മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധം: ശബരീനാഥന് ജാമ്യം

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധം: ശബരീനാഥന് ജാമ്യം

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധക്കേസില്‍ മുന്‍ എംഎല്‍എ കെ.എസ് ശബരീനാഥന് ജാമ്യം. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയാണ് ചോദ്യം ചെയ്യുന്നതിനായി പൊലീസിന്റെ മുന്നില്‍ ഹാജരാകണം എന്നതടക്കമുള്ള ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിന്റെ 'മാസ്റ്റര്‍ ബ്രെയിന്‍' ശബരീനാഥന്‍ ആണെന്നും ബുധനാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, വാട്ട്‌സാപ്പ് സന്ദേശം അയച്ച ഫോണ്‍ ഉടന്‍ ഹാജരാക്കാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. കനത്ത പോലീസ് സുരക്ഷയായിരുന്നു കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്.

വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന വിധത്തില്‍ ചില വാട്സാപ്പ് സന്ദേശങ്ങള്‍ അയച്ചു എന്നതിനാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ ശബരീനാഥന്‍ അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ശബരീനാഥനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു.

ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുമ്പില്‍ ഹാജരായതിന് പിന്നാലെ ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ എത്തിയിരുന്നു. ഇത് പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ശബരിനാഥന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി ക്കഴിഞ്ഞു എന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

ശബരീനാഥന്റേതെന്ന് സംശയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിനാഥന് പോലീസ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി കണ്ണൂരില്‍നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥന്റെ പേരിലുള്ള സന്ദേശം വന്നത്. വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയവും ഇതില്‍ പങ്കു വെച്ചിരുന്നു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.