ജെയിംസ് വെബ്ബില്‍ നിന്നുള്ള ആദ്യ സമ്പൂര്‍ണ്ണ ചിത്രം ബൈഡന്‍ പുറത്തിറക്കി; പ്രപഞ്ചത്തിലെ അത്ഭുത കാഴ്ച്ചകള്‍ക്ക് ഇനി പരിധിയില്ല

ജെയിംസ് വെബ്ബില്‍ നിന്നുള്ള ആദ്യ സമ്പൂര്‍ണ്ണ ചിത്രം ബൈഡന്‍ പുറത്തിറക്കി; പ്രപഞ്ചത്തിലെ അത്ഭുത കാഴ്ച്ചകള്‍ക്ക് ഇനി പരിധിയില്ല

വാഷിങ്ടണ്‍: പ്രപഞ്ചത്തിന്റെ അത്ഭുത കാഴ്ച്ചകളിലേക്ക് മിഴി തുറന്ന് ജെയിംസ് വെബ്ബ് ദൂരദര്‍ശിനിയില്‍ നിന്നുള്ള ആദ്യ സമ്പൂര്‍ണ്ണ ചിത്രം പുറത്തുവന്നു. വാഷിങ്ടണിലെ വൈറ്റ് ഹൗസില്‍ നാസാ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആദ്യ ചിത്രത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.

7,600 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന കരീന നെബുല എന്ന നക്ഷത്ര കൂട്ടങ്ങളുടെ ചിത്രമാണ് പുറത്തുവിട്ടത്. ദൂരദര്‍ശിനി പകര്‍ത്തിയ നാല് ചിത്രങ്ങളില്‍ ശേഷിക്കുന്ന മൂന്ന് ചിത്രങ്ങള്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30 റിലീസ് ചെയ്യുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.

പ്രപഞ്ചത്തിന്റെ ഇതുവരെ പകര്‍ത്തിയതില്‍ ഏറ്റവും തെളിമയും വ്യക്തതയുമുള്ള ചിത്രമാണിത്. മഹാവിസ്‌ഫോടത്തിന് ശേഷം 13 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപം കൊണ്ടതായി കരുതുന്ന നക്ഷത്രസമൂഹത്തിന്റെ ചിത്രം ആദ്യമായാണ് മനുഷ്യരിലേക്ക് എത്തുന്നതെന്ന് നെല്‍സണ്‍ പറഞ്ഞു.


വാഷിങ്ടണിലെ വൈറ്റ് ഹൗസില്‍ നാസാ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജെയിംസ് വെബ്ബ് ദൂരദര്‍ശിനിയില്‍ നിന്നുള്ള ആദ്യ സമ്പൂര്‍ണ്ണ ചിത്രം പുറത്തിറക്കുന്നു.

ചരിത്രപരമായ നിമിഷമെന്നാണ് ചിത്രം അനാച്ഛാദനം ചെയ്തുകൊണ്ട് ബൈഡന്‍ പറഞ്ഞത്. ''ഇത് മനസ്സിലാക്കാന്‍ പോലും പ്രയാസമാണ്. അത്ഭുതപ്പെടുത്തുന്നതാണ്. ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും മനുഷ്യരാശിക്കും ഇതൊരു ചരിത്ര നിമിഷമാണ്.''-ബൈഡന്‍ പറഞ്ഞു.

ആകാശത്തിലെ ഏറ്റവും വലുതും തെളിച്ചമുള്ളതുമായ നക്ഷത്രസമൂഹങ്ങളില്‍ ഒന്നാണ് കരീന നെബുല. സൂര്യനേക്കാള്‍ പിണ്ഡമുള്ള നിരവധി നക്ഷത്രങ്ങളുടെ ആവാസ കേന്ദ്രമാണിത്. 7,600 പ്രകാശവര്‍ഷം അകലെയാണ് ഇതിന്റെ സ്ഥാനം. ജെയിംസ് വെബിന്റെ നിയര്‍-ഇന്‍ഫ്രാറെഡ് ക്യാമറയില്‍ 12.5 മണിക്കൂറിനുള്ളില്‍ പതിഞ്ഞ കരീന നെബുല നക്ഷത്രസമൂഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ചിത്രങ്ങളില്‍ നക്ഷത്രങ്ങള്‍ക്ക് തിളക്കമുള്ള ആറ് നീണ്ട കാലുകള്‍ ഉള്ളതായി കാണാം. എന്നാല്‍ ടെലസ്‌കോപ്പിലെ കണ്ണാടികള്‍ക്ക് ആറുവശങ്ങള്‍ ഉള്ളതിനാലാണ് ചിത്രങ്ങള്‍ക്കും ഇങ്ങനെ സംഭവിക്കുന്നത്. ചിത്രത്തിന്റെ നടുവിലായി കാണുന്നത് എച്ച്ഡി147980 എന്ന നക്ഷത്രമാണ്. വലതുവശത്ത് മൂലയിലുള്ള ചിത്രം 2മാസ് 16235798 പ്ലസ് 2826079 എന്ന തിളക്കമേറിയ നക്ഷത്രസമൂഹങ്ങളുമാണ്.


