അനില്‍ തോമസ്/ അനിത മേരി ഐപ്പ്
മനുഷ്യന്റെ കാല്‍പാടുകള്‍ ആദ്യമായി ചന്ദ്രോപരിതലത്തില്‍ പതിഞ്ഞിട്ട് ഇന്നേക്ക് 53 വര്‍ഷം. പഴയ സോവിയറ്റ് യൂണിയനോടുള്ള മധുരപ്രതികാരമായി ഭൗമശാസ്ത്രലോകത്ത് അമേരിക്ക വെന്നിക്കൊടി പാറിച്ച ദിവസം. 1969 ജൂലൈ 20-ന് രാത്രി 10.56ന് നീല്‍ ആംസ്ട്രോങ്ങും പിന്നാലെ എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയപ്പോള്‍ അതു മനുഷ്യരാശിയുടെ ചരിത്രത്തിലെ എക്കാലത്തെയും തിളക്കമാര്‍ന്ന അധ്യായമായി രേഖപ്പെടുത്തുകയായിരുന്നു.
മനുഷ്യരാശിയുടെ വന്‍ കുതിച്ചുചാട്ടത്തിന് തുടക്കമിട്ട ചാന്ദ്രദൗത്യത്തിന് പിന്നില്‍ രാവും പകലും അക്ഷീണം പ്രയത്‌നിച്ച നാലു ലക്ഷത്തോളം വരുന്ന ആളുകളുടെ അധ്വാനവും സ്വപ്നവും ഉണ്ടായിരുന്നു. നിറവും ഭാഷയും ജാതിയും ദേശവും മറന്നുള്ള കൂട്ടായ പ്രയത്‌നം. നീല്‍ ആംസ്ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും മൈക്കിള്‍ കോളിംഗ്‌സും അവരുടെ പ്രയത്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ മാത്രം.
വര്‍ണവിവേചനം ശക്തമായിരുന്ന കാലത്തായിരുന്നു നാസയുടെ ഈ ചന്ദ്രദൗത്യം. എന്നാല്‍ മനുഷ്യസൃഷ്ടിയുടെ ശാസ്ത്രീയതില്‍ വിശ്വസിച്ച നാസയുടെ അക്കാലത്തെ മേധാവി വര്‍ണവിവേചനത്തിനെതിരേ ധീരമായ നിലപാടാണു കൈക്കൊണ്ടത്. നാടിന്റ പുരോഗമന ചുവടുവയ്പ്പിനുള്ള ആദ്യ പടിയായി ചന്ദ്രദൗത്യത്തില്‍ വെളുത്തവര്‍ഗക്കാര്‍ക്കൊപ്പം കറുത്ത വര്‍ഗക്കാരെയും ഉള്‍പ്പെടുത്തി. അതും ഏറെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍.
ചന്ദ്രദൗത്യത്തിന്റെ നിര്‍ണായക പദവി വഹിച്ചിരുന്നത് ഒരു സ്ത്രീ ആയിരുന്നുവെന്ന് അധികമാര്‍ക്കും അറിവുള്ള കാര്യമല്ല. അതും ഒരു കറുത്തവര്‍ഗക്കാരി എന്ന് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അത്ഭുതമോ ആശ്ചര്യമോ തോന്നിയേക്കാം. ലോകം വാഴ്ത്തിപ്പാടാന്‍ മറന്നുപോയ അല്ലെങ്കില്‍ മനപൂര്‍വ്വം വിസ്മരിച്ച കാതറിന്‍ ജോണ്‍സണ്‍ എന്ന കറുത്ത വര്‍ഗക്കാരി. അവര്‍ക്കൊപ്പം മറ്റു പദവികളിലായി ഡൊറോത്തി വോണ്‍, മേരി ജാക്‌സണ്‍ എന്നീ കറുത്ത വംശജരായ സ്ത്രീകളും ഉണ്ടായിരുന്നു.
