കാവ്യയെ പ്രതി ചേര്‍ത്തില്ല: മഞ്ജുവും ബാലചന്ദ്രകുമാറും ഉള്‍പ്പെടെ 102 സാക്ഷികള്‍; ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമര്‍പ്പിച്ചു

 കാവ്യയെ പ്രതി ചേര്‍ത്തില്ല: മഞ്ജുവും ബാലചന്ദ്രകുമാറും ഉള്‍പ്പെടെ 102 സാക്ഷികള്‍; ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമര്‍പ്പിച്ചു. ഇക്കാര്യം പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു. ദിലീപിനെതിരെ തെളിവു നശിപ്പിച്ചു എന്ന വകുപ്പും സുഹൃത്ത് ശരത്തിനെ പ്രതിയാക്കിയിട്ടുണ്ട് എന്നതുമാണ് അധിക കുറ്റപത്രത്തില്‍ കൂടുതലായുള്ളത്. സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപടിക്രമങ്ങളിലൂടെ വിചാരണക്കോടതിയിലേയ്ക്ക് എത്തും.

അതേസമയം മതിയായ തെളിവുകള്‍ ഇല്ലാ എന്നതിന്റെ അടിസ്ഥാനത്തില്‍ കാവ്യാമാധവനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. തെളിവു നശിപ്പിച്ചെന്ന ആരോപണത്തില്‍ അഭിഭാഷകര്‍ക്കെതിരെ ആരോപണം ഉയര്‍ത്തിയിരുന്നെങ്കിലും കേസില്‍ അവരെ പ്രതിയോ സാക്ഷിയോ ആയി ചേര്‍ത്തിട്ടില്ല. പത്തു ദിവസം കഴിഞ്ഞു കേസ് പരിഗണിക്കും എന്നു ആദ്യം കോടതി അറിയിച്ചെങ്കിലും പിന്നീട് 27ന് പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.

ആദ്യ കുറ്റപത്രത്തിനൊപ്പം അധിക കുറ്റപത്രത്തിലുള്ള വിവരങ്ങള്‍ കൂടി ചേര്‍ത്ത ശേഷമായിരിക്കും കേസ് 27ന് വിചാരണക്കോടതി പരിഗണിക്കുക. മറ്റു പ്രതികള്‍ക്കൊപ്പം ശരത്തിനെ പ്രതി ചേര്‍ത്തു വിചാരണ നടത്തുന്നതിനാണ് പ്രോസിക്യൂഷന്‍ തീരുമാനിച്ചിരിക്കുന്നത്. ദിലീപിനെതിരെ ആരോപണവുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഉള്‍പ്പടെ 102 സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് അധിക കുറ്റപത്രം തയാറാക്കിയിട്ടുള്ളത്.

നടി കാവ്യ മാധവന്‍, മഞ്ജു വാരിയര്‍, സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടു ജോലിക്കാരന്‍ തുടങ്ങിയവരെയും കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്.

കൂടാതെ നടിയെ ആക്രമിച്ച കേസിന്റെ മുഖ്യ തെളിവായ വീഡിയോ ദൃശ്യം ദിലീപ് കണ്ടിട്ടുണ്ട് എന്നും അതിന്റെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്നും അധിക കുറ്റപത്രത്തില്‍ പറയുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.