കൊച്ചി: തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മാതാവ് കെ.പി സിറാജുദ്ദീന്‍ കസ്റ്റംസിന്റെ പിടിയിലായി. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീന്‍ പിടിയിലായത്. സംഭവത്തില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ അടക്കം നേരത്തെ അറസ്റ്റിലായിരുന്നു.
ഏപ്രില്‍ രണ്ടിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ കാര്‍ഗോയില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തില്‍ നിന്നാണ് രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ അടക്കം മൂന്നു പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.
ഇത്തരത്തില്‍ മുന്‍പും സ്വര്‍ണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഷാബിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്തപ്പോഴാണ് സിനിമാ നിര്‍മാതാവ് കെ.പി സിറാജുദ്ദീനാണ് ഗള്‍ഫില്‍ നിന്ന് സ്വര്‍ണം അയച്ചതെന്ന് വ്യക്തമായത്. ചാര്‍മിനാര്‍, വാങ്ക് തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്‍.
ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പല തവണ സിറാജുദ്ദീന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച സിറാജുദ്ദീന്‍ ചെന്നൈയില്‍ വിമാനം ഇറങ്ങിയ ശേഷം നാട്ടിലേക്ക് വരുന്ന വഴി കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തൃക്കാക്കര സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതിയായ സിറാജുദ്ദീന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj