ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് കുതിക്കുന്നത് മൂന്ന് ഉപഗ്രഹങ്ങള്‍; ഇന്ത്യയുടെ രണ്ടാം വാണിജ്യ വിക്ഷേപണ ദൗത്യം

ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് കുതിക്കുന്നത് മൂന്ന് ഉപഗ്രഹങ്ങള്‍; ഇന്ത്യയുടെ രണ്ടാം വാണിജ്യ വിക്ഷേപണ ദൗത്യം

തിരുവനന്തപുരം: ശ്രീഹരിക്കോട്ടയില്‍ നിന്ന് സിംഗപ്പൂരിന്റെ എസ് ക്യൂബ് ഉപഗ്രഹം ഇന്ന് വിക്ഷേപിക്കുമ്പോൾ അഭിമാന നിമിഷമായി തിരുവനന്തപുരം അമ്പലമുക്ക് സ്വദേശി ഡോ. അമല്‍ ചന്ദ്രൻ.

സിംഗപ്പൂരിലെ നന്യാംഗ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ (എന്‍.ടി.യു) വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഈ ഉപഗ്രഹത്തിന്റെ മേല്‍നോട്ടം അമല്‍ ചന്ദ്രനായിരുന്നു. വിക്ഷേപണത്തിന് മുന്നോടിയായി അദ്ദേഹം ഇന്നലെ ശ്രീഹരിക്കോട്ടയില്‍ എത്തി.

സ്‌റ്റുഡന്റ് സാറ്റലൈറ്റ് സീരീസ് അഥവാ എസ് ക്യൂബ് എന്നാണ് ദൗത്യത്തിന് പേര്. രണ്ട് കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഇന്ന് വൈകിട്ട് 6.02നാണ് വിക്ഷേപണം. 25 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ചു.
ഇതുള്‍പ്പെടെ സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളാണ് ഇന്ന് പി. എസ്. എല്‍. വി- സി 53 റോക്കറ്റില്‍ വിക്ഷേപിക്കുന്നത്. ഐ. എസ്. ആര്‍. ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യയുടെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണമാണിത്.

ഏറോ സ്പേസ് എന്‍ജിനീയറായ അമല്‍ ചന്ദ്രന്‍ നന്യാംഗ് യൂണിവേഴ്‌സിറ്റിയിലെ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്‌ടറാണ്.
അമേരിക്കയെപോലെ ഇന്ത്യയും ഉപഗ്രഹ വിക്ഷേപണ വിപണി സ്വകാര്യ മേഖലയ‌്ക്ക് തുറന്നുകൊടുക്കും. ശതകോടീശ്വരന്മാരായ ഇലോണ്‍ മസ്‌കിനെയും ജെഫ് ബസോസിനെയും പോലെ ബഹിരാകാശ ഗവേഷണത്തില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യയിലെ വ്യവസായികളും മുന്നോട്ടുവരുമെന്നും അമല്‍ ചന്ദ്രന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.