പട്ന: ഒരു കുടുംബത്തെ മുഴുവന്‍ 41 വര്‍ഷക്കാലം കബളിപ്പിച്ച് ആഡംബര ജീവിതം നയിച്ചയാള്‍ക്ക് തടവ് ശിക്ഷ. ബീഹാറിലെ നളന്ദ ജില്ലയിലെ മുര്‍ഗാവന്‍ എന്ന ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ കാമേശ്വര്‍ സിങ് എന്ന ധനികനായ ഭൂവുടമയേയും കുടുംബത്തെയുമാണ് ദയാനന്ദ് ഗൊസൈന്‍ എന്നയാള്‍ കബളിപ്പിച്ചത്. ആള്‍മാറാട്ടക്കേസില്‍ കോടതി ഇയാളെ ഏഴു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കാമേശ്വര്‍ സിങിന്റെ മക്കള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ദയാനന്ദ് ഗൊസൈന്‍ ശിക്ഷിക്കപ്പെട്ടത്.
1977ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാമേശ്വര്‍ സിങിന്റെ 16 വയസുള്ള മകനെ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കാണാതായി. പിന്നീട് 1981ല്‍ ദയാനന്ദ് ഗൊസൈന്‍ ഗ്രാമത്തിലെത്തി കാമേശ്വറിന്റെ കാണാതായ മകനെന്ന് അവകാശപ്പെട്ടു. പ്രായാധിക്യത്താല്‍ കാഴ്ച മങ്ങിയ കാമേശ്വര്‍ ഇയാളെ വീട്ടിലേക്ക് കൊണ്ട് വന്നു. എന്നാല്‍ കാമേശ്വറിന്റെ ഭാര്യ രാംസഖി അവകാശവാദവുമായി എത്തിയത് തന്റെ മകനല്ലെന്ന് പൊലീസില്‍ പരാതിപ്പെട്ടു.
തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇയാള്‍ ജാമ്യത്തിലിറങ്ങി കാമേശ്വറിനെ കബളിപ്പിച്ച് കാണാതായ മകനായി ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും വിവാഹിതനാവുകയും ചെയ്തു. 40 വര്‍ഷക്കാലം ഇയാള്‍ കനയ്യ സിങായി ജീവിച്ചു. ഇതിനിടെ കാമേശ്വറിന്റെ മക്കള്‍ പരാതിയുമായി രംഗത്തെത്തി. എന്നാല്‍ കാമേശ്വറും ഭാര്യയും മരിച്ചതിന് പിന്നാലെ പ്രതി ഇവരുടെ 37 ഏക്കര്‍ സ്ഥലം വില്‍ക്കുകയും കുടുംബ വീടിന്റെ ഒരു ഭാഗം സ്വന്തമാക്കുകയും ചെയ്തു.
ഡിഎന്‍എ പരിശോധന അടക്കമുള്ളവയ്ക്ക് ഇയാള്‍ തയ്യാറായില്ല. നിരന്തരമായ അന്വേഷണത്തിന് ശേഷം ജാമുവി സ്വദേശിയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയും കേസെടുക്കുകയുമായിരുന്നു. നാല്‍പത് വര്‍ഷത്തിനിടെ ഒരു ഡസനോളം ജഡ്ജിമാരാണ് ഈ കേസ് കേട്ടത്. ഒടുവില്‍ കുടുംബത്തിന് അനുകൂലമായി വിധി വരികയായിരുന്നു.
എന്നാല്‍ ഇപ്പോഴും യഥാര്‍ത്ഥ കനയ്യ സിങിന് എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.