1150 പ്രകാശവര്‍ഷം അകലെയുള്ള വിദൂരഗ്രഹത്തില്‍ ജലസാന്നിധ്യം തിരിച്ചറിഞ്ഞ് നാസയുടെ ജെയിംസ് വെബ്

1150 പ്രകാശവര്‍ഷം അകലെയുള്ള വിദൂരഗ്രഹത്തില്‍ ജലസാന്നിധ്യം തിരിച്ചറിഞ്ഞ് നാസയുടെ ജെയിംസ് വെബ്

വാഷിങ്ടണ്‍: കണ്ണഞ്ചിപ്പിക്കുന്ന പ്രപഞ്ച ദൃശ്യങ്ങള്‍ പകര്‍ത്തിയതിനൊപ്പം വിദൂരഗ്രഹത്തില്‍ ജലസാന്നിധ്യം തിരിച്ചറിഞ്ഞ് നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി. 1150 പ്രകാശവര്‍ഷം അകലെയുള്ള ഡബ്ല്യു.എ.എസ്.പി-96 ബി (വാസ്പ്-96 ബി) എന്ന ഗ്രഹത്തിലാണ് ജലസാന്നിധ്യം കണ്ടെത്തിയത്. മേഘക്കൂട്ടങ്ങളും ധൂളീപടലവും ഇതില്‍ ദൃശ്യമാണ്. കഠിനമായ ചൂടുള്ള അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ഗ്രഹത്തില്‍നിന്ന് വാതകവും വമിക്കുന്നുണ്ട്. സൂര്യനെപ്പോലെയുള്ള നക്ഷത്രത്തെയാണ് ഇത് വലംവെക്കുന്നതെന്ന് ജെയിംസ് വെബ് പകര്‍ത്തിയ ദൃശ്യത്തെ അടിസ്ഥാനമാക്കി നാസ അറിയിച്ചു. വിദൂര ഗ്രഹങ്ങളെ ഏറ്റവും സൂക്ഷ്മമായി വിലയിരുത്താനുളള ജെയിംസ് വെബിന്റെ പ്രാപ്തി തെളിയിക്കുന്നതാണ് ദൃശ്യമെന്നും നാസ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ക്ഷീരപഥത്തിലെ 5000ത്തിലേറെ വരുന്ന എക്‌സൊപ്ലനറ്റുകളില്‍ (സൗരയൂഥത്തിന് പുറത്ത് നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹം) ഒന്നാണ് വാസ്പ്-96 ബി. വ്യാഴത്തേക്കാള്‍ പിണ്ഡം കുറഞ്ഞതും സൂര്യനെ ചുറ്റുന്ന ഏത് ഗ്രഹത്തേക്കാളും മൃദുലവുമാണ് ഈ ഗ്രഹം. കഠിന ചൂടുള്ള ഇവിടെ 538 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില. സൂര്യനെപ്പാലുള്ള നക്ഷത്രത്തെ വളരെ അടുത്തായാണ് വാസ്പ് ഭ്രമണം ചെയ്യുന്നത്. ഒരു ഭ്രമണത്തിനെടുക്കുന്ന സമയം മൂന്നര ഭൗമദിനമാണ് .

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഹബ്ള്‍ ബഹിരാകാശ ദൂരദര്‍ശിനി നടത്തിയ പഠനത്തില്‍ 2013ലാണ് ഒരു വിദൂര ഗ്രഹത്തില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ചത്. ജെയിംസ് വെബിന്റെ പുതിയ കണ്ടെത്തല്‍ ഭൂമിക്കപ്പുറത്ത് ജൈവസാന്നിധ്യമുണ്ടോയെന്ന ശാസ്ത്രാന്വേഷണത്തിന് കൂടുതല്‍ കുതിപ്പ് പകരും. ജെയിംസ് വെബ് പകര്‍ത്തിയ അതിവിദൂരതയിലെ നക്ഷത്രപഥങ്ങളുടെ സംയോജിപ്പിച്ച ചിത്രങ്ങള്‍ ചൊവ്വാഴ്ചയാണ് നാസ പുറത്തുവിട്ടത്. ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ആഴമേറിയതും തീവ്രവുമായ പ്രപഞ്ചദൃശ്യങ്ങളാണിത്.
ശാസ്ത്രസാങ്കേതിക വിദ്യയുടെ നിര്‍ണായക നിമിഷമെന്നായിരുന്നു ഇതിനെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്.

ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മങ്ങിയ വസ്തുക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആകാശഗംഗകളാണ് വെബ്ബിന്റെ കാഴ്ചയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവയെല്ലാം താരതമ്യേന ചെറിയ പ്രദേശത്തുനിന്നാണു ചിത്രീകരിച്ചിരിക്കുന്നത്. 'ഭൂമിയില്‍നിന്ന് ഒരാള്‍ കയ്യിലെടുക്കുന്ന ഒരു മണല്‍ തരിയുടെ വലുപ്പമുള്ള ആകാശഭാഗത്തിന്റെ അത്രയുമാണ് വിശാലമായ പ്രപഞ്ചത്തിന്റെ ഈ കഷ്ണം' എന്നാണ് ആദ്യ ചിതം പുറത്തുവിട്ടുകൊണ്ടുള്ള പ്രസ്താവനയില്‍ നാസ പറഞ്ഞത്.



ഇന്‍ഫ്രറെഡ് കാമറയുള്ള ദൂരദര്‍ശിനിയുടെ വിക്ഷേപണം 2021 ഡിസംബറിലായിരുന്നു. ഭൂമിയില്‍നിന്ന് 16 ലക്ഷം കിലോമീറ്റര്‍ അകലെ സൂര്യനെ ചുറ്റുന്ന നിരീക്ഷണ പേടകം കൂടിയായ ജെയിംസ് വെബ് എന്‍ജിനീയറിങ് അത്ഭുതമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ ദൗത്യത്തിന് 1000 കോടി ഡോളറായിരുന്നു (80,000 കോടി) ചെലവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.