ദ്രൗപതി മുര്‍മുവിന് പിന്തുണയേറുന്നു; ബിജെഡിയും നിതീഷ് കുമാറും ജഗന്‍ മോഹനും എന്‍ഡിഎ സ്ഥാനാര്‍ഥിക്കൊപ്പം

ദ്രൗപതി മുര്‍മുവിന് പിന്തുണയേറുന്നു; ബിജെഡിയും നിതീഷ് കുമാറും ജഗന്‍ മോഹനും എന്‍ഡിഎ സ്ഥാനാര്‍ഥിക്കൊപ്പം

ന്യൂഡല്‍ഹി: എന്‍ഡിഎ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മ്മുവിന് പിന്തുണയുമായി എന്‍ഡിഎ ഇതര പ്രാദേശിക കക്ഷികളും. ഒഡീഷയിലെ നവീന്‍ പട്നായിക്കും ബിഹാറില്‍ നിതീഷ് കുമാറും പിന്തുണ പ്രഖ്യാപിച്ചു. ഉന്നതപദവിയിലേക്ക് ഗോത്രവിഭാഗത്തിലെ വനിതയെ നാമനിര്‍ദേശം ചെയ്തതില്‍ സന്തോഷമെന്നും ഇരുവരും പ്രതികരിച്ചു.

ദ്രൗപദി മുര്‍മുവിന് ജെ.ഡി.യുവിന്റെ സമ്പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്നാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രഖ്യാപനം. അഗ്‌നിപഥ് പദ്ധതിയില്‍ ജെഡിയുവിന്റെ ഭിന്നാഭിപ്രായം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്ന ആശങ്കയ്ക്കിടെയുള്ള നിതീഷ് കുമാറിന്റെ പ്രഖ്യാപനത്തില്‍ ആശ്വാസത്തിലാണ് ബിജെപി നേതൃത്വം.

ഒഡീഷയിലെ ബിജു ജനതാദളും ദ്രൗപദി മുര്‍മുവിന് പിന്തുണ നല്‍കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകാനാണ് സാധ്യത. ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ഒരു വനിതയെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ പ്രതിപക്ഷ സഖ്യത്തിലെ കക്ഷികളില്‍ നിന്നും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും മുര്‍മുവിന് പിന്തുണ അറിയിച്ചു. ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസും അംഗമാണ്. പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് പ്രതീക്ഷിച്ച പിന്തുണ കിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.