സ്താനാര്‍ബുദ മരുന്നിന്റെ വില നിയന്ത്രിക്കാന്‍ ഇടപെട്ട് ഹൈക്കോടതി; നാലാഴ്ച്ചയ്ക്കകം തീരുമാനമെടുക്കാന്‍ കേന്ദ്രത്തോട് ഉത്തരവിട്ടു

സ്താനാര്‍ബുദ മരുന്നിന്റെ വില നിയന്ത്രിക്കാന്‍ ഇടപെട്ട് ഹൈക്കോടതി; നാലാഴ്ച്ചയ്ക്കകം തീരുമാനമെടുക്കാന്‍ കേന്ദ്രത്തോട് ഉത്തരവിട്ടു

കൊച്ചി: സ്തനാര്‍ബുദത്തിനുള്ള റൈബോസിക്ളിബ് എന്ന മരുന്നിന്റെ വില നിയന്ത്രിക്കാനായി ഇതു ഇന്ത്യയില്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന നിവേദനം നാലാഴ്ചയ്ക്കകം പരിഗണിച്ചു തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

പേറ്റന്റ് നിയന്ത്രണമില്ലാതെ ഇതു ഇന്ത്യയില്‍ നിര്‍മിക്കാന്‍ കഴിയുന്ന തരത്തില്‍ ഇടപെട്ടാല്‍ മരുന്നിന്റെ വില കുറയ്ക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി രോഗിയായ ഒരു റിട്ട. ബാങ്ക് ഉദ്യോഗസ്ഥ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വി.ജി. അരുണിന്റെ ഇടക്കാല ഉത്തരവ്.

സ്തനാര്‍ബുദ ചികിത്സയ്ക്ക് പ്രതിമാസം 63,480 രൂപ വേണമെന്നും ഇതില്‍ 58,140 രൂപ റൈബോസിക്ളിബ് എന്ന മരുന്നിനു മാത്രം വേണ്ടി വരുന്നുണ്ടെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. തുഛമായ പെന്‍ഷന്‍ മാത്രമുള്ള തനിക്ക് ചികിത്സാ ചെലവു താങ്ങാനാവുന്നില്ലെന്നും മരുന്നിന്റെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരി വ്യക്തമാക്കി.

ഹര്‍ജിയിലുന്നയിച്ച ആവശ്യം ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി പറഞ്ഞു. ഈ രോഗം ബാധിച്ച ഒട്ടേറെ സ്ത്രീകള്‍ മരുന്നിനും ചികിത്സയ്ക്കുമുള്ള ചെലവു താങ്ങാനാവാതെ മരണത്തിനു കീഴടങ്ങുന്നുണ്ട്. വ്യക്തികളുടെ ജീവിക്കാനുള്ള അവകാശവും പൊതുജനാരോഗ്യവും ഉറപ്പു വരുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്.

ആ നിലയ്ക്ക് ഈ പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ജി ജൂലൈ 18 നു വീണ്ടും പരിഗണിക്കും. ഇതിനകം വിശദീകരണം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.