ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥിനെതിരേ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. തെലങ്കാനയിലെ സെക്കന്തരാബാദില്‍ പ്രതിഷേധക്കാര്‍ക്കു നേരെ നടന്ന പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ബിഹാറില്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉത്തരേന്ത്യയില്‍ മാത്രം ഉയര്‍ന്ന പ്രതിഷേധം വെള്ളിയാഴ്ച ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചു. പത്തു സംസ്ഥാനങ്ങളില്‍ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറി. ബിഹാര്‍, ഒഡിഷ, ഉത്തര്‍പ്രദേശ്, ഹരിയാണ, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുപുറമേ തെലങ്കാനയിലും പ്രതിഷേധം അക്രമങ്ങളിലേക്ക് വഴിമാറി.
ഒഡിഷയിലെ ടെന്റെയ് സ്വദേശി ധനഞ്ജയ് മൊഹന്തി (27) ആത്മഹത്യ ചെയ്ത സംഭവം അഗ്‌നിപഥ് വിഷയത്തില്‍ ആണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ആത്മഹത്യയെച്ചൊല്ലി ടെന്റയിലും പരിസരങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
യുവാക്കളുടെയും സൈനിക റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി നിയമനം കാത്തിരിക്കുന്നവരുടെയും നേതൃത്വത്തിലാണ് പ്രക്ഷോഭം അരങ്ങേറുന്നത്. റോഡുകളും റെയില്‍പ്പാതകളും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 11 ഇടത്ത് തീവണ്ടികള്‍ക്ക് തീയിട്ടു. 38 തീവണ്ടി സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കി.
ബിഹാറിലാണ് പ്രതിഷേധവും അക്രമങ്ങളും നിയന്ത്രണാതീതമായി തുടരുന്നത്. പദ്ധതി പിന്‍വലിച്ച് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് ഭരണകക്ഷിയും എന്‍.ഡി.എ. സഖ്യകക്ഷിയുമായ ജെ.ഡി.യു. ആവര്‍ത്തിച്ചാവശ്യപ്പെട്ടു.
അതിനിടെ, പദ്ധതിസംബന്ധിച്ച ഔദ്യോഗികവിജ്ഞാപനം തിങ്കളാഴ്ച കരസേനയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ആദ്യബാച്ച് അഗ്‌നിവീരന്മാര്‍ക്ക് ഡിസംബറില്‍ പരിശീലനമാരംഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.