രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എട്ട് എംപിമാര്‍ വോട്ട് ചെയ്തില്ല; കോണ്‍ഗ്രസ്, എസ്.പി എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തു

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എട്ട് എംപിമാര്‍ വോട്ട് ചെയ്തില്ല; കോണ്‍ഗ്രസ്, എസ്.പി എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തു

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ ബിജെപി എംപി സണ്ണി ഡിയോള്‍ ഉള്‍പ്പെടെ എട്ട് എംപിമാര്‍ വോട്ട് രേഖപ്പെടുത്തിയില്ലെന്ന് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ പത്തിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പാര്‍ലമെന്റിലെ 63-ാം നമ്പര്‍ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചത്. സംസ്ഥാനങ്ങളില്‍ നിയമസഭകളിലാണ് വോട്ടെടുപ്പ് നടന്നത്. എംപിമാരും എംഎല്‍എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്താന്‍ പട്ടികയിലുണ്ടായിരുന്നത്.

അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു വിജയം ഉറപ്പാക്കിയിട്ടുണ്ട്. മികച്ച മത്സരം കാഴ്ച വയ്ക്കാനായെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് 41 പാര്‍ട്ടികളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തെ ശിവസേന, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജനതാദള്‍ സെക്കുലര്‍ തുടങ്ങിയ കക്ഷികള്‍ മുര്‍മുവിനെയാണ് പിന്തുണച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എന്‍ഡിഎയ്ക്കുണ്ട്. ആം ആദ്മി പാര്‍ട്ടി അവസാനം പിന്തുണ അറിയിച്ചതാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് ആശ്വാസം.

അതിനിടെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്, എസ്.പി  എംഎല്‍എമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്തു. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചെയ്ത ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയ് ദ്രൗപതി മുര്‍മുവിന് വേണ്ടിയാണ് വോട്ട് ചെയ്തത്. കോണ്‍ഗ്രസ് വിടുമെന്ന സൂചനയും അദ്ദേഹം നല്‍കി.

ഒഡീഷയില്‍ കോണ്‍ഗ്രസ് എംഎല്‍എ മുഹമ്മദ് മൊഖ്വിം എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ എസ്.പി നേതാവ് ശിവ്പാല്‍ യാദവും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. യശ്വന്ത് സിന്‍ഹ മുലായം സിങ് യാദവിനെ ഐഎസ് ഏജന്റ് എന്ന് വിളിച്ചിട്ടുണ്ടെന്നും അതുകൊണ്ട് പിന്തുണയ്ക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

മുലായം സിങ് യാദവിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന എസ്.പി നേതാക്കള്‍ക്ക് സിന്‍ഹയെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.പി എംഎല്‍എ ഷാസില്‍ ഇസ്ലാം മുര്‍മുവിനാണ് വോട്ട് ചെയ്തത്.

പഞ്ചാബില്‍ എസ്.എ.ഡി എംഎല്‍എ മന്‍പ്രീത് സിങ് അയലി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് പാര്‍ട്ടി നേതൃത്വം തന്നോട് കൂടിയാലോചിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ എന്‍സിപി എംഎല്‍എ കന്ദല്‍ എസ് ജഡേജ മുര്‍മുവിനാണ് വോട്ട് ചെയ്തത്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ചിത്രവും ഇതിനിടെ വ്യക്തമായിട്ടുണ്ട്. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കറിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ തീരുമാനിച്ചു. ശരത് പവാറിന്റെ വസതിയില്‍ ഇന്നലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയായി മാര്‍ഗരറ്റ് ആല്‍വയെ പ്രഖ്യാപിച്ചത്.

വനിത, ന്യൂനപക്ഷ സമുദായഗം, രാഷ്ട്രീയ പരിചയം, ദക്ഷിണേന്ത്യന്‍ പ്രാതിനിധ്യം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് മാര്‍ഗരറ്റ് അല്‍വയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ഉത്തരാഖണ്ഡ്, ഗോവ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവര്‍ണറും മുന്‍ കേന്ദ്ര മന്ത്രിയുമാണ് മാര്‍ഗരറ്റ് ആല്‍വ.

യോഗത്തില്‍ പതിനേഴ് പ്രതിപക്ഷ പാര്‍ട്ടികളാണ് പങ്കെടുത്തതെങ്കിലും 19 പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ചൊവ്വാഴ്ച മാര്‍ഗരറ്റ് ആല്‍വ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.