തിരുവനന്തപുരം: മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ മോഷണ കേസില്‍ ആന്റണി രാജുവിനെതിരായ നിര്‍ണായക രേഖ പുറത്തായി. 28 വര്‍ഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുന്നോട്ടു നീക്കി കൊണ്ടു പോകുന്നതിന്റെ തെളിവുകളാണ് പുറത്തായത്. ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടി തൊണ്ടി മുതലില്‍ കൃത്രിമത്വം കാണിക്കുകയായിരുന്നു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും തൊണ്ടി മുതല്‍ വാങ്ങിയതും നല്‍കിയതും ആന്റണി രാജുവാണ്. എന്നാല്‍, കേസില്‍ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ല.
അതേസമയം, തൊണ്ടിമുതല്‍ കേസില്‍ ജാമ്യത്തിലാണെന്നും കോടതി തീരുമാനിക്കട്ടെയെന്നുമായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. കേസിന്റെ കാര്യം തെരഞ്ഞെടുപ്പ് സമയത്ത് പരസ്യപ്പെടുത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 ഏപ്രില്‍ 30നാണ് കേസ് വിചാരണക്കായി പരിഗണിക്കാന്‍ തുടങ്ങുന്നത്. ലഹരി മരുന്നുമായി എത്തിയ ആളെ രക്ഷപ്പെടുത്താന്‍ തൊണ്ടി മുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചുവെന്നതാണ് ആന്റണി രാജുവിനെതിരായ കേസ്.
1994ല്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇതിനാധാരമായത്. ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയതിന് 1994ല്‍ എടുത്ത കേസില്‍ ഇതുവരെ കോടതിയില്‍ ഹാജരാകാന്‍ ആന്റണി രാജു തയ്യാറായിട്ടില്ല. 2014 മുതല്‍ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാന്‍ പോലുമാകാത്ത രീതിയില്‍ കേസ് നീട്ടിക്കൊണ്ടു പോവുകയാണ്. ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്ന സമയത്താണ് തൊണ്ടിമുതല്‍ മാറ്റിയ സംഭവമുണ്ടാകുന്നത്.
അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 1990 ഏപ്രില്‍ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ കേസ് വിചാരണയ്‌ക്കെടുത്തു. ആന്റണി രാജു തന്റെ സീനിയര്‍ സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്ന് പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ.വി ശങ്കരനാരായണന്‍ ഉത്തരവിറക്കി. എന്നാല്‍ തൊട്ടു പിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. പ്രഗത്ഭനായിരുന്ന കുഞ്ഞിരാമ മേനോന്‍ ആയിരുന്നു പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തത്. ഹൈക്കോടതി പ്രതിയെ വെറുതെ വിട്ടു.
പ്രതിയെ വെറുതെ വിടാന്‍ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. കോടതിയില്‍ ഹാജരാക്കിയ അടിവസ്ത്രം പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് ശ്രമിച്ചു നോക്കി തന്നെ ഹൈക്കോടതി ഉറപ്പാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിടുകയും ചെയ്തു.
ഇതിന് പിന്നാലെ കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോസ്ഥന്‍ സിഐ കെ.കെ ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കി. മൂന്ന് വര്‍ഷം നീണ്ട പരിശോധനയ്‌ക്കൊടുവില്‍ വിഷയത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതിനിടെ ആന്റണി രാജു ആദ്യമായി നിയമസഭാംഗമായി. 2002ല്‍ കേസില്‍ തെളിവില്ലെന്ന് കണ്ട് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന് ഇതുചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ഗൂഢാലോചന, രേഖകളില്‍ കൃത്രിമം, വഞ്ചന, രേഖകളില്‍ കൃത്രിമം കാണിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. ഇതിനിടെ കേസില്‍ ജാമ്യമെടുത്ത ആന്റണി രാജു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയുമായി. ഇതോടെ മയക്കുമരുന്ന് കേസിലെ പ്രതിയെ സഹായിച്ചുവെന്ന ഗുരുതര കുറ്റകൃത്യത്തിലെ വിചാരണ വേഗത്തിലാക്കാന്‍ സര്‍ക്കാരും കോടതിയെ സമീപിച്ചിട്ടില്ല. ഇതേ കേസില്‍ പ്രതിയായതിനാല്‍ 2006ല്‍ ആന്റണി രാജുവിന് സീറ്റ് നിഷേധിച്ചിരുന്നു.
2006 ഫെബ്രുവരി 13ന് ഇതുസംബന്ധിച്ച് പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് 2006 മാര്‍ച്ച് 23ന് വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും എട്ടു വര്‍ഷം കേസ് വെളിച്ചം കണ്ടില്ല. തുടര്‍ന്ന് 2014ല്‍ പ്രത്യേക ഉത്തരവിറക്കി നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. അവിടം മുതലിങ്ങോട്ട് 22 തവണയാണ് കോടതി കേസ് പരിഗണിച്ചതെങ്കിലും ഇത്രയും നാള്‍ കേസ് പരിഗണിച്ചപ്പോഴും ആന്റണി രാജുവോ കൂട്ടുപ്രതികളോ കോടതിയില്‍ ഹാജരായിട്ടില്ല. അതുകൊണ്ട് തന്നെ വിചാരണയില്ലാതെ കേസ് അനന്തമായി നീളുകയാണ്. ഈ വരുന്ന മാസം, ആഗസ്റ്റ് നാലിന് ഇരുപത്തിമൂന്നാം തവണ കേസ് പരിഗണിക്കാനിരിക്കുകയാണ്. പക്ഷെ ഇപ്പോള്‍ ആന്റണി രാജു നിയമസഭാംഗവും സംസ്ഥാന മന്ത്രിയുമാണ്.
ഭരണഘടനയെ അവഹേളിച്ചതിന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചതിന്റെ ക്ഷീണം മാറി വരുന്നതിനിടെയാണ് മറ്റൊരു മന്ത്രിസഭാംഗത്തിന്റെ നിയമലംഘനത്തിന്റെ കഥകള്‍ പുറത്ത് വരുന്നത്.
ആദ്യകേസില്‍ പ്രതിക്ക് രക്ഷപ്പെടാന്‍ കോടതി ജീവനക്കാരന്റെ സഹായം കിട്ടിയെന്നത് അന്വേഷണത്തില്‍ വ്യക്തമാണ്. എന്നാല്‍ ആന്റണി രാജു പ്രതിയായ കേസ് അനന്തമായി നീണ്ടുപോകുന്നതിന്റെ കാരണം അസാധാരണമാണ്. സമന്‍സ് അയച്ചിട്ടും വ്യക്തമായ കാരണം ബോധിപ്പിക്കാതെ കോടതിയില്‍ ഹാജരാകാത്ത പ്രതിക്ക് വാറന്റ് അയക്കുന്നതാണ് സാധാരണ ഗതിയില്‍ കോടതി ചെയ്യാറുള്ളത്. എന്നാല്‍ 22 തവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്ത പ്രതികളോട് എന്തിനാണ് ഇത്ര സൗമനസ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടാകാത്തതെന്നത് അത്ഭുതപ്പെടുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.