖ്യമന്ത്രിയുടെ കുടുംബത്തെ പഠിപ്പിക്കുന്നതിന് ക്ലിഫ് ഹൗസില്‍ താന്‍ എത്തിയിരുന്നുവെന്നും സ്വപ്ന വ്യക്തമാക്കുന്നു.

ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് പുറമെ ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ കുടുംബം ആവശ്യപ്പെട്ടു. അതിന് അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു. ക്ലിഫ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ നളിനി നെറ്റോ, എം.ശിവശങ്കര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. ഷാര്‍ജയില്‍ ബിസിനസ് പങ്കാളിയുമായും ചര്‍ച്ച നടത്തിയെന്ന് സ്വപ്ന പറയുന്നു.

എന്നാല്‍ ഷാര്‍ജ ഭരണാധികാരിയുടെ എതിര്‍പ്പാണ് ബിസിനസ് തുടങ്ങുന്നതിന് തടസമായത്. പിന്നീട് ഷാര്‍ജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചു. ബിരിയാണി ചെമ്പ് പരാമര്‍ശമുള്ള ശിവശങ്കറിന്റെ ചാറ്റ് തന്റെ മൊബൈലില്‍ ഉണ്ട്. എന്‍ഐഎ പിടിച്ചെടുത്ത മൊബൈലുകള്‍ കോടതിയുടെ കൈവശമുണ്ടെന്നും സ്വപ്ന വ്യക്തമാക്കി.

കോണ്‍സല്‍ ജനറലിനും മുഖ്യമന്ത്രിയും അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍സല്‍ ജനറലിന്റെ വീട്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിരിയാണി ചെമ്പുകള്‍ പോയിരുന്നത്. കോണ്‍സല്‍ ജനറലിന്റെ മിസ്തുബിഷി കാറിലാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പുകള്‍ എത്തിയിരുന്നതെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

ചെമ്പിന്റെ വലുപ്പം സംബന്ധിച്ചും സ്വപ്ന സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. സാധാരണത്തേതിലും വലുപ്പുള്ള ഈ ചെമ്പ് ഫോയില്‍ഡ് പേപ്പറില്‍ അടച്ചുകെട്ടിയതിനാല്‍ കൊണ്ടുപോകുന്നവര്‍ക്കും ഇതില്‍ എന്താണ് ഉള്ളതെന്ന് വ്യക്തതയില്ല. നാലുപേര്‍ ചേര്‍ന്നാണ് ചെമ്പ് പിടിച്ചത്.

ക്ലിയറന്‍സുകളൊന്നുമില്ലാതെ ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേക്കെത്തിക്കുന്നതിന് ശിവശങ്കറാണ് നേതൃത്വം കൊടുത്തതെന്നും സ്വപ്ന ആരോപിക്കുന്നു. അത് എത്തുന്നത് വരെ കോണ്‍സല്‍ ജനറല്‍ അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു.

എന്നാല്‍ ഔദ്യോഗിക കാര്യത്തിന് മാത്രമാണ് സ്വപ്ന ക്ലിഫ് ഹൗസില്‍ എത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. ഇത് സ്ഥിരീകരിക്കുന്നതിന് 2020 ഒക്ടോബര്‍ 13 ന് നടന്ന വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോയും പുറത്തു വിട്ടിരുന്നു.

കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് അവര്‍ അന്നു വന്നതെന്നും ആ നിലയ്ക്കാണ് അവരെ പരിചയമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുന്നുണ്ട്. ഇതിനു പിന്നാലെയാണ് സ്വപ്ന വീണ്ടും മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.