തിരുവനന്തപുരം: സംസ്ഥാനത്തെ ബോയ്സ്, ഗേള്‍സ് സ്‌കൂളുകള്‍ മുഴുവനും ഉടന്‍ മിക്സഡ് ആക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അടുത്ത അധ്യയന വര്‍ഷം മുതല്‍ ബോയ്സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
സര്‍ക്കാര്‍ 18 സ്‌കൂളുകളെ മിക്സഡ് സ്‌കൂളുകള്‍ ആക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. പെട്ടെന്ന് എല്ലാ സ്‌കൂളുകളും മിക്സഡ് സ്‌കൂളുകളാക്കാന്‍ കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പിടിഎയുടെയും തീരുമാനങ്ങള്‍ പരിഗണിക്കണം. അതിന് ശേഷം വിദ്യാഭ്യാസ വകുപ്പ് ആലോചിച്ച് പഠനം നടത്തുമെന്നും മന്ത്രി അറിയിച്ചു. ബാലാവകാശ കമ്മിഷന്‍ ഉത്തരവ് നടപ്പാക്കാന്‍ സാവകാശം വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിലവില്‍ 280 ഗേള്‍സ് സ്‌കൂളുകളും 164 ബോയ്സ് സ്‌കൂളുകളുമുണ്ട്. ബാലാവകാശ കമ്മിഷന്‍ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോയെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളും മിക്‌സഡ് ആക്കണമെന്നും ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ നിറുത്തലാക്കണമെന്നുമാണ് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് ഇതിനു മറുപടി നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്‌കൂളുകള്‍ നിലനില്‍ക്കുന്നതിലൂടെ ലിംഗ നീതി നിഷേധിക്കപ്പെടുകയാണ്. ലിംഗ സമത്വവും സാമൂഹ്യവല്‍ക്കരണവും കുട്ടികള്‍ പഠിക്കേണ്ടത് സ്‌കൂള്‍ തലം മുതലാണെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു. അഞ്ചല്‍ സ്വദേശിയായ ഡോ. ഐസക് പോള്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.