സര്‍വകലാശാല പരീക്ഷകളില്‍ മോഡറേഷന്‍ വേണ്ടെന്ന് പരീക്ഷ പരിഷ്‌കരണ കമീഷന്‍

സര്‍വകലാശാല പരീക്ഷകളില്‍ മോഡറേഷന്‍ വേണ്ടെന്ന് പരീക്ഷ പരിഷ്‌കരണ കമീഷന്‍

തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകളില്‍ വിജയശതമാനം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള മോഡറേഷന്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച പരീക്ഷ പരിഷ്കരണ കമീഷന്‍ ശിപാര്‍ശ.

സര്‍വകലാശാലകള്‍ മോഡറേഷന്‍ നയം രൂപവത്കരിച്ച്‌ നടപ്പാക്കണമെന്നും എം.ജി സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാര്‍ അധ്യക്ഷനായ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വകലാശാല പാഠ്യപദ്ധതികള്‍ പഠനനേട്ടം ഉറപ്പുവരുത്തുന്ന (ഔട്ട്-കം ബേസ്ഡ്) രീതിയില്‍ പരിഷ്കരിക്കാനുള്ള നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിനനുസൃതമായി നവീന മൂല്യനിര്‍ണയരീതി നടപ്പാക്കണം.

പാഠ്യപദ്ധതി മുതല്‍ മൂല്യനിര്‍ണയ രീതി വരെ പരിഷ്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അധ്യാപക പരിശീലനത്തിനുമായി സര്‍വകലാശാലകളില്‍ പാഠ്യപദ്ധതി വികസന കേന്ദ്രം സ്ഥാപിക്കണം.

മുന്‍ സെമസ്റ്ററുകളില്‍ വിജയിക്കുകയും അവസാന വര്‍ഷത്തെ രണ്ട് സെമസ്റ്ററില്‍ രണ്ട് കോഴ്സുകളില്‍ (പേപ്പറുകള്‍) കൂടാത്ത പരീക്ഷകളില്‍ പരാജയപ്പെടുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം നഷ്ടപ്പെടാത്ത രീതിയില്‍ (സേ) പ്രത്യേക സപ്ലിമെന്‍ററി പരീക്ഷ നടത്താം. അവസാന സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിച്ച്‌ മൂന്നുമാസത്തിനകം ഈ പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കണം.

അവസാന പരീക്ഷ പൂര്‍ത്തിയായി 30 ദിവസത്തിനകം ഫലം പ്രഖ്യാപിക്കണം. ഫലം പ്രസിദ്ധീകരിച്ച്‌ 15 ദിവസത്തിനകം പ്രൊവിഷനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റ്/ ഗ്രേഡ് കാര്‍ഡും 30 ദിവസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കണം. രജിസ്ട്രാര്‍മാരായ ഡോ. കെ.എസ്. അനില്‍കുമാര്‍ (കേരള), ഡോ.എ. പ്രവീണ്‍ (കെ.ടി.യു), കാലിക്കറ്റ് മുന്‍ രജിസ്ട്രാര്‍ ഡോ.സി.എല്‍. ജോഷി എന്നിവരാണ് കമീഷന്‍ അംഗങ്ങള്‍. റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിന് കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.