മാര്‍ ജോയി ആലപ്പാട്ട് ചിക്കാഗോ രൂപതാ മെത്രാന്‍; സ്ഥാനാരോഹണ തിയതി പിന്നീട് തീരുമാനിക്കും

മാര്‍ ജോയി ആലപ്പാട്ട് ചിക്കാഗോ രൂപതാ മെത്രാന്‍; സ്ഥാനാരോഹണ തിയതി പിന്നീട് തീരുമാനിക്കും

കൊച്ചി: അമേരിക്കയിലെ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രണ്ടാമത്തെ മെത്രാനായി ബിഷപ് മാര്‍ ജോയി ആലപ്പാട്ടിനെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിയമന വിവരം അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ലെയോപോള്‍ദോ ജിറേല്ലി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രത്യേക സന്ദേശം വഴി അറിയിച്ചു.

ജൂലൈ മൂന്നിന് ഇറ്റാലിയന്‍ സമയം പന്ത്രണ്ട് മണിക്ക് റോമിലും ഇന്ത്യന്‍ സമയം വൈകുന്നേരം 3.30 ന് സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലമായ മൗണ്ട് സെന്റ് തോമസിലും ചിക്കാഗോയിലെ രൂപതാ ആസ്ഥാനത്ത് രാവിലെ ആറിനും ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടന്നു. സീറോ മലബാര്‍ സഭയുടെ ചിക്കാഗോ സെന്റ് തോമസ് രൂപതയില്‍ സഹായ മെത്രാനായി സേവനം ചെയ്തു വരികയായിരുന്നു മാര്‍ ജോയി ആലപ്പാട്ട്. സ്ഥാനാരോഹണ തിയതി പിന്നീട് തീരുമാനിക്കും.

ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകയില്‍ 1956 സെപ്റ്റംബര്‍ 27 നാണ് ബിഷപ് ജോയി ആലപ്പാട്ടിന്റെ ജനനം. ഇരിങ്ങാലക്കുട മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലും വൈദിക പഠനം പൂര്‍ത്തിയാക്കി 1981 ഡിസംബര്‍ 31 ന് വൈദികപട്ടം സ്വീകരിച്ചു. ഇരിങ്ങാലക്കുട രൂപതയിലും ചെന്നൈ മിഷനിലും അജപാലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കി. 1993 ലാണ് അദ്ദേഹം അജപാലന ശുശ്രൂഷയ്ക്കായി അമേരിക്കയില്‍ എത്തിയത്. വിവിധ മിഷന്‍ കേന്ദ്രങ്ങളുടെ ഡയറക്ടറായും മാര്‍ തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വികാരിയായും സേവനമനുഷ്ഠിച്ചു. അതിനിടയില്‍ വാഷിങ്ങ്ടണിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്ലിനിക്കല്‍ പാസ്റ്ററല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കി.

2014 ജൂലൈ 24ന് രൂപതയുടെ സഹായ മെത്രാനായി നിയമിതനായ അദ്ദേഹം രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങളില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനോടു ചേര്‍ന്ന് എട്ടു വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായിട്ടാണ് മാര്‍ ജോയി ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ ഇടയസ്ഥാനം എറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ രാജി സ്വീകരിച്ചു കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ നിയമനം നടത്തിയിരിക്കുന്നത്. 75 വയസ് പൂര്‍ത്തിയായപ്പോള്‍ മാര്‍ അങ്ങാടിയത്ത് കാനന്‍ നിയമം അനുശാസിക്കുന്ന വിധം പരിശുദ്ധ പിതാവിന് രാജി സമര്‍പ്പിച്ചിരുന്നു.

2001 മാര്‍ച്ച് 13 നാണ് ചിക്കാഗോ സെന്റ് തോമസ് രൂപത രൂപീകൃതമായത്. 2001 ജൂലൈ ഒന്നിന് മെത്രാന്‍പട്ടം സ്വീകരിച്ച മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ അജപാലന നേതൃത്വത്തില്‍ ഇടവകകളും മിഷന്‍ സെന്ററുകളും രൂപീകരിക്കപ്പെട്ടു. രൂപതയുടെ കത്തീഡ്രല്‍ ദേവാലയം, രൂപതാ കാര്യലയത്തിനാവശ്യമായ സൗകര്യങ്ങള്‍ തുടങ്ങിയവ സജ്ജീകരിച്ചു.

തന്റെ ഇടയ ശുശ്രൂഷയുടെ ഫലമായി അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ കൂട്ടായ്മയും രൂപതയ്ക്ക് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തിയാണ് മാര്‍ ജേക്കബ് അങ്ങാടിയത്ത് തന്റെ പിന്‍ഗാമിക്ക് രൂപതാ ഭരണം കൈമാറുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.