ഇവരെ ലോകം കാര്യമായി അറിഞ്ഞിരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. അതിനു പ്രധാന കാരണം ഇവര്‍ കറുത്തവര്‍ഗക്കാരികളായിരുന്നു എന്നതു തന്നെ. കറുത്ത വര്‍ഗക്കാരെ എല്ലായിടത്തുനിന്നും അകറ്റി നിര്‍ത്തിയിരുന്ന കാലമായിരുന്നു അന്ന്. വെളളക്കാര്‍ക്കൊപ്പം ഇരിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ കറുത്തവര്‍ഗക്കാരെ അനുവദിച്ചിരുന്നില്ല. എന്തിനേറെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുനിടത്തു പോലും ഉണ്ടായിരുന്നു വര്‍ണ്ണവിവേചനം. ഈ തടസങ്ങളും പ്രതിസന്ധികളും തരണം ചെയ്താണ് ശാസ്ത്രലോകത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ചന്ദ്രദൗത്യത്തില്‍ ഇവരും ഭാഗഭാക്കായത്.
കാതറിന്‍ ജോണ്‍സന്‍
വര്‍ണ വിവേചനത്തിന്റെ അലകള്‍ അമേരിക്കയില്‍ ആഞ്ഞടിക്കുന്ന കാലത്താണ് കാതറിന്‍ ജോണ്‍സണ്‍ നാസയില്‍ എത്തുന്നത്. ആഫ്രിക്കന്‍-അമേരിക്കന്‍ വനിതകള്‍ക്കു ഉയര്‍ന്ന ജോലിസാധ്യത ഏറെക്കുറെ പരിമിതമായിരുന്നു. ഏറിയാല്‍ കറുത്ത വര്‍ഗക്കാരുടെ സ്‌കൂളില്‍ അധ്യാപികയായി ജോലി കിട്ടും. പക്ഷേ കാതറില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തയായിരുന്നു. നക്ഷത്രങ്ങളെ സ്വപ്നം കണ്ട പെണ്‍കുട്ടി അവഗണനകളെ മറികടന്ന് ഉന്നതങ്ങളിലെത്താന്‍ ആഗ്രഹിച്ചു. ഏറ്റവും ഒടുവില്‍ ചന്ദ്രനോളം എത്തിയ മനുഷ്യന്റെ കുതിപ്പിന് കാതറിന്‍ ജോണ്‍സണിന്റെ സംഭാവന നിര്‍ണായകമായി മാറി.
വെസ്റ്റ് വെര്‍ജീനിയയിലെ വൈറ്റ് സള്‍ഫര്‍ സ്പ്രിങ്ങില്‍ 1918 ഓഗസ്റ്റ് 16-നായിരുന്നു കാതറിന്റെ ജനനം. കണക്കിനോടും സംഖ്യകളോടും കൂട്ടുകൂടിയായിരുന്നു വളര്‍ച്ച. ചെറുപ്രായത്തില്‍ തന്നെ ഗണിതശാസ്ത്രത്തില്‍ അപാരമായ വൈഭവം ഈ കൊച്ചു മിടുക്കി പ്രകടിച്ചു. വെര്‍ജീനിയ പബ്ലിക് സ്‌കൂളില്‍ കണക്കും ഫ്രഞ്ചും സംഗീതവും പഠിച്ചു. അതേ സ്‌കൂളില്‍ തന്നെ കണക്ക് അധ്യാപികയായി ജോലിയിലും പ്രവേശിച്ചു.
1953-ല്‍ ജീവിതം മാറ്റിമറിച്ചുകൊണ്ടാണ് നാസയുടെ ലാംഗ്ലി റിസര്‍ച്ച് സെന്ററില്‍ നിന്നു വിളിയെത്തുന്നത്. ഇവിടെ ദോരേത്തി വോഗന്റെ കീഴില്‍ കാതറിന്‍ ജോലിയില്‍ പ്രവേശിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കാതറിന്‍ ജോണ്‍സനെ ഫ്‌ളൈറ്റ് റിസര്‍ച്ച് ഡിവിഷനിലേക്കു മാറ്റി. 1956ല്‍ ഭര്‍ത്താവ് ജയിംസ് മരിച്ചതോടെ മൂന്നു മക്കളുമായുള്ള കാതറിന്റെ ജീവിതം പേരാട്ടമായി മാറുകയായിരുന്നു.
