മങ്കിപ്പോക്‌സ്; അമേരിക്കയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

മങ്കിപ്പോക്‌സ്; അമേരിക്കയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: രാജ്യത്താകെ മങ്കിപ്പോക്‌സ് അനിയന്ത്രിതമായി വ്യാപിക്കുന്നതിനാല്‍ അമേരിക്കയില്‍ ദേശീയ പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ബൈഡന്‍ ഭരണകൂടം. പ്രാദേശിക തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദേശീയ തലത്തിലും സമാനമായ നീക്കം നടത്തിയത്. രോഗ വ്യാപനം തടയുന്നതിനും ബോധവത്കരണം, പ്രതിരോധം, വാക്‌സിനേഷന്‍ എന്നിവ വേഗത്തിലാക്കുന്നതിനുമാണ് നടപടി. 

സാന്‍ ഫ്രാന്‍സിസ്‌കോ, ലോസ് ഏഞ്ചല്‍സ് കൗണ്ടികളും കാലിഫോര്‍ണിയ, ഇല്ലിനോയിസ്, ന്യൂയോര്‍ക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലും നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് പ്രതിരോധത്തിന്റെ രണ്ടാംഘട്ടമെന്ന നിലയിലാണ് ദേശീയടിസ്ഥാനത്തിലുള്ള നടപടിയെന്ന് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറി സേവ്യര്‍ ബെസെറ പറഞ്ഞു. 

രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനം ആഴ്ച്ചകളായി പരിഗണനയിലുള്ളതായിരുന്നു. വാക്‌സിനും പ്രതിരോധ മരുന്നുകളും വികസിപ്പിക്കുന്നതിനും രോഗനിര്‍ണയ ക്യാമ്പുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുന്നതിനും കൂടുതല്‍ ഫണ്ട് അനുവദിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു. 

കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം, കാലിഫോര്‍ണിയയില്‍ 1,300-ലധികം കുരങ്ങുപനി കേസുകള്‍ സ്ഥിരീകരിച്ചു. ഇതില്‍ 98.3 ശതമാനവും പുരുഷന്മാരിലാണ് കണ്ടെത്തിയത്. ലോസ് ഏഞ്ചല്‍സ് കൗണ്ടിയില്‍ 478 കേസുകളും സാന്‍ഫ്രാന്‍സിസ്‌കോയില്‍ 397 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 35 ശതമാനമാണ് രോഗവ്യാപന നിരക്ക്. 

ഏപ്രിലിന് മുന്‍പ് ആഫ്രിക്കയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന വൈറസ് ബാധ ഏപ്രില്‍ 27 നും ജൂണ്‍ 24 നും ഇടയില്‍ 16 രാജ്യങ്ങളില്‍ വ്യാപിച്ചു. പിന്നീട് ഒരു മാസത്തിനുള്ളില്‍ 70 രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ മങ്കിപോക്‌സ് വ്യാപനത്തെ ലോകാരോഗ്യ സംഘടന ''അസാധാരണമായത്'' എന്ന് വിശേഷിപ്പിച്ചു. തുടര്‍ന്ന് ജൂലൈ 23 ന് ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടര്‍ന്ന് മിക്ക രാജ്യങ്ങളും ഈ പാത പിന്തുടര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.