അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്കില്‍ വലഞ്ഞ് ഇറ്റലി; ഈ വര്‍ഷമെത്തിയത് 39,285 പേര്‍

അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്കില്‍ വലഞ്ഞ് ഇറ്റലി; ഈ വര്‍ഷമെത്തിയത് 39,285 പേര്‍

റോം: ആഫ്രിക്കന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും ഇറ്റലിയിലേക്ക് കുടിയേറ്റക്കാരുടെ നയന്ത്രാതീതമായ ഒഴുക്ക് തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയും 10 വ്യത്യസ്ത ബോട്ടുകളിലായി 580 കുടിയേറ്റക്കാര്‍ ലാംപെഡൂസ ദ്വീപിന്റെ തീരത്ത് എത്തി. ഇതില്‍ ബംഗ്ലാദേശികള്‍, ആഫ്രിക്കയിലെ എറിട്രിയക്കാര്‍, ഈജിപ്തുകാര്‍ എന്നിവര്‍ ഉള്‍പ്പെടും. ഇത്തരത്തിലെത്തുന്ന കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ തെരഞ്ഞെടുത്ത ദ്വീപുകളാണ് ഇറ്റലി ഉപയോഗിക്കുന്നത്. ഇവിടെയും തിരക്ക് വര്‍ധിച്ചതോടെ മലിനമായ സാഹചര്യങ്ങളിലാണ് പലരും ജീവിതം തള്ളി നീക്കുന്നത്.

രണ്ടാഴ്ച്ച മുന്‍പ് 24 മണിക്കൂറിനുള്ളില്‍ 1,200ല്‍ അധികം അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് എത്തിയിരുന്നു. തിങ്ങി നിറഞ്ഞ ഒരു മത്സ്യബന്ധന ബോട്ടില്‍ നിന്ന് 674 പേരെ രക്ഷപ്പെടുത്തിയപ്പോള്‍ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ലിബിയയില്‍ നിന്നും ടുണീഷ്യയില്‍ നിന്നുമാണ് ബോട്ടുകള്‍ പുറപ്പെട്ടത്.

യൂറോപ്പില്‍ ആളുകള്‍ എത്തിച്ചേരുന്ന പ്രധാന തുറമുഖങ്ങളിലൊന്നാണ് ലാംപെഡൂസ. രക്ഷപ്പെടുത്തിയവരില്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, സുഡാന്‍, എത്യോപ്യ, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഉള്‍പ്പെടുന്നു.

ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഡാറ്റ അനുസരിച്ച്, ഈ വര്‍ഷം ആദ്യം ഇറ്റലിയില്‍ 39,285 അനധികൃത കുടിയേറ്റക്കാര്‍ കടല്‍ വഴി എത്തിയെന്നാണ് കണക്കുകള്‍. 2021-ല്‍ ഇതേകാലയളവില്‍ 28,453, 2020-ല്‍ 13,336 എന്നിങ്ങനെയായിരുന്നു കുടിയേറ്റക്കാരുടെ കണക്ക്. ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കുടിയേറ്റക്കാരുടെ വരവ് കുറഞ്ഞിരുന്നു, എന്നാല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇതിന് ബദലായി വന്‍ കുതിച്ചുചാട്ടം സംഭവിക്കുകയും ജൂണ്‍, ജൂലൈ മാസങ്ങളില്‍ അത് തുടരുകയും ചെയ്തു.

സെപ്റ്റംബര്‍ 25 ന് നടക്കുന്ന ഇറ്റലിയിലെ തെരഞ്ഞെടുപ്പില്‍ വര്‍ധിക്കുന്ന അനധികൃത കുടിയേറ്റം പ്രധാന വിഷയമാകും. തീവ്രവലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം ഭൂരിപക്ഷം നേടുമെന്ന് സമീപകാല സര്‍വേകള്‍ സൂചന നല്‍കുന്ന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് കുടിയേറ്റം കുത്തനെ വര്‍ധിക്കാനാണ് സാധ്യതയെന്നും കാണാം.

ജോര്‍ജിയ മെലോണിയുടെ നേതൃത്വത്തിലുള്ള ബ്രദേഴ്സ് ഓഫ് ഇറ്റലി നിയമവിരുദ്ധ കുടിയേറ്റത്തോട് കടുത്ത നിലപാടുള്ള പാര്‍ട്ടിയാണ്. കുടിയേറ്റ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടികളടക്കം പരിഷ്‌കരിക്കാന്‍ ശിപാര്‍ശ ചെയ്ത ചരിത്രവും മെലോണിക്കുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.