ഗൂഗിളിൽ കണ്ട കൗതുകത്തിൽ കൃഷി തുടങ്ങി; നൂറുമേനി വിജയം കൊയ്ത് അനിറ്റ് ടീച്ചർ

ഗൂഗിളിൽ കണ്ട കൗതുകത്തിൽ കൃഷി തുടങ്ങി; നൂറുമേനി വിജയം കൊയ്ത് അനിറ്റ് ടീച്ചർ

തൊടുപുഴ: പഴയ തലമുറ വരുമാന മാർഗത്തിന് വേണ്ടിയാണ് കൃഷി ചെയ്തിരുന്നതെങ്കിൽ പുതിയ തലമുറയ്ക്ക് കൃഷിയിലേയ്ക്ക് ഇറങ്ങാൻ പല കാരണങ്ങളാണ് പ്രചോദനമാകുന്നത്. ഇവിടെ ഇതാ ഒരു ടീച്ചർ ഗൂഗിളില്‍ കണ്ട കൗതുകത്തിന് തുടങ്ങിയ ഡ്രാഗന്‍ പഴങ്ങളുടെ കൃഷി ഇപ്പോള്‍ നൂറുമേനി വിജയം നേടിയിരിക്കുകയാണ്.

തൊടുപുഴ കുമാരമംഗലം വടക്കേപ്പറമ്പില്‍ അനിറ്റ് തോമസ് രണ്ടു വര്‍ഷം മുന്‍പ് ഓണ്‍ലൈനില്‍ ക്ലാസുകൾ എടുക്കുന്ന കാലത്ത് ഗൂഗിളില്‍ നോക്കി എത്തിയത് ഡ്രാഗന്‍ പഴങ്ങളിലേക്കായിരിന്നു. പോഷകസമൃദ്ധവും കാണാനുള്ള കൗതുകവുമാണ് ഈ കൃഷിയിലേക്ക് അനിറ്റ് ടീച്ചറെ എത്തിച്ചത്. തൊടുപുഴ കോഓപ്പറേറ്റീവ് സ്‌കൂളിലെ ബയോളജി അധ്യാപികയാണ് അനിറ്റ് തോമസ്.

കൃഷിയില്‍ താല്‍പ്പര്യമുണ്ടായിരുന്ന അനിറ്റ് കൂടുതല്‍ പഠനം നടത്തിയപ്പോള്‍ വീട്ടില്‍ കൃഷിയാരംഭിക്കാം എന്ന് ഭര്‍ത്താവ് ഡെന്നിയോട് പറയുകയായിരുന്നു. ഡെന്നിയുടെ സഹായവും ഭര്‍ത്തൃപിതാവ് വര്‍ക്കി ജേക്കബിന്റെ പിന്തുണയുമായപ്പോള്‍ അനിറ്റ് തോമസിനെ നല്ലൊരു ഡ്രാഗന്‍ പഴങ്ങളുടെ കൃഷിക്കാരിയാക്കി മാറ്റിയത്.

തരിശായിക്കിടന്ന നീര്‍വാര്‍ച്ചയുള്ള 30 സെന്റ് സ്ഥലം വെട്ടിത്തെളിച്ച്‌ 7- 9 അകലത്തില്‍ കോണ്‍ക്രീറ്റ് കാലുകള്‍ നാട്ടി നല്ലയിനം 800 ഓളം ചെടികള്‍ പ്ലാന്റേഷനുകളില്‍ നിന്നും കണ്ടെത്തി വാങ്ങി കൃഷി ആരംഭിച്ചു. വെള്ള, ചുവപ്പ്, മഞ്ഞ ഇനം പഴങ്ങള്‍ ഉണ്ടാകുന്ന ചെടികളുണ്ട് എങ്കിലും ചുവപ്പ് ചെടിയാണ് കൃഷിക്ക് തെരഞ്ഞെടുത്തത്. രണ്ടു ലക്ഷത്തോളം ചെലവു വന്നെങ്കിലും ആത്മവിശ്വാസത്തോടെ കൃഷി തുടര്‍ന്നു.

വേനല്‍ക്കാലത്ത് നല്ല നന നല്‍കി. ജൈവവളപ്രയോഗങ്ങള്‍ നടത്തി. ഇപ്പോള്‍ നിറയെ പൂവുകളും വിളവെടുക്കാറായ ഫലങ്ങളുമായി. പഴങ്ങള്‍ വാങ്ങാന്‍ എറണാകുളത്ത് നിന്നും മൊത്തക്കച്ചവടക്കാര്‍ വീട്ടിലെത്തി ശേഖരിച്ചു പോകും. നല്ല വിലയും കിട്ടി. പഴങ്ങളും തൈകളും വിറ്റ് മുടക്കുമുതല്‍ നേടിക്കഴിഞ്ഞു.

അനിറ്റ് യൂ ട്യൂബ് ചാനലിലൂടെയും ഫേസ് ബുക്കിലൂടെയും ഇടവേളകളില്‍ കൃഷി രീതികള്‍ പഠിപ്പിച്ച്‌ വരുന്നു. അനിറ്റ് ടീച്ചറിനെ കുമാരമംഗലം പഞ്ചായത്ത് കഴിഞ്ഞ വര്‍ഷത്തിലെ മികച്ച വനിതാ കര്‍ഷകയായി തെരഞ്ഞെടുത്ത് ആദരിച്ചിരുന്നു. മക്കളായ അലന്‍ ഡെന്നിയും മിലന്‍ ഡെന്നിയും അമ്മയുടെ സഹായത്തിനായി ഒപ്പമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.