ജെയിംസ് വെബ്ബ് ദൂരദര്‍ശിനിയില്‍ നിന്നുള്ള കരീന നെബുല നക്ഷത്രസമൂഹത്തിന്റെ ചിത്രം

ചിത്രത്തില്‍ ചിതറിക്കിടക്കുന്ന മറ്റു പ്രകാശഭാഗങ്ങള്‍ ആയിരക്കണക്കിന് ഗാലക്‌സികളാണ്. മങ്ങിയ നിറത്തില്‍ കാണുന്ന പ്രകാശഭാഗങ്ങള്‍ ഫെയിന്റ് ഗാലക്‌സികളാണ്. ഇതുവരെ പകര്‍ത്തപ്പെട്ടതില്‍ ഏറ്റവും വിദൂരമായ ദൃശ്യങ്ങളാണ് വെബ് ടെലസ്‌കോപ്പ് പകര്‍ത്തിയതെന്നും ടെലസ്‌കോപ്പിന്റെ ആദ്യ വര്‍ഷത്തെ പ്രവര്‍ത്തനം വിദൂര നക്ഷത്ര സമൂഹങ്ങളെപ്പറ്റി പഠിക്കാനാണെന്നും നാസ പറയുന്നു.

ബഹിരാകാശത്തേക്ക് ഇതുവരെ വിക്ഷേപിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ ടെലിസ്‌കോപ്പ് ആണ് ജെയിംസ് വെബ്ബ് എന്ന് നാസ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പാം മെല്‍റോയ് പറഞ്ഞു. ഇക്കാലമത്രയും ഉപയോഗത്തിലിരുന്ന ഹബിള്‍ ടെലസ്‌കോപ്പിന്റെ പരിമിതികള്‍ നികത്താനാണ് ജെയിംസ് വെബ്ബ് ടെലസ്‌കോപ്പ് വിക്ഷേപിച്ചത്.

10 ബില്യണ്‍ ഡോളര്‍ ചിലവഴിച്ച് നിര്‍മിച്ച ദൂരദര്‍ശിനിയില്‍ മനുഷ്യനേത്രങ്ങള്‍ക്ക് അദൃശ്യമായ ഇന്‍ഫ്രാറെഡ് സ്‌പെക്ട്രത്തിലെ സിഗ്‌നലുകള്‍ കണ്ടെത്താന്‍ ശേഷിയുള്ള ലെന്‍സുകള്‍, ഫില്‍ട്ടറുകള്‍, പ്രിസങ്ങള്‍ എന്നിവയുണ്ട്. അതുകൊണ്ടുതന്നെ ഇതില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍ക്ക് കൂടുതല്‍ തെളിമയും വ്യക്തതയും ഉണ്ടാകും.


ജെയിംസ് വെബ്ബ് ടെലസ്‌ക്കോപ്പിന്റെ നിര്‍മാണഘട്ടം

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും നാസയുടെയും സംയുക്ത ശ്രമമായ ദൂരദര്‍ശിനിയുടെ നിര്‍മാണം ആരംഭിക്കുന്നത് 1990 കളിലാണ്. 2021 ഡിസംബറില്‍ ജെയിംസ് വെബ്ബ് ദൂരദര്‍ശിനി ബഹിരാകാശത്തേക്ക് കുതിച്ചു. ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയായി എല്‍2 പോയിന്റില്‍ നിലയുറപ്പിച്ച ടെലസ്‌കോപ്പ് കഴിഞ്ഞ ആറു മാസമായി കണ്ണാടികള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ശരിയായി ഘടിപ്പിക്കുകയും സാങ്കേതിക ഘടകങ്ങളുടെ പ്രവര്‍ത്തനം ഉറപ്പാക്കുകയുമായിരുന്നു.

10 വര്‍ഷമാണ് ജെയിംസ് വെബ്ബിന്റെ പ്രവര്‍ത്തന കാലപരിധി. എന്നാല്‍ 20 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അധിക ഇന്ധന ശേഷി ജെയിംസ് വെബ്ബിലുണ്ട്.


കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

ബഹിരാകാശ ദൃശ്യങ്ങള്‍ക്കിനി മനോഹാരിതയേറും; ജെയിംസ് വെബ് ദൂരദര്‍ശിനി വഴിയുള്ള പൂര്‍ണ വര്‍ണ്ണ ചിത്രങ്ങള്‍ നാളെ ബൈഡന്‍ പുറത്തുവിടും


കൃത്യമായി 'മിഴി തുറന്ന്' ജെയിംസ് വെബ്; ബഹിരാകാശ ദൂരദര്‍ശിനി സജ്ജമായതില്‍ ആഹ്‌ളാദവുമായി നാസ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.