ബീജിങ്: രാജ്യത്തെ ജനസംഖ്യയും തൊഴില്‍ ശേഷിയും വര്‍ധിപ്പിക്കാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ചൈനീസ് സര്‍ക്കാര്‍. നികുതിയിളവ്, ഭവന വായ്പാ ഇളവ്, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുടങ്ങി പണം വരെ വാഗ്ദാനം ചെയ്താണ് രാജ്യത്തെ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നത്.
ജനസംഖ്യ കുറയ്ക്കാനായി ജനസംഖ്യാ നിയന്ത്രണം തന്നെ ഏര്‍പ്പെടുത്തിയ ചൈനീസ് സര്‍ക്കാരാണിപ്പോള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ദമ്പതികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
കടുത്ത ജനസംഖ്യാ നിയന്ത്രണത്തെ തുടര്‍ന്ന് രാജ്യത്തെ ജനസംഖ്യ കുറയുമെന്ന ഘട്ടമെത്തിയിരുന്നു. ജനസംഖ്യ തടയാന്‍ 'ഒറ്റ കുട്ടി നയ'വും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും വന്ധീകരണവും മറ്റും നടപ്പാക്കിയിരുന്നു. ഇതേതുടര്‍ന്ന് ചൈനയുടെ മാനവ വിഭവശേഷി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഒരു സ്ത്രീ ഒന്നില്‍ കൂടുതല്‍ അല്ലെങ്കില്‍ മൂന്ന് കുട്ടികളെയെങ്കിലും പ്രസവിക്കണമെന്നാണ് ചൈനീസ് ഭരണകൂടം ഇപ്പോള്‍ ആവശ്യപ്പെടുന്നത്
ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 അവസാനത്തോടെ ചൈനയില്‍ 141 കോടിയിലേറെ ജനങ്ങളുണ്ടായിരുന്നു. എന്നാല്‍ 10.62 ദശലക്ഷം മാത്രമാണ് നവജാത ശിശുക്കള്‍. ഇത് ചൈനയിലെ മരണനിരക്കിന് തുല്യമായിവരും.
പ്രായമായവരുടെ എണ്ണം കൂടുകയും രാജ്യത്തെ മുന്നോട്ടു നയിക്കുന്ന യുവത്വം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ചൈനീസ് ഭരണകൂടം രംഗത്തെത്തിയത്.
വിവാഹിതരായ ദമ്പതികള്‍ക്ക് മാത്രമാവും പുതിയ തീരുമാനപ്രകാരം കുഞ്ഞുണ്ടാവുന്നതിന് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കൂ. ഏക രക്ഷിതാവിന് പിറക്കുന്ന കുട്ടികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകാന്‍ ചൈനയില്‍ ഇപ്പോഴും നീണ്ട യാതന അനുഭവിക്കേണ്ടതുണ്ട്. അവിവാഹിതയായ ഗര്‍ഭിണികള്‍ക്ക് സര്‍ക്കാറിന്റെ ചികിത്സയും പ്രസവാവധി ആനുകൂല്യം ലഭിക്കാവുന്ന ഇന്‍ഷുറന്‍സുകളും നിഷേധിക്കുന്ന അവസ്ഥയാണുള്ളത്. ഇവരെ തൊഴിലുടമകള്‍ ഗര്‍ഭത്തിന്റെ പേരില്‍ അധിക്ഷേപിച്ചാല്‍ പോലും നിയമ പരിരക്ഷ ലഭിക്കുകയില്ല.
ചൈനയില്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ വിദ്യാഭ്യാസം ഉള്ളവരും സാമ്പത്തികമായി മെച്ചപ്പെട്ട് നില്‍ക്കുന്നവരുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പല സ്ത്രീകളും വിവാഹവും കുടുംബവും കുട്ടികളും ഒരു ബാധ്യതയായിട്ടാണ് കണക്കാക്കുന്നത്.
അനുകൂല നടപടികള്‍ പലതും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ടെങ്കിലും ഉയരുന്ന നാണ്യപ്പെരുപ്പവും ജീവിത ചെലവുകളും മൂലം കൂടുതല്‍ കുട്ടികളെ വളര്‍ത്തുന്നതിനോട് ജനങ്ങള്‍ പൊതുവേ അഭിമുഖ്യം കാട്ടുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.