പൊതുപരിപാടിക്കിടെ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു; നില അതീവ ഗുരുതരം

പൊതുപരിപാടിക്കിടെ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു; നില അതീവ ഗുരുതരം

ടോക്കിയോ: പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. പടിഞ്ഞാറന്‍ ജപ്പാനിലെ നാര നഗരത്തില്‍ വച്ചാണ് വെടിയേറ്റതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഇന്ത്യന്‍ പ്രാദേശിക സമയം രാവിലെ 8.29-നാണ് സംഭവം. ആബെയുടെ നില അതീവഗുരുതരമാണ്.


ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ

സംഭവത്തില്‍ വെടിയുതിര്‍ത്തതായി സംശയിക്കുന്നയാളെ പിടികൂടിയതായും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ജപ്പാന്‍ ആസ്ഥാനമായുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല്‍പ്പത്തിരണ്ടുകാരനായ ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിനു പൊലീസ് കേസെടുത്തു. വെടിവയ്പ്പില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ മാറ്റിവച്ച് ടോക്കിയോയിലേക്കു തിരിച്ചു. പിന്നില്‍നിന്നാണ് ആബെയ്ക്ക് വെടിയേറ്റതെന്നാണു റിപ്പോര്‍ട്ട്. വെടിയേറ്റ ഉടനെ ആബെ നിലത്ത് വീഴുകയും കഴുത്തില്‍ നിന്ന് രക്തം ചീറ്റുകയും ചെയ്തു. കൈത്തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവച്ചതെന്നു പൊലീസ് സ്ഥിരീകരിച്ചു. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെയായിരുന്നു വെടിയേറ്റത്.


അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്കു മാറ്റിയത്. ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയമിടിപ്പും ശ്വസനവും നിലച്ച അവസ്ഥയിലാണുള്ളത്.

തുടര്‍ച്ചയായ രണ്ട് വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ജാപ്പനീസ് പബ്ലിക് ബ്രോഡ്കാസ്റ്ററായ എന്‍എച്ച്കെ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിന്‍സോ ആബെ. 2006-ല്‍ ഒരു വര്‍ഷത്തേക്കും പിന്നീട് 2012 മുതല്‍ 2020 വരെയും പ്രധാനമന്ത്രി പദത്തിലിരുന്നു. പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മാറി നില്‍ക്കുകയായിരുന്നു. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ (എല്‍ഡിപി) സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണു വെടിയേറ്റത്.

അതേസമയം, തോക്കുപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണമുള്ള രാജ്യമാണ് ജപ്പാന്‍. തോക്ക് ലൈസന്‍സ് ലഭിക്കാന്‍ ഷൂട്ടിങ് അസോസിയേഷന്റെ ശിപാര്‍ശയും ശക്തമായ പൊലീസ് പരിശോധനകളും ഉള്‍പ്പെടെ കഴിയണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.