തിരുവനന്തപുരം: ബഫര്‍ സോണ്‍ സംരക്ഷിത വനാതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്ററായി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് കെസിബിസി പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. എല്ലാ വിഭാഗം ജനങ്ങളെയും സാരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ സത്വരമായ ഇടപെടല്‍ നടത്തണമെന്നും സംഘം വ്യക്തമാക്കി.
കെസിബിസി വൈസ് പ്രസിഡന്റ് മാര്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍, തലശേരി ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനി, പത്തനംതിട്ട ബിഷപ് സാമൂവല്‍ മാര്‍ ഐറേനിയസ്, കാഞ്ഞിരപ്പള്ളി ബിഷപ് ജോസ് പുളിക്കന്‍, ചങ്ങനാശേരി സഹായമെത്രാന്‍ തോമസ് തറയില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, കെസിബിസി ജെപിഡി കമ്മീഷന്‍ സെക്രട്ടറിയും കെ എസ്എസ് എഫിന്റെ ഡയറക്ടറുമായ ഫാദര്‍ ജേക്കബ്ബ് മാവുങ്കല്‍, മന്ത്രി റോഷി അഗസ്റ്റിന്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്ക് നിവേദനം സമര്‍പ്പിച്ചു.
മുഖ്യമന്ത്രി മെത്രാന്‍ സംഘത്തെ അനുഭാവപൂര്‍വം കേള്‍ക്കുകയും കാര്യങ്ങള്‍ ഗൗരവപൂര്‍വം പഠിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയതായും സംഘം പറഞ്ഞു. കൂടാതെ നിയമസഭയിലും ഇത് സംബന്ധിച്ച ചര്‍ച്ച ഇന്ന് നടന്നു. പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ വിഷയത്തില്‍ ഇടപെടുമെന്നും സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുക്കുന്ന കാര്യവും ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും പ്രതിനിധി സംഘം ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കി.
സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പു തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബഫര്‍സോണ്‍ സീറോ കിലോമീറ്ററില്‍ നിജപ്പെടുത്തണമെന്ന പ്രമേയം നിയമസഭ പാസാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണം. അപ്രഖ്യാപിത കുടിയിറക്ക് വഴിയായി ലക്ഷക്കണക്കിന് പേര്‍ ഭവനരഹിതരായി മാറിയേക്കാവുന്ന സാഹചര്യം പൂര്‍ണമായി ഒഴിവാക്കപ്പെടണമെന്ന് പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം കേരളത്തിലെ സാധാരണ ജനങ്ങളെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണ് വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമായി ഒരു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ അഥവ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള 2022 ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധി.
സ്വന്തം ആവശ്യത്തിനല്ലാതെ കൃഷി ചെയ്യുന്നതും മാത്രമല്ല സ്വന്തം ആവശ്യത്തിനായി വീട് വയ്ക്കുന്നത് പോലും നിരോധിക്കപ്പെട്ടിരിക്കുന്ന ഇടമാണ് ബഫര്‍ സോണ്‍. ഇതിനുള്ളില്‍ വരുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ അപ്രഖ്യാപിത കുടിയിറക്കലിന് ഇരയായി ജനിച്ച മണ്ണില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുമെന്ന സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യം അതീവ ഗൗരവകരമായതിനാല്‍ പൂര്‍ണമായും ഒഴിവാക്കപ്പെടേണ്ടതാണെന്നും കെസിബിസി വ്യക്തമാക്കുന്നു.
കേരളത്തിലെ കത്തോലിക്ക മെത്രാന്‍ സംഘം സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ചുവടെ:
1. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുക. റിവ്യൂ പെറ്റിഷന്‍ ഫയല്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ കേരള സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചു ബഫര്‍ സോണ്‍ സംരക്ഷിത വനത്തിന്റെ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മാറ്റി നിശ്ചയിക്കുക.
2. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചെയ്തതുപോലെ, ഈ വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തു, കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബഫര്‍ സോണ്‍ സീറോ കിലോമീറ്ററില്‍ നിപ്പെടുത്തണം എന്ന പ്രമേയം പാസാക്കുക.
