ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി: വാദം പൂര്‍ത്തിയായി, വിധി ഈ മാസം 28ന്

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി: വാദം പൂര്‍ത്തിയായി, വിധി ഈ മാസം 28ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ വിചാരണ കോടതി ഈ മാസം 28ന് വിധി പറയും. വിശദമായ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് വിചാരണ കോടതി കേസില്‍ വിധി പറയാന്‍ മാറ്റിയത്.

ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തെളിവുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനാല്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ദിലീപിന്റെ വീട്ടു ജോലിക്കാരനായ ദാസന്‍, മാപ്പു സാക്ഷിയായ വിപിന്‍ലാല്‍ എന്നിവരെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദം.

എന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ താനോ തന്റെ കക്ഷി ദിലീപോ ശ്രമിച്ചുവെന്ന് തെളിയിക്കാനുള്ള വിവരങ്ങളോ തെളിവുകളോ പ്രോസിക്യൂഷന്റെ പക്കലില്ലെന്നും ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമന്‍ പിള്ള വ്യക്തമാക്കി. മാപ്പു സാക്ഷിയായ വിപിന്‍ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷന്‍ പറയുന്ന സമയത്ത് ദിലീപ് ജയിലില്‍ ആയിരുന്നു. ദിലീപിന്റെ വീട്ടു ജോലിക്കാരനായ ദാസനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വാദം തെറ്റാണെന്നും ഈ സമയം താന്‍ കോവിഡ് ബാധിതനായിരുന്നുവെന്നും അഡ്വ. ബി രാമന്‍പിള്ള കോടതിയില്‍ വാദിച്ചു.

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളുടെ യഥാര്‍ത്ഥ തീയതി കണ്ടെത്താനായില്ല. ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

സന്ദേശങ്ങള്‍ എന്നാണ് റെക്കോര്‍ഡ് ചെയ്തത് എന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്ക് ഇത് സംബന്ധിച്ച പരാതി നല്‍കിയ തീയതിയുമായി ബന്ധമുളളതാണോ തീയതി എന്ന് കണ്ടെത്താനാണിത്.

ശബ്ദ സന്ദേശം പെന്‍ഡ്രൈവിലേക്ക് മാറ്റിയ ലാപ്ടോപ് എവിടെയെന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. ഈ ലാപ്ടോപ് കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അനൂപിന്റെയും സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവ ഹാജരാക്കിയില്ല. ഈ ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും മുന്‍പ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.