പിറ്റേവര്‍ഷം നാസയിലെ എന്‍ജിനീയറിങ് വിഭാഗത്തെ സഹായിക്കാനുള്ള അവസരം കാതറിനു ലഭിച്ചു. 1957-ല്‍ സോവിയറ്റ് യൂണിയന്‍ സ്പുട്‌നിക് 1 വിക്ഷേപണം നടത്തിയതോടെ മുതല്‍ ബഹിരാകാശരംഗത്ത് ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ നാസയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നതായിരുന്നു അവര്‍ക്കു കിട്ടിയ ഉത്തരവാദിത്വം.
ഭ്രമണ പഥത്തിന്റെ നിര്‍ണയം മുതല്‍ ലക്ഷ്യസ്ഥാനത്തെത്തുന്ന സമയംവരെ നിര്‍ണയിക്കാനുള്ള ഉത്തരവാദിത്തപ്പെട്ട ജോലിയായിരുന്നു കാതറിന്റേത്. ഫ്‌ളൈറ്റ് റിസര്‍ച്ച് ഡിവിഷനിലെ എന്‍ജിനീയറിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ആദ്യ കറുത്തവര്‍ഗക്കാരിയായുമായിരുന്നു കാതറിന്‍.
ശുചിമുറി മുതല്‍ വിവേചനം
നാസയിലെ, കാതറിന്റെ ജീവിതം ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. ചായകോപ്പ മുതല്‍ ശുചിമുറി വരെ കറുത്തവര്‍ക്കും വെളുത്തവര്‍ക്കുമെന്നു വേര്‍തിരിച്ചിരുന്നു. ജോലി സ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ വരെ സഞ്ചരിച്ചായിരുന്നു പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. കാതറിന്റെ ജോലിയിലെ നിര്‍ണായക കണ്ടെത്തലുകള്‍ പോലും മറ്റു പലരുടെയും പേരിലാണു കുറിക്കപ്പെട്ടത്. ജോലിയോടുള്ള ഇഷ്ടക്കൂടുതല്‍ മൂലം അതിലൊന്നും കാതറിന്‍ തകര്‍ന്നുപോയില്ല. കാതറിനിലെ പ്രതിഭ അനിവാര്യമായതിനാല്‍ വെളുത്തവര്‍ഗക്കാര്‍ക്ക് അവളെ ഒരിക്കലും മാറ്റിനിര്‍ത്താനുമായില്ല.
1961-ല്‍ ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ അമേരിക്കക്കാരന്‍ അലന്‍ ഷെപ്പേര്‍ഡിന്റെ യാത്രാപഥം നിര്‍ണയിക്കുന്നതില്‍ കാതറിന്‍ ജോണ്‍സണ്‍ ആണ് പ്രധാന പങ്കുവഹിച്ചത്. തൊട്ടടുത്തവര്‍ഷം ജോണ്‍ ഗ്ലെന്‍ ബഹിരാകാശയാത്ര നടത്തുമ്പോള്‍ കംപ്യൂട്ടറുകള്‍ രംഗം കീഴടക്കിയിരുന്നു. യാത്രാ പഥത്തിന്റെ നിര്‍ണയത്തിലും തീരുമാനത്തിലുമെല്ലാം വലിയ പങ്കുവഹിച്ചെങ്കിലും അവസാന ഘട്ടമായപ്പോഴേക്കും കാതറിനെ തിരികെ ലാംഗ്ലി റിസര്‍ച്ച് സെന്ററിലേക്കു മാറ്റി. പക്ഷേ, കാതറിനെന്ന പ്രതിഭയുടെ വില തിരിച്ചറിഞ്ഞ നാസയ്ക്ക് ആ തീരുമാനം തിരുത്തേണ്ടി വന്നു.
