പൊലീസിന് തലവേദനയായി എകെജി സെന്റര്‍ ആക്രമണം: ഒരാഴ്ചയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

 പൊലീസിന് തലവേദനയായി എകെജി സെന്റര്‍ ആക്രമണം: ഒരാഴ്ചയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ച് ഒരാഴ്ച തികഞ്ഞിട്ടും പ്രതിക്കായി ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് സംസ്ഥാന പൊലീസ് സംവിധാനം. സിസിടിവിയും മൊബൈല്‍ ടവറും കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണം തുടരുന്നത്. എകെജി സെന്ററിന് നേരെ എറിഞ്ഞത് പ്രഹരശേഷിയുള്ള സ്‌ഫോടക വസ്തുവല്ല എന്ന ഫൊറന്‍സിക് കണ്ടെത്തല്‍ ഇന്നലെ പുറത്തു വന്നിരുന്നു.

വൈകാതെ പ്രതിയിലേക്ക് എത്താനാകുന്ന ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് പറയുന്നത്. രണ്ട് ഡിവൈഎസ്പിമാരും ഷാഡോ സംഘവും സൈബര്‍ സംഘവും നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നും തെരഞ്ഞെടുത്ത മിടുക്കരായ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് ഇങ്ങിനെ നട്ടം തിരിയുന്നത്.

സംഭവത്തിന് പിന്നില്‍ ആരാണ്, ഇനി എങ്ങിനെ കണ്ടെത്തും എന്നതിനൊന്നും യാതൊരു ഉത്തരവുമില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചിട്ടും കൂളായി കടന്നു പോയ പ്രതിയെ കിട്ടാത്തത് പൊലീസിന് മാത്രമല്ല സര്‍ക്കാറിനാകെ വലിയ നാണക്കേടാണ്.

എകെജി സെന്ററിന്റെ സിസിടിവിയില്‍ നിന്നും കിട്ടിയ ദൃശ്യങ്ങള്‍ അവ്യക്തമാണ് എന്നതാണ് പ്രധാന പ്രശ്‌നം. പ്രതി വന്ന വാഹനത്തിന്റെ നമ്പര്‍ പോലും തിരിച്ചറിയാനായില്ല. പിന്നെ സംശയമുള്ളവരെ ചോദ്യം ചെയ്യലാണ്. അങ്ങിനെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്തതുമായ ആര്‍ക്കും സംഭവത്തിലെ പങ്ക് തെളിയിക്കാനായില്ല. ഇതുവരെ പരിശോധിച്ചത് മൂന്ന് ടവറുകളിലെ ആയിരത്തിലേറെ കോളുകളാണ്. എകെജി സെന്ററിന് സമീപത്തെ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലെയും 50 ലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമില്ല.

അതേസമയം പ്രതിയെ പിടി കിട്ടാത്തതാണോ പിടികൂടാത്തതാണോ എന്നും വ്യക്തമല്ല. പ്രതിപക്ഷ ആരോപണം പോലെ സിപിഎം ബന്ധമുള്ള ആരെങ്കിലുമായത് കൊണ്ടാണ് അന്വേഷണത്തിലെ ഇഴഞ്ഞു നീങ്ങല്‍ എന്ന സംശയവും ബലപ്പെടുന്നുണ്ട്. കാവലുണ്ടായിട്ടും നടന്ന അക്രമത്തിലെ പൊലീസ് വീഴ്ച അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പക്ഷെ ആ വഴിക്ക് ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല.

ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്‌ഫോടന ശേഷിയില്ലാത്ത വസ്തുക്കളെന്ന് ഫൊറന്‍സികിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് ഫൊറന്‍സിക്കിന് കിട്ടിയത് ഗണ്‍ പൗഡറിന്റെ അംശം മാത്രമാണ്. ലോഹചിളുകളോ, കുപ്പി ചില്ലുകളോ സ്‌ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ലെന്നാണ് ഫൊറന്‍സികിന്റെ പ്രാഥമിക നിഗമനം. നാടന്‍ പടക്കത്തിന് സമാനമായ സ്‌ഫോടക വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് ഫൊറന്‍സികിന്റെ പ്രാഥമിക നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.