3. കേരളത്തിലെ പ്രത്യേക സാഹചര്യം കേന്ദ്രത്തെയും CEC യേയും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്തില്‍ സര്‍വകക്ഷി സംഘം കേന്ദ്രമന്ത്രിയെ കാണുക.
4. പ്രസ്തുത യോഗത്തില്‍ കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണെന്നും രാജസ്ഥാനിലും, ഗോവയിലും വന്യജീവി സങ്കേതങ്ങള്‍ക്കുള്ളിലും തൊട്ടടുത്തും നടക്കുന്ന മൈനിങ് അടക്കമു പ്രവര്‍ത്തികളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ വന്യജീവി സങ്കേതങ്ങളെ വിലയിരുത്തരുത് എന്നും, ഇന്ത്യക്കു തന്നെ മാതൃകയാകുന്ന തരത്തില്‍ വനവും വന്യജീവികയെയും സംരക്ഷിക്കുന്ന കേരളത്തില്‍ വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റും ഒരു ഷോക്ക് അബ്‌സോര്‍ ആയി പ്രവര്‍ത്തിക്കുന്ന ബഫര്‍ സോണിന്റെ ആവശ്യം ഇല്ല എന്നും ബോധ്യപ്പെടുത്തുക.
5. ഒരു കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ ആകാം എന്നുള്ള 29/2019 വനം ഉത്തരവ് റദ്ദാക്കുക.
6. സുപ്രീം കോടതി വിധി പ്രകാരം ഒരു കിലോമീറ്റര്‍ ബഫര്‍ സോണിനുള്ളില്‍ നിലവിലുള്ള കെട്ടിടങ്ങളുടെ കണക്ക് എടുക്കുന്ന കൂട്ടത്തില്‍, ടി സോണിനുള്ളില്‍ വരുന്ന മുഴുവന്‍ ആളുകളുടെയും വീടുകളുടെയും, വ്യാപാര സ്ഥാപനങ്ങളുടെയും എണ്ണവും, കൃഷിയിടങ്ങളുടെ വിസ്തീര്‍ണവും തരം തിരിച്ചു തയ്യാറാക്കി വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിക്കുകയും അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തില്‍ ഈ ബഫര്‍ സോണ്‍ പ്രായോഗികമല്ല എന്ന് ഡേറ്റയുടെ അടിസ്ഥാനത്തില്‍ കേന്ദ്രത്തെ ബോധിപ്പിക്കുകയും ചെയ്യുക. ഇതിനായി റവന്യൂ, കൃഷി, ഫോറസ്റ്റ്, പഞ്ചായത്തു വകുപ്പുകളുടെ സംയുക്ത ടീം ഉടനെ രൂപീകരിക്കുക.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 29.65 ശതമാനവും സംരക്ഷിത വനങ്ങളാണ്. 2021ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ വൃക്ഷാവരണം 59.79 ശതമാനമാണ്. (ദേശീയ ശരാശരി 36.18 മാത്രമാണ്). ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 1.2 ശതമാനം മാത്രം വിസ്തൃതിയുള്ള കേരളത്തിലാണ് ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും നാല് ശതമാനം (24 എണ്ണം) നിലനില്‍ക്കുന്നത്.
ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് ദുഷ്‌ക്കരമായ സാഹചര്യത്തിലും കേരളം ഏറ്റവും മികച്ച രീതിയില്‍ വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്ന സംസ്ഥാനമാണെന്നും ഉത്തരന്ത്യേന്‍ സംസ്ഥാനങ്ങളിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഏകശിലാരൂപത്തില്‍ വന്ന വന നിയമങ്ങള്‍ കേരളത്തിലെ റവന്യൂ ഭൂമിയില്‍ അടിച്ചേല്‍പ്പിക്കുന്നത് സമാന്യ നിയമങ്ങളുടെ ലംഘനമാണെന്നും കെസിബിസി വ്യക്തമാക്കി.
ബഫര്‍ സോണ്‍ വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ ഇനിയും ഉണ്ടാകുമെന്ന് കെസിബിസി പ്രതിനിധി സംഘം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.