മോസ്‌കോ: ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) നിന്ന് പിന്‍വാങ്ങുമെന്ന ഭീഷണിയുമായി റഷ്യ. സ്വന്തം ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാക്കുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും റഷ്യ വ്യക്തമാക്കി. രാജ്യത്തെ ബഹിരാകാശ ഏജന്‍സിയുടെ പുതിയ മേധാവിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2024-ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയ പദ്ധതിയില്‍ പങ്കാളിയാകില്ലെന്ന് യൂറി ബോറിസോവ് പ്രഖ്യാപിച്ചു. ഉക്രെയ്ന്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ അന്താരാഷ്ട്ര ഉപരോധങ്ങളാണ് റഷ്യയുടെ പെട്ടെന്നുള്ള പ്രഖ്യാപനത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍.
പദ്ധതിയില്‍ നിന്ന് പുറത്താകുന്നതിന് മുന്‍പ് റഷ്യ പങ്കാളികളോടുള്ള കടമകള്‍ നിറവേറ്റുമെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ യൂറി ബോറിസോവ് പറഞ്ഞു.
ഉക്രെയ്ന്‍ യുദ്ധത്തിനു പിന്നാലെ അമേരിക്ക റഷ്യന്‍ ബന്ധം കൂടുതല്‍ വഷളായപ്പോള്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ അന്നത്തെ മേധാവി റോഗോസിന്‍ ഐ.എസ്.എസിലെ സഹകരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമ്മര്‍ദ്ദ തന്ത്രമെന്നതിനപ്പുറം നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റഷ്യ.
അഞ്ച് ബഹിരാകാശ ഏജന്‍സികള്‍ ചേര്‍ന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം പരിപാലിക്കുന്നത്. നാസയ്ക്കും റോസ്‌കോസ്‌മോസിനും പുറമേ കാനഡയുടെ സി.എസ്.എയും യൂറോപ്യന്‍ രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സിയായ ഈസയും (ഋടഅ), ജപ്പാന്റെ ജാക്‌സയും പദ്ധതിയുടെ ഭാഗമാണ്. റഷ്യ നിയന്ത്രിക്കുന്ന റഷ്യന്‍ ഓര്‍ബിറ്റല്‍ സെഗ്മെന്റും അമേരിക്കയും മറ്റ് പങ്കാളി രാഷ്ട്രങ്ങളും ചേര്‍ന്ന് നിയന്ത്രിക്കുന്ന യുണൈറ്റ് സ്റ്റേറ്റ്‌സ് ഓര്‍ബിറ്റല്‍ സെഗ്മന്റും ചേര്‍ന്നതാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.
ബഹിരാകാശത്തെ ഏറ്റവും വലിപ്പമുള്ള മനുഷ്യ നിര്‍മിത വസ്തു ആണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്ക, റഷ്യ, ജപ്പാന്‍, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരുടെ സംയുക്ത സംരംഭം ആണിത്. ഈ രാജ്യങ്ങള്‍ തമ്മിലുള്ള അന്താരാഷ്ട്ര കരാറുകളുടെ അടിസ്ഥാനത്തില്‍ ആണ് നിലയം പ്രവര്‍ത്തിക്കുന്നത്. 22 വര്‍ഷമായി ബഹിരാകാശത്ത് മനുഷ്യസാന്നിധ്യമുള്ള പേടകം ആണിത്. 400 കിലോമീറ്റര്‍ അകലെയായി സദാ ഭൂമിയെ ചുറ്റുന്ന ഈ പേടകത്തില്‍ നിന്ന് റഷ്യ പിന്മാറുന്നതോടെ അവസാനിക്കുന്നത് ശീതയുദ്ധാനന്തരമുള്ള ഏറ്റവും വലിയ അമേരിക്ക - റഷ്യ സഹകരണ പദ്ധതികളില്‍ ഒന്നു കൂടിയാണ്. 1998ലാണ് ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂള്‍ വിക്ഷേപിച്ചത്. 2000 നവംബര്‍ മുതല്‍ സ്ഥിരമായി നിലയത്തില്‍ മനുഷ്യവാസമുണ്ട്.
2030 വരെ ബഹിരാകാശ നിലയം പ്രവര്‍ത്തിപ്പിക്കുമെന്നാണ് നാസ കണക്കുകൂട്ടുന്നത്. റഷ്യ പിന്മാറിയാല്‍ നാസയുടെ പദ്ധതികളെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റഷ്യ പിന്‍വാങ്ങിക്കഴിഞ്ഞാല്‍, ബഹിരാകാശ നിലയം സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നത് തുടരാന്‍ നാസ എന്തു നടപടി സ്വീകരിക്കുമെന്ന കാര്യം വ്യക്തമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.