കോഴിക്കോട്: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ കസ്റ്റഡി മരണം ആരോപിച്ച് ബന്ധുക്കള്‍. കല്ലേരി സ്വദേശി സജീവനാണ് മരിച്ചത്. കസ്റ്റഡിയിലിരിക്കെ തന്നെ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പൊലീസ് കൂട്ടാക്കിയില്ലെന്നാണ് ആരോപണം.
ഓട്ടോ ഡ്രൈവര്‍മാരും സുഹൃത്തുക്കളുമാണ് സജീവനെ വടകരയിലെ സഹകരണ ആശുപത്രിയിലെത്തിച്ചത്. അരമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. അര്‍ദ്ധരാത്രി പൊലീസ് സ്റ്റേഷന്റെ വളപ്പില്‍ ഒരാള്‍ കുഴഞ്ഞു വീഴുന്നത് കണ്ടെന്നും ഒരു പൊലീസുകാരന്‍ മാത്രമാണ് വന്നു നോക്കിയതെന്നും ഓട്ടോ ഡ്രൈവറും പറഞ്ഞു. നേരത്തെ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഓട്ടോ ഡ്രൈവര്‍ വ്യക്തമാക്കി. സജീവന് ക്രൂരമായി മര്‍ദനമേറ്റിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. പൊലീസ് സ്റ്റേഷന് പുറത്തിറങ്ങിറപ്പോള്‍ സജീവന്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സഹായം ചോദിച്ചെങ്കിലും പൊലീസ് തയ്യാറായില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചിരുന്നു. നഷ്ടപരിഹാരത്തെ സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് മറ്റേ വാഹനത്തിലുണ്ടായിരുന്നവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മദ്യപിച്ച കാര്യം പൊലീസിനോട് സമ്മതിച്ചെന്നും പിന്നാലെ എസ് ഐ മര്‍ദിച്ചെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ പൊലീസ് കസ്റ്റഡിയിലിരിക്കെയല്ല സജീവന്‍ കുഴഞ്ഞു വീണതെന്നാണ് പൊലീസുകാര്‍ നല്‍കുന്ന വിശദീകരണം. ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.