കാതറിന്‍ ജോണ്‍സണ്‍ യാത്രാപഥത്തിന്റെ കൃത്യത പരിശോധിക്കാതെ താന്‍ യാത്ര ചെയ്യില്ലെന്നു ജോണ്‍ ഗ്ലെന്‍ തീര്‍ത്തു പറഞ്ഞു. അധികൃതര്‍ക്കു മുന്നില്‍ മറ്റു വഴികളില്ലാതെ വന്നു. ഇറക്കിവിട്ട സ്ഥലത്തേക്കു രാജ്ഞിയെപ്പോലെ കാതറിന്‍ തിരികെയെത്തി. യന്ത്രങ്ങള്‍ക്കു തെറ്റിയാലും കാതറിനു തെറ്റില്ലെന്നു ഗ്ലെന്നിന് അത്രമേല്‍ ഉറപ്പുണ്ടായിരുന്നു. കാതറിന്‍ കണക്കുകൂട്ടി യാത്രാപഥം നിര്‍ണയിച്ചു. കംപ്യൂട്ടറില്‍ കണക്കുകൂട്ടിയതില്‍നിന്നു കടുകിടമാറിയില്ല. ഉപഗ്രഹ വിക്ഷേപണത്തില്‍ അത്രമേല്‍ അവഗാഹമായിരുന്നു കാതറിന്.
ചന്ദ്രദൗത്യത്തിലെ നിര്‍ണായക സാന്നിധ്യം
1969-ല്‍ മനുഷ്യന്റെ ചന്ദ്രയാത്രയിലും നിര്‍ണായകമായ പങ്കുവഹിക്കാന്‍ കാതറീനായി. ചന്ദ്ര ദൗത്യസംഘത്തോട് അവര്‍ പറഞ്ഞു, 'നിങ്ങളെ അവിടെയെത്തിക്കാനുള്ള വഴി ഞാന്‍ തയാറാക്കിയിട്ടുണ്ട്, നിങ്ങളവിടെയെത്തുമ്പോഴേക്കും ചന്ദ്രനവിടെയുണ്ടാകും'. 1969 ജൂലൈ 20ന് പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. നീല്‍ ആംസ്ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ അമേരിക്കന്‍ പതാക നാട്ടിയപ്പോള്‍ ഭൂമിയില്‍ വര്‍ണവിവേചനം നേരിട്ട കാതറിനും അതു മധുരപ്രതികാരമായി മാറുകയായിരുന്നു.
1986-ലാണ് കാതറിന്‍ നാസയില്‍നിന്നു വിരമിച്ചത്. 2015-ല്‍ പ്രസിഡന്റ് ഒബാമ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി കാതറിനെ ആദരിച്ചു. ഹിഡന്‍ ഫിഗേഴ്‌സ് എന്ന പുസ്തകത്തില്‍ കാതറിന്‍ ജോണ്‍സന്റെ ജീവിതം കുറിച്ചിട്ടുണ്ട്. അതേ പേരില്‍ പില്‍ക്കാലത്ത് അവരുടെ ജീവിതം സിനിമയുമായി. 2020 ഫെബ്രുവരി 25ന് 101-ാം വയസില്‍ കാതറിന്‍ ഭൂമിയില്‍നിന്ന് എന്നന്നേയ്ക്കുമായി യാത്രയായി.
മനുഷ്യന്‍ ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയതിനു പിന്നില്‍ കാതറിനെപ്പോലെ ഒട്ടേറെ സ്ത്രീകളുടെ കഠിനമായ പരിശ്രമം ഉണ്ട്. പ്രത്യേകിച്ച് കറുത്ത വര്‍ഗ്ഗക്കാരായ വനിതാ ഗണിതശാസ്ത്രഞ്ജരുടെ. നാസയില്‍ ജോലി ചെയ്തിരുന്ന മൂന്ന് കറുത്ത സ്ത്രീകളുടെ കഥ പറയുന്ന 2016-ലെ ഓസ്‌കാര്‍ നോമിനേറ്റഡ് സിനിമ 'ഹിഡന്‍ ഫിഗേഴ്‌സ്' ഇറങ്ങുന്നത് വരെ ഇവരുടെ കഥ ആരും അറിഞ്ഞില്ല.
ചന്ദ്രദൗത്യത്തിൽ പങ്കെടുത്ത മറ്റു രണ്ട് സ്ത്രീകളുടെ കഥ നാളെ...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.