സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ബ്രഹ്മോസിനായി കരുക്കള്‍ നീക്കുന്നുണ്ട്.
ന്യൂഡല്‍ഹി: ഫിലിപ്പീന്‍സിന് പിന്നാലെ ഇന്തോനേഷ്യയും ഇന്ത്യയില്‍ നിന്ന് ബ്രഹ്മോസ് മിസൈലുകള്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച കരാറില്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഇരു രാജ്യങ്ങളും ഒപ്പു വച്ചേക്കും. ബ്രഹ്മോസ് മിസൈലില്‍ ഇന്ത്യോനേഷ്യ നേരത്തേ മുതല്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
ന്യൂഡല്‍ഹിയില്‍ 2018 ജനുവരിയില്‍ നടന്ന ആസിയാന്‍-ഇന്ത്യ ഉച്ചകോടിക്കിടെയായിരുന്നു ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാല്‍ തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഫിലിപ്പീന്‍സാണ് ഇന്ത്യയുടെ കരുത്തനെ ആദ്യം സ്വന്തമാക്കിയത്. 374.96 ദശലക്ഷം യുഎസ് ഡോളറിന്റെ കരാറാണ് ആയുധ കൈമാറ്റത്തിനായി ഫിലിപ്പീന്‍സ് ഇന്ത്യയുമായി ഒപ്പുവച്ചത്.
യുദ്ധക്കപ്പലുകളില്‍ നിന്നും വിക്ഷേപിക്കുന്ന ബ്രഹ്മോസ് മിസൈലുകളാണ് ഇന്തോനേഷ്യ വാങ്ങാന്‍ തയ്യാറെടുക്കുന്നത്. ബ്രഹ്മോസ് എയ്റോസ്പേസില്‍ നിന്നുള്ള സംഘം ഇതിനകം ഇന്തോനേഷ്യന്‍ കപ്പല്‍ശാല സന്ദര്‍ശിച്ചു. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയില്‍ പറക്കാന്‍ സാധിക്കുന്ന ഹ്രസ്വ ദൂര റാംജെറ്റ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. വിമാനം, കപ്പലുകള്‍, ലാന്‍ഡ് പ്ലാറ്റ്ഫോമുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയും.
ആസിയാന്‍ രാജ്യങ്ങളിലെ മറ്റ് അംഗങ്ങളും ഇന്ത്യന്‍ കരുത്തനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ഇതിനായി കരുക്കള്‍ നീക്കുന്നുണ്ട്. ഈ മേഖലയിലെ മിക്ക രാഷ്ട്രങ്ങളും തങ്ങളുടെ മേഖലയിലെ ചൈനീസ് ഇടപെടലില്‍ അസ്വസ്ഥരാണ്.
അതിനാല്‍ ഈ രാജ്യങ്ങള്‍ ബ്രഹ്മോസ് കരുത്ത് നേടിയാല്‍ അത് ചൈനയ്ക്കാവും ഏറെ ഭീഷണിയാവുക. ബ്രഹ്മോസിന് പുറമേ ഇന്ത്യയുടെ ആകാശ് മിസൈലും സ്വന്തമാക്കാന്‍ വിയറ്റ്‌നാം ഏറെ ആഗ്രഹിക്കുന്നുണ്ട്. ബ്രഹ്മോസ് മിസൈലിനായി മലേഷ്യയുമായി ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണ്.
ആസിയാന്‍ രാഷ്ട്രങ്ങളുമായി ആയുധ ഇടപാട് നടത്തുന്നത് മേഖലയില്‍ തന്ത്രപരമായ ഇടപെടല്‍ നടത്തുന്നതിനും ഒപ്പം സമ്പന്ന രാഷ്ട്രങ്ങളുമായുള്ള ഇടപെടലിലൂടെ അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനവുമാവും. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് ഇന്ത്യയ്ക്ക് മറ്റൊരു രാജ്യത്തിന് നല്‍കണമെങ്കില്‍ റഷ്യയുടെ സമ്മതം ആവശ്യമാണ്.
ഫിലിപ്പീന്‍സിന് ബ്രഹ്മോസ് മിസൈല്‍ വില്‍ക്കാനുള്ള ശ്രമത്തിന് പിന്തുണ നല്‍കിയ റഷ്യ ഇന്തോനേഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിലും എതിര്‍പ്പ് അറിയിക്കാന്‍ സാധ്യതയില്ല. കാരണം റഷ്യന്‍ യുദ്ധ വിമാനങ്ങളും അന്തര്‍ വാഹിനികളും ഇന്തോനേഷ്യ ഉപയോഗിക്കുന്നുണ്ട്.
ഇന്തോനേഷ്യയുമായി ഇന്ത്യയുടെ ബന്ധംദൃഢമാണ്. 2018 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവിടം സന്ദര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാന്‍ ഈ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞു. അതേ വര്‍ഷം ഇന്ത്യന്‍ നേവി ഇന്തോനേഷ്യന്‍ നേവിയുമായി ചേര്‍ന്ന് 'സമുദ്ര ശക്തി' എന്ന പേരില്‍ അഭ്യാസവും നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.