ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി; പ്രതീക്ഷിച്ച വോട്ട് കിട്ടാതെ പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വ

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി; പ്രതീക്ഷിച്ച വോട്ട് കിട്ടാതെ പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വ

ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതി. തെരഞ്ഞെടുപ്പില്‍ 528 വോട്ട് നേടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ധന്‍കര്‍ വിജയിച്ചത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ട് ലഭിച്ചു. രാജസ്ഥാനിലെ കിതാന്‍ സ്വദേശിയാണ് ധന്‍കര്‍. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആയിരിക്കെയാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായത്.

200 വോട്ട് ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് അത് നേടാനാകാത്തത് തിരിച്ചടിയാണ്. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് മാര്‍ഗരറ്റ് ആല്‍വയ്ക്ക് കിട്ടേണ്ടിയിരുന്ന പല വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ലഭിച്ചെന്നാണ് സൂചന. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതും പ്രതിപക്ഷത്തിന് തിരിച്ചടിയായി.

പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയായിരുന്നു വോട്ടെടുപ്പ്. 725 എംപിമാര്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. ബിജെപിയുടെ സണ്ണി ഡിയോള്‍, സഞ്ജയ് ധേ്രോത എന്നിവര്‍ വോട്ട് ചെയ്തില്ല. അനാരോഗ്യം കാരണമാണ് ഇവര്‍ വിട്ടുനിന്നത് എന്നാണ് പാര്‍ട്ടി വിശദീകരണം. പതിനഞ്ച് വോട്ടുകള്‍ അസാധുവായി.

തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന പാര്‍ട്ടി നിര്‍ദേശം മറികടന്ന് രണ്ട് ടിഎംസി എംപിമാര്‍ വോട്ട് ചെയ്തു. സിസിര്‍ അധികാരി, ദിബ്യേന്തു അധികാരി എന്നിവരാണ് വോട്ട് ചെയ്തത്. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തേക്കുമെന്ന് സൂചനയുണ്ട്.

രാജസ്ഥാനില്‍ അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അവിടെ നിന്നുള്ള പ്രമുഖ നേതാവിനെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിച്ചതെന്ന് ശ്രദ്ധേയമാണ്. ബംഗാളില്‍ ഗവര്‍ണറായിരിക്കെ മമത ബാനര്‍ജിയുമായി നിരന്തര ഏറ്റുമുട്ടല്‍ നടത്തിയ വ്യക്തിയാണ് ധന്‍കര്‍. എന്നാല്‍ മമതയുായി അവസാന നിമിഷം അദ്ദേഹം അനുനയത്തിലെത്തുന്നതും കണ്ടു.

രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ച ധന്‍കറിനെ 2019 ലാണ് കേന്ദ്ര സര്‍ക്കാര്‍ ബംഗാള്‍ ഗവര്‍ണറാക്കിയത്. ഈ സ്ഥാനത്ത് നിന്നാണ് അദ്ദേഹം ഇപ്പോള്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.