ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായ നാഷനല്‍ ഹെറാള്‍ഡിന്റെ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. പാര്‍ലമെന്റില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി എംപിമാരെ അഭിസംബോധന ചെയ്യവേയാണ് സോണിയ പൊട്ടിത്തെറിച്ചത്.
'നാഷനല്‍ ഹെറാള്‍ഡിന്റെ പാരമ്പര്യം നിങ്ങള്‍ക്കറിയില്ലേ? ജവാഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച പത്രമാണത്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച പത്രത്തിന്റെ ആസ്ഥാനത്താണ് ഇ.ഡി സംഘം കയറിയത്. ബ്രിട്ടിഷുകാര്‍ പോലും ചെയ്യാത്ത പ്രവൃത്തിയാണത്'-സോണിയ പറഞ്ഞു.
നാഷനല്‍ ഹെറള്‍ഡിന്റെ ആസ്ഥാനം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ മുദ്ര വച്ചിരുന്നു. തൊട്ടു പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തിനും സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വസതികള്‍ സ്ഥിതി ചെയ്യുന്ന റോഡുകള്‍ക്കും മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ നിരത്തി.
ഇതോടെ ഇരുവരെയും അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന പരന്നു. നേതാക്കളും പ്രവര്‍ത്തകരും ആസ്ഥാനത്തേക്കു കുതിച്ചെത്തി. രണ്ടര മണിക്കൂറിനു ശേഷം രാത്രി ഏഴരയോടെയാണ് ബാരിക്കേഡുകള്‍ നീക്കിയത്. കോണ്‍ഗ്രസിനെ നിശബ്ദമാക്കാന്‍ കഴിയില്ലെന്നും കേന്ദ്രത്തിന്റേത് വിനാശകാലത്തെ വിപരീത ബുദ്ധിയാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
നാഷനല്‍ ഹെറാള്‍ഡ് ആസ്ഥാനം ചൊവ്വാഴ്ച റെയ്ഡ് ചെയ്ത ഇ.ഡി സംഘം ഇന്നലെ വൈകുന്നേരമാണ് സീല്‍ ചെയ്തത്. രാഹുലിനും സോണിയയ്ക്കും ഓഹരി അവകാശമുള്ള യങ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന കമ്പനി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
പത്രത്തിന്റെ പ്രസാധകരായിരുന്ന അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ (എജെഎല്‍) ബാധ്യതകളും സ്വത്തും യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്തതില്‍ ക്രമക്കേട് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസാണ് ഇ.ഡി അന്വേഷിക്കുന്നത്.
രേഖകളും തെളിവുകളും നഷ്ടപ്പെടാതിരിക്കാനാണ് നാഷനല്‍ ഹെറാള്‍ഡ് ആസ്ഥാനം മുദ്രവച്ചതെന്ന് ഇ.ഡി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടെ, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ രാഷ്ട്രപതി ഭവനിലേക്കും പ്രധാനമന്ത്രിയുടെ വസതിയിലേക്കും നാളെ നടത്താനിരുന്ന മാര്‍ച്ചിനു പൊലീസ് അനുമതി നിഷേധിച്ചതായും കോണ്‍ഗ്രസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.