ഓസ്‌ട്രേലിയയില്‍ ക്രൈസ്തവരുടെ എണ്ണം കുറയുന്നത് എന്തുകൊണ്ട്? കാരണങ്ങള്‍ നിരത്തി വെബ്ബിനാര്‍

ഓസ്‌ട്രേലിയയില്‍ ക്രൈസ്തവരുടെ എണ്ണം കുറയുന്നത് എന്തുകൊണ്ട്? കാരണങ്ങള്‍ നിരത്തി വെബ്ബിനാര്‍

സിഡ്നി: ഓസ്ട്രേലിയയില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ അസാധാരണമായ ഇടിവുണ്ടായതിന്റെ കാരണങ്ങളിലേക്കു വെളിച്ചം വീശുന്ന സെമിനാര്‍ ശ്രദ്ധേയമായി. നാഷണല്‍ സെന്റര്‍ ഫോര്‍ പാസ്റ്ററല്‍ റിസര്‍ച്ച്, ക്രിസ്ത്യന്‍ റിസര്‍ച്ച് ഓസ്ട്രേലിയ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു വെബിനാര്‍ സംഘടിപ്പിച്ചത്.

അടുത്തിടെ പുറത്തുവന്ന, 2021 ലെ ഓസ്‌ട്രേലിയന്‍ സെന്‍സസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വെബിനാര്‍ നടത്തിയത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് അഞ്ചു വര്‍ഷത്തിനിടെ ഏഴ് ശതമാനത്തോളം ക്രൈസ്തവര്‍ കുറഞ്ഞതായാണ് കണക്കുകള്‍. അതേസമയം മതമില്ലാത്തവരുടെ എണ്ണത്തില്‍ 10 ശതമാനവും വര്‍ധനയുണ്ടായി. ആശങ്കപ്പെടുത്തുന്ന ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍, ക്രിസ്ത്യന്‍ റിസര്‍ച്ച് ഓസ്ട്രേലിയ മുന്‍ ഡയറക്ടര്‍ പ്രൊഫ. ഫിലിപ്പ് ഹ്യൂസാണ് സെമിനാര്‍ നയിച്ചത്.

അടുത്ത കാലത്തായി ഓസ്‌ട്രേലിയയില്‍ മതപരമായുണ്ടായ പുതിയ പ്രവണതകള്‍ സെമിനാറില്‍ ചര്‍ച്ചയായി. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ അസാധാരണമായ കുറവുണ്ടായതായി സെന്‍സസില്‍ കാണാം. സിഡ്നി നഗരത്തില്‍ ക്രൈസ്തവരുടെ എണ്ണം 10.1 ശതമാനവും പെര്‍ത്ത് നഗരത്തില്‍ 11.4 ശതമാനവുമാണ് കുറഞ്ഞത്. അതേസമയം സിഡ്‌നി നഗരം ഉള്‍ക്കൊള്ളുന്ന ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ 18.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ പ്രാദേശിക മേഖലകളിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത്. 32.7 ശതമാനം.

തലസ്ഥാന നഗരങ്ങളേക്കാള്‍ വളരെ വേഗത്തിലാണ് പ്രാദേശിക മേഖലകളില്‍ വിശ്വാസികളുടെ എണ്ണം കുറയുന്നത്. ഈ പ്രവണതയില്‍ കടുത്ത ആശങ്കയാണ് സെമിനാറില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിച്ചത്.



2016-ലെ സെന്‍സസ് കാലയളവ് മുതല്‍ ഓസ്ട്രേലിയയില്‍ ഏകദേശം 2,30,000 ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ എത്തിയിട്ടുണ്ട്. അവരില്‍ മൂന്നില്‍ രണ്ടും കത്തോലിക്ക വിഭാഗത്തിലുള്ളവരാണ്. അതായത് 151,000 പേര്‍.

അതേസമയം ഇതേ കാലളവില്‍ 20,000 പേരാണ് ആംഗ്ലിക്കന്‍ കുടിയേറ്റക്കാരായി എത്തിയിട്ടുള്ളത്. ഹിന്ദുമത വിശ്വാസികളായ 210,500 പേരും 126,000 മുസ്ലീങ്ങളും ഓസ്‌ട്രേലിയയിലെത്തി.



ഈ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും താമസത്തിനായി തലസ്ഥാന നഗരങ്ങളില്‍ കേന്ദ്രീകരിക്കുന്നു. ഇത് രാജ്യത്തിന്റെ പ്രാദേശിക മേഖലകളില്‍ ക്രൈസ്തവരുടെ എണ്ണം കുത്തനെ കുറയാന്‍ കാരണമായി.

