കൊല്‍ക്കത്ത: പ്രതിപക്ഷത്തെ പാര്‍ട്ടികളെല്ലാം ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുക. ആ സ്ഥാനാര്‍ഥിയെ പിന്താങ്ങിയവര്‍ ഓരോരുത്തരായി വലിയുക. സംഭവബഹുലമായ നാടകീയതകളാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പ് അരങ്ങേറുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ ഞെട്ടിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് സാക്ഷാല്‍ മമത ബാനര്‍ജിയാണ്.
യശ്വന്ത് സിന്‍ഹയെക്കാള്‍ നല്ല സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു തന്നെയാണെന്ന് പരസ്യമായി സമ്മതിച്ചിരിക്കുകയാണ് ദീദി. മുര്‍മുവായിരുന്നു സ്ഥാനാര്‍ഥിയെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ പിന്തുണയ്ക്കുമായിരുന്നുവെന്നും മമത വെളിപ്പെടുത്തി. കൊല്‍ക്കത്തയില്‍ ഇസ്‌കോണ്‍ രഥയാത്രയുടെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. മമതയുടെ തുറന്നു പറച്ചില്‍ പ്രതിപക്ഷത്തെ അനൈക്യത്തിന്റെ മറ്റൊരു നേര്‍ക്കാഴ്ച്ചയായി മാറി.
എപിജെ അബ്ദുള്‍കലാമിനെ പോലെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഒരാള്‍ മാത്രമുണ്ടാവുന്നതാണ് രാജ്യത്തിന് നല്ലത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി തന്റെ അഭിപ്രായം തേടിയിരുന്നു. പക്ഷെ സ്ഥാനാര്‍ത്ഥിയായി കണ്ടിരിക്കുന്നത് ആരെയാണെന്ന് പറഞ്ഞില്ലെന്ന് മമത വെളിപ്പെടുത്തി.
ദ്രൗപതി മുര്‍മുവിനെ പിന്തുണക്കാനുള്ള സാധ്യതകള്‍ ഇപ്പോഴും അടഞ്ഞിട്ടില്ലെന്ന് മമത സൂചിപ്പിച്ചു. 'എന്നാല്‍ ആ തീരുമാനം എനിക്ക് ഒറ്റക്കെടുക്കാന്‍ കഴിയില്ല. പ്രതിപക്ഷ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് 17 രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നത്. മറ്റുള്ളവര്‍ സമ്മതിച്ചില്ലെങ്കില്‍, എനിക്ക് ഒറ്റയ്ക്ക് ഒന്നും തീരുമാനിക്കാന്‍ കഴിയില്ല. സമാധാനപൂര്‍ണമായ രാഷ്ട്രപതി തെരഞ്ഞെടുക്കണം എന്നതാണ് എന്റെ ആഗ്രഹം', മമത പറഞ്ഞു.
അഞ്ചോളം പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. ജെഡിയു, ജെഎംഎം, ബിജെഡി, ജെഡിഎസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങി പ്രതിപക്ഷത്തെ പാര്‍ട്ടികളെല്ലാം ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.