വയനാട്ടിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

വയനാട്ടിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

വയനാട്: സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിലെ മാനന്തവാടിയിലാണ് രോഗം കണ്ടെത്തിയത്. ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം ഇന്നലെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് ലഭിച്ചത്തോടെയാണ് ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഒരു മാസം മുമ്പ് ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസര്‍ ഡോ. മിനി ജോസിന്റെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ എത്തിയ സംഘമാണ് സാംപിള്‍ ശേഖരിച്ച്‌ ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്കയച്ചത്.

രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കര്‍ശനമാക്കും. ഫാമുകള്‍ അണുമുക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പുറത്തു നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കില്ല. രോഗ സ്ഥിരീകരണത്തെ തുടര്‍ന്ന് വയനാട് ജില്ല കലക്ടര്‍ ഇന്ന് ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ചെള്ളുകള്‍ വഴിയാണ് പന്നികള്‍ക്ക് രോഗം ഉണ്ടാകുന്നതെന്നും മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ലെന്നും മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു. എന്നാൽ പന്നികളെ ബാധിക്കുന്ന രോഗത്തിന് ഫലപ്രദമായ ചികിത്സയോ വാക്സിനോ ഇല്ല. സംസ്ഥാനത്തെ മുഴുവന്‍ പന്നി ഫാമുകള്‍ക്കും അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പന്നികള്‍ ചത്താലോ രോഗം ഉണ്ടായാലോ ഉടന്‍ അറിയിക്കണമെന്നാണ് നിര്‍ദേശം.

രോഗം സ്ഥിരീകരിച്ചതോടെ ചെക്ക് പോസ്റ്റുകളില്‍ പരിശോധനയും കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാന്‍ അനുവദിക്കില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കേന്ദ്രം കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.