ഓസ്ട്രേലിയയുടെ ചരിത്രം പരിശോധിച്ചാല്‍ 2011 വരെ കത്തോലിക്കരുടെ ആകെ എണ്ണം കൂടുകയാണ് ചെയ്തിരുന്നത്. 1911-ലെ ഒരു ദശലക്ഷം എന്ന കണക്കില്‍നിന്ന് 2011-ല്‍ 5.4 ദശലക്ഷമായി ഉയര്‍ന്നു.

2011 മുതലാണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ തുടങ്ങിയത്. 300,000 കത്തോലിക്കര്‍ തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ചതായി സെന്‍സസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ക്രിസ്ത്യന്‍ പള്ളികളിലെ അംഗത്വത്തിന്റെ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. അംഗങ്ങളില്‍ കൂടുതല്‍ പേരും പ്രായമായവരാണ്. ചെറുപ്പക്കാര്‍ അംഗത്വമെടുക്കുന്നത് മുന്‍ കാലങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് സെന്‍സസ് വ്യക്തമാക്കുന്നു.

15 വയസിന് താഴെയുള്ള ക്രൈസ്തവരുടെ എണ്ണം 15 ശതമാനമായി കുറഞ്ഞു. 2016-ല്‍ ഇത് 17.7 ശതമാനമായിരുന്നു. അതേസമയം 65 വയസിനു മുകളിലുള്ള വിശ്വാസികളുടെ എണ്ണം 25 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

സഭകള്‍ക്ക് പ്രായമേറുന്നതായി പ്രൊഫസര്‍ ഹ്യൂസ് പറയുന്നു. പള്ളികളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനുള്ള സമ്മര്‍ദ്ദം കുറവായതിനാല്‍ യുവതലമുറ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുകയും 'മതമില്ലാത്തവര്‍' എന്ന അവസ്ഥയിലേക്കു മാറുകയും ചെയ്യുന്നു. അവര്‍ തങ്ങളുടെ കുട്ടികളെയും സ്‌നാനപ്പെടുത്താന്‍ വിസമ്മതിക്കുന്നു. അതുമൂലം ക്രിസ്ത്യാനികളാകുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു. ഇത് സംസ്‌കാരികമായുണ്ടായ വലിയ മാറ്റത്തിന്റെ ഭാഗമാണെന്നു പ്രൊഫസര്‍ ഹ്യൂസ് പറയുന്നു.

വിവിധ പ്രായക്കാര്‍ക്കിടയില്‍ മതപരമായ പ്രവണതകളില്‍ വലിയ അന്തരമുണ്ടാകുന്നതായും വെബ്ബിനാര്‍ വിലയിരുത്തി.

കുടുംബത്തോടുള്ള കടമ നിര്‍വഹിക്കുന്നതിനേക്കാള്‍ കൂടുതല്‍, വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും ആസക്തികള്‍ക്കും മുന്‍ഗണന നല്‍കിയാണ് പല ഓസ്ട്രേലിയക്കാരും സഭ വിടുന്നതെന്ന്
പ്രൊഫസര്‍ ഹ്യൂസ് നിരീക്ഷിച്ചു.

അതേസമയം ഓസ്‌ട്രേലിയയിലെ ക്രൈസ്തവ സംബന്ധമായ ഗവേഷണങ്ങള്‍ നടത്തുന്ന എന്‍.സി.എല്‍.എസ് ഇതില്‍ ചില വാദങ്ങളെ ഖണ്ഡിക്കുന്ന ഒരു റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടുണ്ട്.

ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ 18-34 വയസിനിടയിലുള്ള ചെറുപ്പക്കാര്‍ അവരുടെ മുത്തശ്ശിമാരേക്കാള്‍ കൂടുതല്‍ പള്ളിയില്‍ പോകാറുണ്ടെന്ന് കണ്ടെത്തി. 15 ശതമാനം ചെറുപ്പക്കാര്‍ പ്രതിമാസം മൂന്ന് തവണ വരെ ശുശ്രൂകളില്‍ പങ്കെടുക്കുന്നു.

യുവാക്കള്‍ക്കിടയില്‍ മതബോധം കുറഞ്ഞിട്ടുണ്ടെന്ന സെന്‍സസ് റിപ്പോര്‍ട്ടിനെ ഈ കണക്കുകള്‍ ഖണ്ഡിക്കുന്നു. അതേസമയം ഇത്തരം വ്യത്യസ്തമായ ഡാറ്റകള്‍ സമന്വയിപ്പിക്കുന്നത് സങ്കീര്‍ണമായ പ്രശ്‌നമാണെന്ന് എന്‍സിഎല്‍എസ് റിസര്‍ച്ചിലെ ഡോ. റൂത്ത് പവല്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.