മുംബൈ: മണ്ണിന്റെ മക്കള്‍ വാദവും അതിതീവ്ര ഹിന്ദുത്വവുമാണ് ശിവസേനയുടെ മുഖമുദ്ര. ആ ശിവസേനയില്‍ നിന്ന് ഒരു പൂവിറുക്കുന്ന ലാഘവത്തോടെ നിശബ്ദമായി ഒരു പാര്‍ട്ടിയെ തന്നെ ഞെട്ടിച്ചാണ് ഏക്‌നാഥ് ഷിന്‍ഡെയെന്ന നേതാവ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുന്നത്. വ്യക്തിജീവിതത്തില്‍ അതികഠിനമായ വഴികളിലൂടെ സഞ്ചരിച്ച ഷിന്‍ഡെയുടെ ജീവിതം മറാത്ത രാഷ്ട്രീയം പോലെ നാടകീയത നിറഞ്ഞതാണ്.
മഹാരാഷ്ട്രയിലെ സതാരയിലെ ജവാലി താലൂക്കിലാണ് ഷിന്‍ഡെയുടെ ജനനം. പതിനൊന്നാം ക്ലാസ് വരെ പഠിച്ചശേഷം കുടുംബത്തിലെ ദാരിദ്യമകറ്റാന്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ കുപ്പായമണിഞ്ഞു. ഇതിനുശേഷം കുറച്ചുകാലം മദ്യ നിര്‍മാണ കമ്പനിയിലും ജോലി ചെയ്തു.
ആനന്ദ് ദിഗെയുടെ തണലില്‍ വളര്‍ച്ച
താനെയിലെ ജനകീയനായ ശിവസേന നേതാവായിരുന്നു ആനന്ദ് ദിഗെ. ഷിന്‍ഡെയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് ദിഗെയാണ്. ബാല്‍ താക്കറെയെ പോലെ ശിവസേന അണികള്‍ക്കിടയില്‍ ജനകീയനായിരുന്നു ദിഗെ. ഷിന്‍ഡെയിലെ സംഘാടകനെ തിരിച്ചറിഞ്ഞ ദിഗെ കൂടുതല്‍ ചുമതലകള്‍ അദേഹത്തെ ഏല്‍പ്പിച്ചു തുടങ്ങി. ആ സമയത്താണ് ഷിന്‍ഡെയുടെ ജീവിതത്തിലെ ഏറ്റവും മോശം സംഭവങ്ങള്‍ അരങ്ങേറുന്നത്.
2000 ജൂണ്‍ രണ്ടിന്, ഷിന്‍ഡെയുടെ മക്കളായ ദിപേഷും (11 വയസ്), ശുഭദയും (7 വയസ്) തടാകത്തില്‍ ബോട്ടിംഗിനിടെ മുങ്ങിമരിച്ചു. അന്ന് താനെ കോര്‍പ്പറേഷന്‍ അംഗമായിരുന്നു ഷിന്‍ഡേ. കുട്ടികളുടെ മരണത്തെ തുടര്‍ന്ന് വിഷാദാവസ്ഥയിലായ ഷിന്‍ഡെയെ ജീവിതത്തിലേയ്ക്കും രാഷ്ട്രീയത്തിലേയ്ക്കും തിരിച്ചു കൊണ്ടുവന്നത് ആനന്ദ് ദിഗെ ആയിരുന്നു.
വിഷാദാവസ്ഥയില്‍ നിന്ന് മോചനം നേടാനായി ഏക്‌നാഥിനെ കൂടുതല്‍ ഉത്തരവാദിത്തം ഏല്‍പ്പിച്ചുതുടങ്ങി. പിന്നീട് ഷിന്‍ഡേ തിരിഞ്ഞു നോക്കിയിട്ടില്ല. താമസിയാതെ, താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഏക്നാഥ് ഷിന്‍ഡെയെ സഭയുടെ നേതാവായി നിയമിച്ചു.
മക്കളുടെ ഓര്‍മയില്‍ തന്റെ സമ്പാദ്യത്തിന്റെ ഒരുപങ്ക് ഇന്നും അദേഹം അനാഥക്കുട്ടികളുടെ ക്ഷേമത്തിനായി ചെലവഴിക്കുന്നുണ്ട്. 2001 ല്‍ ദിഗെ ഒരു അപകടത്തില്‍ മരിച്ചശേഷം ദിഗെയുടെ വേഷവും രൂപവും ഷിന്‍ഡെയും കടമെടുത്തു.
കോപ്രി പച്പകാഡി മണ്ഡലത്തില്‍ നിന്നാണ് ഷിന്‍ഡെ തുടര്‍ച്ചയായി ജയിച്ചു വരുന്നത്. ഓരോ തവണയും ഭൂരിപക്ഷം കൂടികൂടി വരുന്നത് അദേഹത്തിന്റെ ജനകീയത വിളിച്ചോതുന്നു. ശിവസേനയുടെ നേതൃത്വം തന്നെ പിടിച്ചെടുത്ത ഷിന്‍ഡെ ഇനി ഉദ്ധവ് താക്കറെയെയും മകനെയും എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയണം.
കേരളത്തിലെ പ്രളയത്തില്‍ ആദ്യം ഓടിയെത്തിയ നേതാവ്
മഹാരാഷ്ട്രയിലെ മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ഷിന്‍ഡെ. കേരളത്തെ പിടിച്ചു കുലുക്കിയ 2018 ലെ പ്രളയസമയത്ത് ആദ്യം സഹായവുമായി ഓടിയെത്തിയ ഇതരസംസ്ഥാന നേതാക്കളിലൊരാള്‍ ഏക്‌നാഥ് ഷിന്‍ഡെയാണ്. അന്ന് കല്യാണ്‍ എംപിയും ഡോക്ടറുമായ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയ്‌ക്കൊപ്പം ടണ്‍ കണക്കിന് അവശ്യവസ്തുക്കളുമായാണ് അദേഹം കേരളത്തിലെത്തിയത്.
മുംബൈ, താനെ മേഖലകളിലെ മലയാളികളുമായി അടുത്ത ബന്ധമാണ് ഷിന്‍ഡെയ്ക്കുള്ളത്. തിരഞ്ഞെടുപ്പുകളില്‍ വോട്ടുപിടിക്കാന്‍ ഷിന്‍ഡെ മലയാളത്തിലും നോട്ടിസുകള്‍ അച്ചടിക്കാറുണ്ട്. കേരളവുമായി അടുത്ത ബന്ധമുള്ള ഷിന്‍ഡെ മുഖ്യമന്ത്രിയായതോടെ മുംബൈയിലെയും പൂനെയിലെയും മലയാളികള്‍ക്ക് അത് കൂടുതല്‍ ഗുണകരമാകുമെന്നുറപ്പാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.